ഗുരുവായൂര്‍ ആനയോട്ടം; രവികൃഷ്ണന്‍ ജേതാവ്- വിഡിയോ
ഗുരുവായൂര്‍: ഗുരുപവനപുരിയില്‍ ഉത്സവത്തിന് തുടക്കം കുറിച്ചുള്ള ആനയോട്ടത്തില്‍ രവികൃഷ്ണന്‍ വിജയിയായി. കോവിഡ് പശ്ചാത്തലത്തില്‍ ഇക്കുറി മൂന്നാനകളെ മാത്രമാണ് ആനയോട്ടത്തില്‍ പങ്കെടുപ്പിച്ചത്. ദേവദാസ്, വലിയ വിഷ്ണു. രവികൃഷ്ണന്‍ എന്നീ ആനകളെയാണ് ഓടുന്നതിനായി നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തിരുന്നത്.
സാധാരണ ഇരുപതിലധികം ആനകളാണ് ആനയോട്ടത്തില്‍ പങ്കെടുക്കാറ്. ഇത്തവണ കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഒരാനയെ മാത്രം മതിയെന്ന നിലപാടിലായിരുന്നു ജില്ല ഭരണകൂടം. എന്നാല്‍ ആചാരത്തിന്റെ ഭാഗമായി നടക്കുന്നതിനാലും ദേവസ്വം വക സ്ഥലത്ത് നടത്തുന്ന ചടങ്ങായതിനാലും ഇളവ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ദേവസ്വം ജില്ലാ കലക്ടര്‍ക്ക് കത്ത് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് അനുമതി നല്‍കിയത്. കര്‍ശന നിയന്ത്രണങ്ങളൊടെയാണ് ആനയോട്ട ചടങ്ങുകള്‍ നടത്തിയത്. ആളുകള്‍ കൂടുന്നത് ഒഴിവാക്കാന്‍ പൊലീസും ദേവസ്വം ജീവനക്കാരും ആരോഗ്യ വിഭാഗവും രംഗത്തുണ്ടായിരുന്നു.
നാഴികമണി മൂന്നടിച്ചതോടെ ക്ഷേത്രത്തില്‍ നിന്ന് ഓടിയെത്തിയ ആന പാപ്പാന്മാര്‍ ആനകളെ കുടമണിയണിയിച്ചു. മഞ്ജുളാല്‍ പരിസരത്തു ഒരുങ്ങി നിന്നിരുന്ന 3 ആനകളും കിഴക്കേ ഗോപുര നടയിലേക്ക് ഓടിയടുത്തു.
ഉത്സവത്തിന് പത്തുനാള്‍ രവികൃഷ്ണന്‍ ഇനി ഭഗവാന്റെ തിടമ്പേറ്റും. ആനയോട്ടത്തോടെ ഗുരുവായൂര്‍ ഉത്സവത്തിന് തുടക്കമായി. പത്തു ദിവസം നീണ്ടു നില്‍ക്കുന്ന ഉത്സവം ഇക്കൊല്ലം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ആഘോഷങ്ങളില്ലാതെ ചടങ്ങുകള്‍ മാത്രമായി നടത്തുവാനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ഗുരുവായൂര്‍ ദേവസ്വം അറിയിച്ചു .
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
