

കൊച്ചി: തർക്കമുള്ള പള്ളികളിൽ ഹിത പരിശോധന നടത്തണമെന്ന ഭരണ പരിഷ്കാര കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് കെ ടി തോമസിന്റെ ശുപാർശയ്ക്കെതിരെ ഓർത്തഡോക്സ് സഭ പള്ളികളിൽ പ്രമേയം വായിച്ചു. പ്രമേയം മുഖ്യമന്ത്രിക്ക് അയച്ചുകൊടുക്കുമെന്നും ഓർത്തഡോക്സ് സഭ.
കമ്മിഷൻ ശുപാർശകൾ സഭയ്ക്ക് ദോഷകരമെന്നാണ് പ്രമേയത്തിൽ പറയുന്നത്. ഹിതപരിശോധന എന്ന ശുപാർശ നിയമപരമായി നിലനിൽക്കില്ല. പരിഗണനയ്ക്ക് പോലും എടുക്കാതെ ശുപാർശ തള്ളിക്കളയണമെന്ന് സഭ പ്രമേയത്തിൽ പറയുന്നു.
സഭാ തർക്കം തീർക്കാനായി തർക്കമുള്ള പള്ളികളിൽ ഹിതപരിശോധന
സഭാ തർക്കം തീർക്കാനായി തർക്കമുള്ള പള്ളികളിൽ ഹിതപരിശോധന നടത്തണമെന്നതടക്കമുള്ള ശുപാർശകളാണ് നിയമപരിഷ്കരണ കമ്മീഷൻ സർക്കാരിന് കൈമാറിയത്. തർക്കമുള്ള പള്ളികളിൽ ഹിത പരിശോധന നടത്തണം, ഭൂരിപക്ഷം കിട്ടുന്നവർക്ക് പള്ളികൾ വിട്ടു കൊടുക്കണം എന്നുമാണ് ഭരണ പരിഷ്കാര കമ്മീഷൻ ശുപാർശ ചെയ്തത്. എന്നാൽ ഇത് ജസ്റ്റിസ് കെ.ടി.തോമസിൻറെ യാക്കോബായ വിഭാഗത്തെ പിന്താങ്ങുന്ന നിലപാടെന്നാണാണ് ഓർത്തഡോക്സ് സഭ ആരോപിക്കുന്നത്.
ജസ്റ്റിസ് തോമസിന്റെ നിർദ്ദേശങ്ങൾ യാക്കോബായ വിഭാഗത്തെ പിന്താങ്ങുന്നത്
കോടതി വിധികൾ എല്ലാം ഓർത്തഡോക്സ് സഭയ്ക്ക് അനുകൂലമാണ്. മറുവിഭാഗത്തിന്റെ എല്ലാ വാദങ്ങളും കോടതി തള്ളിയതാണ്. എന്നിട്ടും ജസ്റ്റിസ് തോമസിന്റെ നിർദ്ദേശങ്ങൾ യാക്കോബായ വിഭാഗത്തെ പിന്താങ്ങുന്നതാണെന്ന് ഓർത്തഡോക്സ് സഭ വിമർശിക്കുന്നു.
അതേസമയം, ഓർത്തഡോക്സ് - യാക്കോബായ സഭാ തർക്ക കേസുകൾ പരിഗണിക്കുന്നതിൽ നിന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പിൻമാറണമെന്ന് യാക്കോബായ സഭ അഭിഭാഷകൻ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. യാക്കോബായ സഭയ്ക്കായി ഹാജരാകുന്ന അഡ്വ. മാത്യുസ് നെടുമ്പാറയാണ് ഹൈക്കോടതിയിൽ ഈ ആവശ്യം ഉന്നയിച്ചത്. അനുമതിയില്ലാതെ വാദത്തിൽ ഇടപെട്ടാൽ മാത്യൂസ് നെടുമ്പാറയ്ക്കെതിരെ നടപടി സ്വീകരിക്കേണ്ടി വരുമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ മുന്നറിയിപ്പ് നൽകി.
കേസിൽ കക്ഷി ചേരാനുള്ള മാത്യൂസ് നെടുമ്പാറയുടെ അപേക്ഷ അംഗീകരിക്കരുതെന്ന് ഓർത്തഡോക്സ് സഭ ആവശ്യപ്പെട്ടു. നെടുമ്പാറയുടെ കക്ഷി യാക്കോബായ സഭ ഇടവകാംഗമല്ലെന്നും ഓർത്തഡോക്സ് വിഭാഗം വാദിച്ചു. സഭാ തർക്കക്കേസുകൾ വീണ്ടും വാദം കേൾക്കാനായി ഹൈക്കോടതി ഈ മാസം 24 ലേക്ക് മാറ്റിയിരിക്കുകയാണ്
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates