

തിരുവനന്തപുരം: സംസ്ഥാനത്തെ നിയുക്ത പൊലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍ കേരളത്തിലെത്തി. തിരുവനന്തപുരത്ത് എത്തിയ റവാഡ ചന്ദ്രശേഖറെ എഡിജിപി എം ആര്‍ അജിത് കുമാര്‍, സിറ്റി പൊലീസ് കമ്മീഷണര്‍ തോംസണ്‍ ജോസ്, എഐജി ജി പൂങ്കുഴലി എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. രാവിലെ ഏഴുമണിക്ക് പൊലീസ് ആസ്ഥാനത്തു നടക്കുന്ന ചടങ്ങില്‍ റവാഡ ചന്ദ്രശേഖര്‍ പൊലീസ് മേധാവിയായി ചുമതലയേല്‍ക്കും.
പൊലീസ് ആസ്ഥാനത്തു നടക്കുന്ന ചടങ്ങില്‍ ധീരസ്മൃതിഭൂമിയില്‍ പുഷ്പചക്രം അര്‍പ്പിക്കും. തുടര്‍ന്ന് ഡിജിപിയുടെ താല്‍ക്കാലിക ചുമതല വഹിക്കുന്ന എഡിജിപി എച്ച് വെങ്കിടേഷ് പുതിയ പൊലീസ് മേധാവിക്ക് ബാറ്റണ്‍ കൈമാറും. സംസ്ഥാനത്തിന്റെ 41-മത് പൊലീസ് മേധാവിയാണ് റവാഡ ചന്ദ്രശേഖര്‍. ആന്ധ്രാപ്രദേശ് വെസ്റ്റ് ഗോദാവരി സ്വദേശിയാണ്. 1991 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് റവാഡ ചന്ദ്രശേഖര്‍.
ഇന്റലിജന്‍സ് ബ്യൂറോയില്‍ സ്‌പെഷല്‍ ഡയറക്ടറായി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു. അടുത്തിടെയാണ് റവാഡയെ കേന്ദ്ര കാബിനറ്റില്‍ സെക്യൂരിറ്റി സെക്രട്ടറിയായി കേന്ദ്രസര്‍ക്കാര്‍ നിയമിച്ചത്. റവാഡ ചന്ദ്രശേഖറിന് 2026 വരെയാണ് സര്‍വീസ് ഉള്ളത്. പൊലീസ് മേധാവിയായതോടെ റവാഡ ചന്ദ്രശേഖറിന് ഒരു വര്‍ഷം കൂടി അധികം സര്‍വീസ് ലഭിക്കും. മുഖ്യമന്ത്രി പിണറായി വിജയനൊപ്പം കണ്ണൂരിലാണ് റവാഡ ചന്ദ്രശേഖറിന്റെ ആദ്യ പൊതുപരിപാടി.
പൊലീസ് മേധാവി സ്ഥാനത്തേക്ക് റവാഡ ചന്ദ്രശേഖര്‍ ഉള്‍പ്പെടെ മൂന്നു പേരുകളടങ്ങിയ ചുരുക്കപ്പട്ടികയാണ് യുപിഎസ് സി സംസ്ഥാന സര്‍ക്കാരിന് കൈമാറിയത്. ആ പട്ടികയിലെ രണ്ടാമത്തെ പേരുകാരനാണ് റവാഡ ചന്ദ്രശേഖര്‍. ഡിജിപി നിതിന്‍ അവര്‍വാള്‍, യോഗേഷ് ഗുപ്ത എന്നിവരാണ് ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ച മറ്റ് ഐപിഎസ് ഉദ്യോഗസ്ഥര്‍. നിതിന്‍ അഗര്‍വാള്‍ നിലവില്‍ റോഡ് സേഫ്റ്റി കമ്മീഷണറും, യോഗേഷ് ഗുപ്ത ഫയര്‍ഫോഴ്‌സ് മേധാവിയുമാണ്.
Kerala's designated police chief, Ravada Chandrasekhar, has arrived in Kerala. Will take charge as police chief today
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates