കോവിഡ് കൂടുതൽ രൂക്ഷമാണ്, റംസാൻ ആഘോഷങ്ങൾ കുടുംബത്തിൽ മാത്രമാകണം‌: മുഖ്യമന്ത്രി 

 വ്രതകാലത്ത് കാണിച്ച കരുതൽ പെരുന്നാൾ ദിനത്തിലും കാത്തുസൂക്ഷിക്കണം
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on
1 min read

തിരുവനന്തപുരം: നാളത്തെ റംസാൻ ആഘോഷങ്ങൾ തന്നെ നിർവഹിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വ്രതകാലത്ത് കാണിച്ച കരുതൽ പെരുന്നാൾ ദിനത്തിലും കാത്തുസൂക്ഷിക്കാൻ എല്ലാവരും തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു. പെരുന്നാളിനോട് അനുബന്ധിച്ച് ഇറച്ചിക്കടകൾക്ക് രാത്രി 10 മണിവരെ പ്രവർത്തിക്കാനുളള അനുമതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഹോം ഡെലിവറി നടത്താനുളള അനുവാദമാണ് നൽകിയിരിക്കുന്നത്. കോവിഡ് അവലോകന യോ​ഗത്തിന് ശേഷമുള്ള വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 

മാനവികതയുടെയും ഒരുമയുടെയും സഹാനുഭൂതിയുടെയും ദാനകർമങ്ങളുടെയും ഏറ്റവും ഉത്കൃഷ്മായ സന്ദേശമാണ്  റംസാനും ഈദുൽഫിത്തറും മുന്നോട്ട് വെക്കുന്നത്. മഹാമാരിക്ക് മുന്നിൽ ലോകം മുട്ടുമടക്കാതെ ഒരുമയോടെ പൊരുതുമ്പോൾ അതിജീവനത്തിന്റെ ഉൾക്കരുത്ത് നേടാൻ വിശുദ്ധമാസം വിശ്വാസ ലോകത്തിന് കരുത്ത് പകർന്നു. ഒത്തുചേരലുകളും സന്തോഷം പങ്കുവെക്കലുകളും ഏതൊരു ആഘോഷവേളകളെയും പോലെ പെരുന്നാളിനും പ്രധാനമാണ്. എന്നാൽ കൂട്ടംചേരലുകൾ നമ്മെ അപകടത്തിലാക്കുന്ന കാലത്ത് ആഘോഷങ്ങൾ കുടുംബത്തിൽ തന്നെയാകണം. പെരുന്നാൾ നമസ്‌കാരം വീടുകളിൽ തന്നെ നിർവഹിച്ച് വ്രതകാലത്ത് കാണിച്ച കരുതൽ പെരുന്നാൾ ദിനത്തിലും കാത്തുസൂക്ഷിക്കാൻ എല്ലാവരും തയ്യാറാകണം.  റംസാൻ മാസക്കാലത്ത് കോവിഡ് നിയന്ത്രണങ്ങൾ പൂർണമായും പാലിച്ചുകൊണ്ടുളള വ്രതാനുഷ്ഠാനങ്ങളും പ്രാർഥനകളുമാണ് നടന്നത്. അതിൽ സഹകരിച്ച മുഴുവൻ സഹോദരങ്ങളെയും അഭിവാദ്യം ചെയ്യുന്നു, മുഖ്യമന്ത്രി പറഞ്ഞു. 

കഴിഞ്ഞ വർഷവും കോവിഡ് കാലത്തായിരുന്നു റംസാൻ. ഈ ദിനത്തിലും വീടുകളിൽ ഇരുന്ന് പ്രാർഥന നടത്തി കോവിഡ് പ്രതിരോധത്തോട് സഹകരിച്ച മാതൃകാപരമായ അനുഭവമാണ് ഉണ്ടായത്. ഇത്തവണ കോവിഡ് സാഹചര്യം കൂടുതൽ രൂക്ഷമാണ്. അതുകൊണ്ട് ഈദ് ദിന പ്രാർഥന വീട്ടിൽ നടത്തുന്നത് ഉൾപ്പടെയുളള സ്വയം നിയന്ത്രണങ്ങൾ പാലിക്കാൻ എല്ലാവരും തയ്യാറാവണം. ചെറിയ പെരുന്നാളിനോട് അനുബന്ധിച്ചുളള പ്രാർഥനകൾ വീടുകളിൽ തന്നെ നടത്താൻ തീരുമാനിച്ച സഹോദരങ്ങളോട് പ്രത്യേകം നന്ദി അറിയിക്കുന്നു. വ്രതാനുഷ്ഠാനത്തിലൂടെ ആർജിച്ച സ്വയം നവീകരണം മുമ്പോട്ടുളള ജീവിതത്തിലും കുടുംബത്തിനും സമൂഹത്തിനും ഒരുപോലെ പ്രയോജനപ്പെടുന്നതാണെന്നും അപ്പോഴാണ് അതിന്റെ മഹത്വം കൂടുതൽ പ്രകാശിക്കുകയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. എല്ലാവർക്കും മുഖ്യമന്ത്രി ചെറിയ പെരുന്നാൾ ആശംസകൾ നേർന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com