കൊച്ചി: ഫസൽ വധക്കേസിൽ സിപിഎം നേതാക്കളുടെ നിർദേശത്തിന് അനുസരിച്ച് അന്വേഷണം നടത്താത്തതിന് പെൻഷൻ ആനുകൂല്യങ്ങളടക്കം നൽകാതെ സർക്കാർ വേട്ടയാടിയ മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ കെ രാധാകൃഷ്ണന് വാഹനാപകടത്തിൽ പരിക്ക്. സിപിഎം സർക്കാരിന്റെ വേട്ടയാടൽ വാർത്തകൾ പുറത്തു വന്നതിനു പിന്നാലെയാണ് അപകടം.
ഇന്നലെ തൃപ്പൂണിത്തുറയിലെ അദ്ദേഹത്തിന്റെ വീടിനു മുന്നിൽ റോഡ് മുറിച്ചു കടക്കുമ്പോൾ ഓട്ടോറിക്ഷയെ ഓവർടേക്ക് ചെയ്തു വന്ന സ്കൂട്ടർ ഇടിച്ചായിരുന്നു അപകടം. നടുവിനും തലയ്ക്കും പരിക്കേറ്റ് രാധാകൃഷ്ണൻ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ ദുരൂഹതയില്ലെന്നാണ് പൊലീസ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്.
തൃപ്പൂണിത്തുറ പൊലീസ് കേസെടുത്തിട്ടുണ്ട്. സ്ഥാനക്കയറ്റത്തിലൂടെ ഐപിഎസ് നേടി ആറ് മാസം മുