തിരുവനന്തപുരം: കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ആറ് ഡാമുകളിൽ റെഡ് അലർട്ട് തുടരുന്നു. പൊന്മുടി, കല്ലാർകുട്ടി, ലോവർ പെരിയാർ, ഇരട്ടയാർ, മൂഴിയാർ, കുണ്ടള ഡാമുകളിലാണ് റെഡ് അലർട്ട്. പെരിങ്ങൽക്കുത്ത് ഡാമിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്.
വലിയ ഡാമുകളിൽ നിലവിൽ ആശങ്കയുടെ സാഹചര്യമില്ല. എങ്കിലും പരമാവധി സംഭരണ ശേഷിയിലക്ക് എത്തിക്കാതെ ക്രമീകരണം തുടരാനാണ് നിലവിലെ തീരുമാനം. ഇടുക്കിയിൽ ഇടവിട്ട് ശക്തമായ മഴ ഇപ്പോഴും തുടരുന്നുണ്ട്. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 136.75 അടിക്ക് മുകളിലെത്തി. ജലനിരപ്പ് റൂൾ കർവിനോട് അടുത്താൽ ഇന്ന് തന്നെ സ്പിൽ വേ ഷട്ടറുകൾ തുറക്കും.
ചാലക്കുടി പുഴയിൽ ജലനിരപ്പ് നിയന്ത്രണ വിധേയമാണ്. പെരിങ്ങൽകുത്തിൽ നിന്ന് തുറന്നുവിടുന്ന വെള്ളത്തിന്റെ അളവ് കുറഞ്ഞതാണ് ആശ്വാസത്തിന്റെ പ്രധാന കാരണം. ഇന്ന് പുലർച്ചെ വരെ ചാലക്കുടി പുഴയിലെ ജലനിരപ്പ് അപകട നിലയിലേക്ക് ഉയർന്നിട്ടില്ല. 7.27 മീറ്റർ ആണ് നിലവിലെ ജലനിരപ്പ്. ചാലക്കുടിയിലും ഡാമുകളുടെ വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞതും അനുകൂലമായി. കടലിലേക്കുള്ള ഒഴുക്ക് സുഗമമായതും ജലനിരപ്പ് ഉയരാതിരിക്കാൻ കാരണമാണ്.
എറണാകുളം ജില്ലയിൽ മഴ കുറഞ്ഞിട്ടുണ്ട്. ചാലക്കുടി പുഴ ഒഴുകുന്ന പ്രദേശങ്ങളിൽ ഇപ്പോഴും ജാഗ്രത തുടരുകയാണ്. പുത്തൻവേലിക്കര, കുന്നുകര ഭാഗത്ത് ഏതാനും ആളുകളെ മാറ്റിപ്പാർപ്പിച്ചു. പെരിയാറിൽ ജലനിരപ്പ് കൂടുന്നുണ്ടെങ്കിലും വലിയ ആശങ്കയ്ക്കുള്ള സാഹചര്യമില്ല.
പെരിയാർ നദിയിൽ ജലനിരപ്പ് അപകടവസ്‌ഥയിലേക്ക് എത്താത്തതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ജില്ല ഭരണകൂടം അറിയിച്ചു. തൊടുപുഴയിൽ മഴ കുറഞ്ഞു. മണ്ണിടിച്ചിൽ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ വണ്ണപ്പുറത്ത് ആളുകളെ മാറ്റിപ്പാർപ്പിച്ചു. കല്ലാർകുട്ടിക്കും പനം കുട്ടിക്കും ഇടയിൽ റോഡ് ഇടിഞ്ഞതിനാൽ ഗതാഗതം പൂർണമായും നിരോധിച്ചു. മൂവാറ്റുപുഴ ആറിലെ ജലനിരപ്പ് അപകട നിലയിൽ തുടരുകയാണ്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates