

കൊച്ചി: ആലപ്പുഴയില്‍ പെട്രോള്‍ പമ്പിലെ ഡിസ്പെന്‍സര്‍ ഹോസ് കാറില്‍ കുടുങ്ങിയുണ്ടായ അപകടത്തില്‍ ജീവനക്കാരന് ഗുരുതര പരിക്കേറ്റ സംഭവത്തില്‍ മാര്‍ഗനിര്‍ദേശവുമായി മോട്ടോര്‍ വാഹന വകുപ്പ്. ഫ്യൂവല്‍ പമ്പുകളില്‍ വരുത്തുന്ന ചെറിയൊരു അശ്രദ്ധ പോലും വലിയൊരു അപകടത്തിലേക്ക് വഴിതെളിക്കാം. ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാന്‍ ഓരോ വാഹന ഡ്രൈവറും നിര്‍ബന്ധമായും ചില കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് പറഞ്ഞ് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് മോട്ടോര്‍ വാഹന വകുപ്പ് മാര്‍ഗനിര്‍ദേശം നല്‍കിയത്.
പമ്പില്‍ വാഹനം നിശ്ചിത സ്ഥലത്ത് നിര്‍ത്തിയാലുടന്‍ എന്‍ജിന്‍ ഓഫ് ചെയ്യണം. ഇന്ധനം അടിക്കുന്ന സമയത്ത് ശ്രദ്ധ തിരിക്കുന്ന പ്രവൃത്തികള്‍ ഒഴിവാക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. ഇന്ധനം നിറച്ച് നോസില്‍ പൂര്‍ണ്ണമായും മാറ്റിയെന്നും ഫ്യുവല്‍ ക്യാപ് (Fuel Cap) അടച്ചെന്നും ഉറപ്പുവരുത്തിയ ശേഷം മാത്രം വാഹനം സ്റ്റാര്‍ട്ട് ചെയ്യുക. വണ്ടി എടുക്കുന്നതിന് തൊട്ടുമുമ്പ് ഫ്യുവല്‍ ടാങ്കിന്റെ ഭാഗത്തേക്ക് ഒരു നിമിഷം കണ്ണോടിക്കുന്നത് ശീലമാക്കണം. സേവനത്തിലേര്‍പ്പെട്ടിരിക്കുന്ന പമ്പ് ജീവനക്കാരുടെ ജീവനും വാഹനത്തിന്റെ സുരക്ഷയും ചെറിയൊരു അശ്രദ്ധയില്‍ ഇല്ലാതാകാം എന്ന കാര്യം ഓര്‍ക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
ആലപ്പുഴ കളര്‍കോട് പക്കി ജംഗ്ഷനില്‍ ഈ മാസം ആറാം തീയതിയായിരുന്നു അപകടം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. പെട്രോള്‍ അടിച്ച ശേഷം ഡിസ്പെന്‍സര്‍ നീക്കം ചെയ്യും മുമ്പ് കാര്‍ മുന്നോട്ട് എടുക്കുകയും പെട്രോള്‍ അടിച്ചിരുന്ന ജീവനക്കാരനെയും വലിച്ചുകൊണ്ട് കാര്‍ മുന്നോട്ട് പോവുകയുമായിരുന്നു. ഇടത് കൈയ്ക്ക് സ്വാധീനം കുറവുള്ളതിനാല്‍ പെട്ടെന്ന് ഡിസ്പെന്‍സര്‍ ഹോസ് വലിച്ച് മാറ്റാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. വര്‍ഷങ്ങളായി പെട്രോള്‍ പമ്പിലെ ജീവനക്കാരനാണ് ഇയാള്‍. കാറിലുണ്ടായിരുന്ന ഡ്രൈവറുടെ അശ്രദ്ധയാണ് ഇത്തരത്തില്‍ അപകടത്തിന് കാരണമായത്. പമ്പ് ജീവനക്കാരന്റെ വാരിയെല്ലിനാണ് ഗുരുതരമായി പരിക്കേറ്റിരിക്കുന്നത്. ഇയാള്‍ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates