

കൊച്ചി: ഷാഫി പറമ്പില്‍- രാജ്മോഹന്‍ ഉണ്ണിത്താന് തര്‍ക്കങ്ങള്‍ക്കിടെ ഷാഫിയെ പിന്തുണച്ച് രമേഷ് പിഷാരടി എംഎല്‍എ. പദവികളേക്കാള്‍ ഷാഫി പ്രസ്ഥാനത്തെയാണ് സ്നേഹിച്ചതെന്നും നിയമസഭാതെരഞ്ഞെടുപ്പില്‍ ഷാഫിയുടെ ശബ്ദം കേള്‍ക്കാത്ത ഒറ്റനിയമസഭാമണ്ഡലം പോലും കേരളത്തിലുണ്ടായിരുന്നില്ലെന്നും രമേഷ് പിഷാരടി ഫെയ്സ്ബുക്കില്‍ കുറിച്ചു.
'വിദ്യാര്‍ഥി രാഷ്ട്രീയത്തില്‍ തുടങ്ങിയ ജീവിതമാണ് ഷാഫിയുടേത്. ഇടതുപക്ഷത്തിന് അനുകൂലമായി മാത്രം കാറ്റുവീശിക്കൊണ്ടിരുന്ന പാലക്കാട് പോലൊരു ജില്ലയില്‍, അവിടത്തെ ചുട്ടുപൊള്ളുന്ന മണ്ണില്‍,വരണ്ടുണങ്ങിയ സംഘടനാസംവിധാനങ്ങളില് നിന്ന് നേതൃനിരയിലേക്ക് ഉയര്‍ന്നുവന്ന ചെറുപ്പക്കാരന്. പാലക്കാട് നിയമസഭാമണ്ഡലത്തെ കോണ്‍ഗ്രസ്സിന്റെ ഉറച്ചസീറ്റുകളുടെ പട്ടികയിലേക്ക് എഴുതിച്ചേര്ത്തതിനുള്ള മുഴുവന്‍ ക്രെഡിറ്റും പലതിരഞ്ഞെടുപ്പുകള് പാര്‍ട്ടിക്കുവേണ്ടി പോരാടിജയിച്ച ഷാഫിക്ക് മാത്രമുള്ളതാണ്. പദവികളേക്കാള്‍ ഷാഫി പ്രസ്ഥാനത്തെയാണ് സ്നേഹിച്ചതെന്നും അന്ന് വടകരയിലേക്ക് പോകാതിരുന്നെങ്കില്‍ ഇന്ന് ഷാഫി പറമ്പില്‍ കേരളത്തിലെ മന്ത്രിയാകുമായിരുന്നുവെന്നും രമേശഷ് പിഷാരടി കുറിച്ചു.
രമേശഷ് പിഷാരടിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്
ഗ്രൂപ്പുരാഷ്ട്രീയത്തിന്റെ ചക്രങ്ങളില്‍ മുന്നോട്ടുപോകുന്ന പാര്‍ട്ടിയാണ് എന്നും കോണ്‍ഗ്രസ്. വേറിട്ടുനില്കുമ്പോള് തന്നെ എപ്പോഴും അത് പ്രസ്ഥാനത്തെ ചലിപ്പിക്കുന്നു . രണ്ടിലധികം ഗ്രൂപ്പുകള്‍ എല്ലാക്കാലത്തും പാര്‍ട്ടിയിലുണ്ട് . വ്യത്യസ്ത അഭിപ്രായങ്ങള്‍ക്ക് ഇടംകൊടുത്തുകൊണ്ടുതന്നെ ഒരുലക്ഷ്യത്തിലേക്ക് ഒരുമിച്ച് സഞ്ചരിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കുന്നു. ഒരു വാഹനത്തിന്റെ തന്നെ വിവിധ ചക്രങ്ങളെപോലെ.
ഏതെങ്കിലും ഒരു ഇംഗ്ലീഷ് അക്ഷരത്തിന്റെയോ നേതാവിന്റെ പേരിന്റെയോ ബ്രാക്കറ്റുകളില്‍ തളച്ചിടാനാകില്ല അതിനെ. അതാണതിന്റെ സൗന്ദര്യശാസ്ത്രവും ഊര്‍ജതന്ത്രവും.
ഗ്രൂപ്പ് രാഷ്ട്രീയം പരിധിവിട്ട ചിലകാലങ്ങളില്‍ കേരളത്തിന്റെ ജനങ്ങള്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്തി താത്കാലികശിക്ഷ നല്കി. അല്ലാത്തപ്പോഴൊക്കെ അതിന്റെ പതിവുരീതിയായ അനേകം ശബ്ദങ്ങളെ അംഗീകരിച്ചുകൊണ്ടുതന്നെ ചേര്‍ത്തുപിടിച്ചു.
എന്നാല്‍ ഇത്തവണ ഇത്തവണ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനെ നേരിട്ടതും മുന്നേറിയതും
വ്യത്യസ്തമായ നേതൃമുഖങ്ങളെ മുന്നില്‍ അണിനിരത്തിയായിരുന്നു....ലക്ഷ്യം ഒന്നായിരുന്നു.
ഗ്രൂപ്പിനപ്പുറം ഓരോ പ്രവര്‍ത്തകനും സ്വപ്നം കണ്ട ലക്ഷ്യം
അതുകണ്ടറിഞ്ഞ കേരളം, 102 സീറ്റ് എന്ന ചരിത്രഭൂരിപക്ഷം നല്കി കോണ്‍ഗ്രസിനെ പത്തുവര്‍ഷത്തിനുശേഷം അധികാരത്തിലേക്ക് തിരികെക്കൊണ്ടുവന്നു.
പക്ഷേ, ആറുമാസമായപ്പോഴേക്കും ഉയരുന്ന അഭിപ്രായപ്രകടനങ്ങള്‍ നല്കുന്ന അപായസൂചന കണ്ടില്ലെന്ന് നടിക്കരുത്. വ്യക്തിപരമായ അധിക്ഷേപത്തിലേക്കും അള്ളുവയ്ക്കലിലേക്കും അത് നീങ്ങിയാല്‍ പാര്‍ട്ടിക്ക് ഗുണകരമല്ല. വാഹനം പഞ്ചറാകാന്‍ അതുധാരാളം. ഹൈക്കമാന്‍ഡും എഐസിസി ജനറല്‍ സെക്രട്ടറിയും ആയ ശ്രീ കെ.സി വേണുഗോപാല്‍, യു.ഡി.എഫ് ചെയര്മാന് കൂടിയായ മുഖ്യമന്ത്രി ശ്രീ വി.ഡി.സതീശന്, മുതിര്‍ന്ന നേതാക്കളായ ശ്രീ രമേശ് ചെന്നിത്തല,ശ്രീ സണ്ണി ജോസഫ്,ശ്രീ കെ.മുരളീധരന് തുടങ്ങിയവരും ഇടപെട്ട് കാര്യങ്ങള്‍ പരിധിവിട്ടുപോകാതെ നിയന്ത്രിക്കണം എന്നാണ് കാലങ്ങളായി ഈ പ്രസ്ഥാനത്തിനൊപ്പം നടക്കുന്നയാള് എന്ന നിലയില്‍ പറയാനുള്ളത്.
ഇനി ഷാഫി പറമ്പലിനെക്കുറിച്ചുകൂടി. വിദ്യാര്‍ഥി രാഷ്ട്രീയത്തില്‍ തുടങ്ങിയ ജീവിതമാണ് ഷാഫിയുടേത്. ഇടതുപക്ഷത്തിന് അനുകൂലമായി മാത്രം കാറ്റുവീശിക്കൊണ്ടിരുന്ന പാലക്കാട് പോലൊരു ജില്ലയില്‍, അവിടത്തെ ചുട്ടുപൊള്ളുന്ന മണ്ണില്‍,വരണ്ടുണങ്ങിയ സംഘടനാസംവിധാനങ്ങളില് നിന്ന് നേതൃനിരയിലേക്ക് ഉയര്‍ന്നുവന്ന ചെറുപ്പക്കാരന്. പാലക്കാട് നിയമസഭാമണ്ഡലത്തെ കോണ്‍ഗ്രസ്സിന്റെ ഉറച്ചസീറ്റുകളുടെ പട്ടികയിലേക്ക് എഴുതിച്ചേര്ത്തതിനുള്ള മുഴുവന്‍ ക്രെഡിറ്റും പലതിരഞ്ഞെടുപ്പുകള് പാര്‍ട്ടിക്കുവേണ്ടി പോരാടിജയിച്ച ഷാഫിക്ക് മാത്രമുള്ളതാണ്. ഇ.ശ്രീധരനെപ്പോലെ രാജ്യംമുഴുവന്‍ അംഗീകരിച്ചൊരാള് ഉയര്‍ത്തിയ വെല്ലുവിളി പോലും അതിജീവിക്കാനായത് ഷാഫിയുടെ വേരുകള്‍ പാലക്കാടിന്റെ ഹൃദയങ്ങളിലേക്ക് പടര്ന്നിറങ്ങിയതുകൊണ്ടുമാത്രമാണ്.
