

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് ശശി തരൂരിനെ പുകഴ്ത്തി വിഖ്യാത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. തരൂരിനെ ഉള്‍ക്കൊള്ളാന്‍ പലര്‍ക്കും വിഷമമാണ് പലര്‍ക്കും, അദ്ദേഹത്തിന്റെ ഉയരമാണ് ഇതിനുള്ള കാരണങ്ങളില്‍ ഒന്ന് എന്നും അടൂര്‍ പറഞ്ഞു. പി കേശവദേവ് സ്മാരക ട്രസ്റ്റിന്റെ കേശവദേവ് സാഹിത്യ പുരസ്‌കാരം ശശി തരൂരിന് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അടൂര്‍ ഗോപാലകൃഷ്ണന്‍.
ശശി തരൂരിന് ശരാശരി മലയാളിയെക്കാള്‍ 'പൊക്കം' കൂടുതലാണ്. അതാണ് അദ്ദേഹം നേരിടുന്ന പ്രശ്‌നങ്ങളില്‍ ഒന്ന്. പലര്‍ക്കും തരൂരിനെ ഉള്‍ക്കൊള്ളാന്‍ വിഷമമാണ്. എന്ത് പൊങ്ങിവന്നാലും വെട്ടിനിരത്തുന്ന രീതി മലയാളികളുടെ ജനിതകത്തിലുള്ളതാണ്. ആകാശം കാണാതെ ജീവിക്കുന്നവരാണ് മലയാളികള്‍. അതാണ് ഈ മനോഭാവത്തിന് കാരണമെന്ന് വിശ്വസിക്കുന്നയാളാണ് താന്‍. വിശാലമായ ആകാശം കാണണമെങ്കില്‍ തക്കല കഴിഞ്ഞ് കന്യാകുമാരിയിലെത്തണം. ഭൂമിശാസ്ത്രപരമായ ഈ കാരണം കൊണ്ടാകാം, എല്ലാ മിടുക്കുമുണ്ടായിട്ടും മലയാളികള്‍ ശരാശരിക്കാരായ വ്യക്തികളെയും പ്രവര്‍ത്തനങ്ങളെയും മാത്രം അംഗീകരിക്കാന്‍ ശീലിച്ചത്. ആരു വിചാരിച്ചാലും തരൂരിന്റെ പൊക്കം കുറയ്ക്കാന്‍ സാധിക്കില്ല. എന്നായിരുന്നു അടൂരിന്റെ വാക്കുകള്‍. തരൂരിന്റെ പുസ്തകള്‍, എഴുത്ത് എന്നിവയെയും അടൂര്‍ പ്രസംഗത്തില്‍ അനുമോദിച്ചു.
രാഷ്ട്രീയത്തിലായാലും പൊതുജീവിതത്തിലായാലും രണ്ടു കൈയും നീട്ടി ശശി തരൂരിനെ മലയാളികള്‍ സ്വീകരിക്കാന്‍ തയ്യാറാകണം എന്നും അടൂര്‍ പ്രതികരിച്ചു. തരൂരിനെ 50 വര്‍ഷമായി അറിയാം. മനസ്സില്‍ എന്നും അദ്ദേഹം ഒരു മലയാളിയാണ്. മലയാളത്തെ സ്‌നേഹിക്കുന്നയാളാണ്. മലയാളി അദ്ദേഹത്തെ സ്വീകരിക്കണം എന്നും അടൂര്‍ പറഞ്ഞു.
'വൈ ഐ ആം ഹിന്ദു', 'ദി ബാറ്റില്‍ ഫ് ബിലോങിങ്' തുടങ്ങിയ പുസ്തകങ്ങളെ മുന്‍നിര്‍ത്തിയാണ് ശശി തരൂര്‍ കേശവദേവ് സാഹിത്യ പുരസ്‌കാരത്തിന് അര്‍ഹനായത്. 50000 രൂപയും ബിഡി ദത്തന്‍ രൂപകല്പനചെയ്ത ശില്‍പവുമടങ്ങിയതാണ് പുരസ്‌കാരം. ആരോഗ്യമേഖലക്കുള്ള പി. കേശവദേവ് ഡയബ്‌സ് സ്‌ക്രീന്‍ പുരസ്‌കാരം ഡയബറ്റോളജിസ്റ്റും ഗ്ലോബല്‍ ഹെല്‍ത്ത് ലീഡറുമായ ഡോ. ബന്‍ഷി സാബുവിന് സമ്മാനിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates