ബിജെപിക്കാരനെന്ന് വിളിച്ചപ്പോള്‍ കോണ്‍ഗ്രസുകാര്‍ പോലും പ്രതിരോധിച്ചില്ല ; പരിഭവം പറഞ്ഞ് ചെന്നിത്തല

പിണറായി വിജയന്‍ കേരളം കണ്ട ഏറ്റവും അഴിമതിക്കാരനായ മുഖ്യമന്ത്രിയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു
രമേശ് ചെന്നിത്തല പ്രസംഗിക്കുന്നു / ടെലിവിഷന്‍ ചിത്രം
രമേശ് ചെന്നിത്തല പ്രസംഗിക്കുന്നു / ടെലിവിഷന്‍ ചിത്രം
Updated on: 
1 min read

തിരുവനന്തപുരം : മുന്നില്‍ വന്ന് പുകഴ്ത്തുകയും ചിരിക്കുകയും ചെയ്യുന്ന എല്ലാവരും സ്‌നേഹിതരല്ലെന്ന് തിരിച്ചറിഞ്ഞുവെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കെപിസിസി പ്രസിഡന്റ് കെ സുധാകരനും ഇത് പാഠമാകേണ്ടതാണ്. തന്നെ സിപിഎം ബിജെപിക്കാരനെന്ന് വിമര്‍ശിച്ചപ്പോള്‍ കോണ്‍ഗ്രസില്‍ നിന്നും പ്രതിരോധമുണ്ടായില്ല. എതിരാളികള്‍ കോണ്‍ഗ്രസുകാര്‍ തന്നെയാണ്. ഇക്കാര്യം സുധാകരന്‍ മനസ്സിലാക്കണമെന്നും ചെന്നിത്തല പറഞ്ഞു. കെ സുധാകരന്റെ സ്ഥാനാരോഹണ ചടങ്ങിലാണ് ചെന്നിത്തല കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വിമര്‍ശിച്ചത്. 

കേരളത്തിലെ കോണ്‍ഗ്രസിനെ ഇല്ലായ്മ ചെയ്യാന്‍ കള്ളക്കഥ മെനയുന്നു. കെ സുധാകരന്‍ കെപിസിസി പ്രസിഡന്റ് ആയി ചുമതലയേല്‍ക്കാന്‍ പോകുമ്പോള്‍ അദ്ദേഹത്തിനെതിരെ രംഗത്തെത്തുന്നു. സുധാകരന്‍ ബിജെപിക്കാരനാണെന്നും, ബിജെപിയുടെ വാലാണെന്നും സിപിഎം നേതാക്കള്‍ ആരോപിക്കുന്നു. ഇതിനെതിരെ താന്‍ പ്രസ്താവന നടത്തി. 

തനിക്കെതിരെ സിപിഎം ഇത്തരം പ്രസ്താവന നടത്തിയപ്പോള്‍ പാര്‍ട്ടിയില്‍ നിന്നും ആരും പ്രതികരിക്കാതിരുന്നതിന്റെ വേദന അറിയാവുന്നതുകൊണ്ടാണ് താന്‍ പ്രതികരിച്ചത്. അതായിരിക്കണം നമ്മുടെ വികാരം. നമ്മുടെ ശത്രു നമ്മള്‍ തന്നെയാണെന്ന് ഓര്‍ക്കണം. നമ്മെ പരാജയപ്പെടുത്താന്‍ നമുക്ക് മാത്രമേ കഴിയൂ. നമുക്കെതിരെ എതിരാളികള്‍ ആയുധങ്ങള്‍ പ്രയോഗിക്കുമ്പോള്‍ ആ പക്ഷത്തുചേര്‍ന്നുകൊണ്ട് നമ്മുടെ ആളുകള്‍ പ്രവര്‍ത്തിക്കുമ്പോഴാണ് നമ്മള്‍ നിസ്സഹായരായിപോകുന്നത്, തളര്‍ന്നു പോകുന്നത് എന്ന് ചെന്നിത്തല പറഞ്ഞു. 

പിണറായി വിജയന്‍ കേരളം കണ്ട ഏറ്റവും അഴിമതിക്കാരനായ മുഖ്യമന്ത്രിയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. ഇടതു സര്‍ക്കാരിന്റെ നിരവധി അഴിമതികളാണ് യുഡിഎഫ് പുറത്തുകൊണ്ടുവന്നത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ അവസാനത്തെ കൊള്ളയുടെ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. പിണറായി വിജയന്‍ അറിയാതെ, കാനം രാജേന്ദ്രന്‍ അറിയാതെ കോടികളുടെ ഈ വനം കൊള്ള നടക്കുമോ എന്ന് ചെന്നിത്തല ചോദിച്ചു. കോവിഡ് മഹാമാരി നല്‍കിയ ദാനമാണ് ഇടതുമുന്നണിയുടെ തുടര്‍ഭരണമെന്നും ചെന്നിത്തല പറഞ്ഞു. 

അടുത്ത അഞ്ചുവര്‍ഷം കഠിനപ്രയത്‌നം ചെയ്താല്‍ മാത്രമേ കോണ്‍ഗ്രസിന്റെ കരുത്ത് വീണ്ടെടുക്കാന്‍ കഴിയൂ എന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞു. കോണ്‍ഗ്രസ് തകരേണ്ട പാര്‍ട്ടിയല്ല. ഈ രാജ്യം നിലനില്‍ക്കുന്നതു തന്നെ കോണ്‍ഗ്രസ് ഉണ്ടാക്കിവെച്ച രാഷ്ട്രീയ മൂല്യങ്ങളുടെ അടിത്തറയ്ക്ക് മുകളിലാണെന്ന് കെ സുധാകരന്‍ പറഞ്ഞു. 

പാര്‍ട്ടിയെ പുനര്‍ജീവനം നടത്തി എത്രമാത്രം ശക്തിമത്താക്കാനാകും എന്നതില്‍ മനസ്സില്‍ ഒരാശങ്ക ഇല്ലാതില്ല. എന്നാല്‍ കോണ്‍ഗ്രസിലെ നേതാക്കന്മാര്‍ ഒത്തുപിടിച്ചാല്‍ ജനം പ്രതീക്ഷിക്കുന്ന റിസള്‍ട്ട് ഉണ്ടാക്കാനാകുമെന്ന പ്രതീക്ഷ ഉണ്ടെന്നും കെ സുധാകരന്‍ പറഞ്ഞു. ഇന്ത്യയില്‍ കോണ്‍ഗ്രസ് തകര്‍ന്നു എന്ന വാദം ശരിയല്ലെന്നും സുധാകരന്‍ പറഞ്ഞു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com