പാലക്കാട് ഷാഫിക്ക് വെറുമൊരു പ്രവര്‍ത്തനമണ്ഡലം മാത്രമായിരുന്നില്ല. സ്വന്തം കുഞ്ഞിനെപ്പോലെയായിരുന്നു അവിടം. ഇന്ത്യസംഖ്യത്തിന് ഓരോ സീറ്റും നിര്‍ണായകമായിരുന്ന കഴിഞ്ഞ ലോക്സഭാതിരഞ്ഞെടുപ്പില്‍ വടകരയില്‍ നിന്ന് മുരളിയേട്ടന് തൃശ്ശൂരിലേക്ക് മാറിയപ്പോള്‍
ഷാഫിയല്ലാതെ മറ്റൊരാളില്ലായിരുന്നു കോണ്‍ഗ്രസിന് ആ ചുവപ്പുകോട്ടയിലേക്ക് അയയ്ക്കാന്‍. പാലക്കാടെന്ന പ്രിയപ്പെട്ട നാടിനെയും അവിടത്തെ ജനങ്ങളെയും പിരിയുന്നതിന്റെ നീറ്റലില്‍ അക്ഷരാര്‍ഥത്തില്‍ നിറകണ്ണുകളോടെയാണ് ഷാഫി ആ രാത്രിയില്‍ വടകരയ്ക്ക് തീവണ്ടികയറിയത്. പാര്‍ട്ടിക്കുവേണ്ടി,പാര്ട്ടിപറയുന്നതെല്ലാം ചെയ്തുമാത്രമായിരുന്നു ഷാഫിക്ക് ശീലം. അതൊരു പൊലീസ് സ്റ്റേഷന് ഉപരോധമാകട്ടെ,പാര്‍ലമെന്റ് തെരഞ്ഞെടുപ്പാകട്ടെ...ഒരേ ആത്മാര്‍ഥതയോടെ ഷാഫി പ്രവര്‍ത്തിച്ചു. ആ ആത്മാര്‍ഥതയ്ക്കാണ് വടകര വോട്ടുകുത്തിയതും ചരിത്രഭൂരിപക്ഷം നല്കിയതും. അന്ന് വടകരയിലേക്ക് പോകാതിരുന്നെങ്കില്‍ ഇന്ന് ഷാഫി പറമ്പില്‍ കേരളത്തിലെ മന്ത്രിയാകുമായിരുന്നു. പക്ഷേ പദവികളേക്കാള്‍ ഷാഫി പ്രസ്ഥാനത്തെയാണ് സ്നേഹിച്ചത്.
അതുപോലെ ഇത്തവണത്തെ നിയമസഭാതെരഞ്ഞെടുപ്പില്‍ ഷാഫിയുടെ ശബ്ദം കേള്‍ക്കാത്ത ഒറ്റനിയമസഭാമണ്ഡലം പോലും കേരളത്തിലുണ്ടായിരുന്നില്ല. ആദരണീയ നേതാക്കളായ കെ.സി.വേണുഗോപാല്‍, വി.ഡി.സതീശന്,രമേശ് ചെന്നിത്തല എന്നിവരായിരുന്നു പ്രചാരണത്തിന്റെ മുന്‍നിരയില്‍. ഇവരെപ്പോലെ തന്നെ 140 മണ്ഡലങ്ങളിലുമെത്തി കോണ്‍ഗ്രസിന്റെ മുഖവും മുഴക്കവുമായത് ഷാഫിയായിരുന്നു. എല്ലാദിവസവും അതിരാവിലെ മുതല്‍ അര്‍ധരാത്രിവരെ നീളുന്ന പ്രചാരണത്തില്‍ ആള്‍ക്കൂട്ടങ്ങളുടെ അലമാലകളെയാണ് ഷാഫി ഒപ്പംകൂട്ടിയത്. എല്ലാ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്കും അവരുടെ മണ്ഡലത്തിലേക്ക് ഷാഫിയെ വേണമായിരുന്നു. അതായിരുന്നു കഴിഞ്ഞതിരഞ്ഞെടുപ്പില്‍ ഷാഫി സൃഷ്ടിച്ച പാന്‍-കേരള സ്വാധീനവലയം. 'ക്രൗഡ് പുള്ളര്‍' എന്ന വിശേഷണത്തില്‍ മാത്രം ഒതുക്കാനാകില്ല ഷാഫിയുടെ നേതൃമികവിനെ. അതിനുപിന്നില്‍ ആ ചെറുപ്പക്കാരന്റെ അത്യധ്വാനത്തിന്റെ വിലകൂടിയുണ്ട്. ഇതൊന്നും കാണാതിരുന്നുകൂടാ. വിമര്‍ശനങ്ങളാകാം. ആരോപണ പ്രത്യരോപണങ്ങള്‍ ആകാം ; അതുപക്ഷേ പരിധിവിടുന്നത് പാര്‍ട്ടിക്ക് ഗുണകരമല്ല. പ്രത്യേകിച്ച് കേരളജനത നല്കിയ 102 എന്ന സംഖ്യയുടെ മൂല്യം മുന്നിലുള്ളപ്പോള്‍. ആ സംഖ്യ അംഗീകാരത്തിനൊപ്പം അപായസൈറണ്കൂടിയാണ് എന്നുകൂടി പ്രസ്ഥാനത്തെ സ്നേഹിക്കുന്ന എല്ലാവരും ഓര്‍ക്കണം
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates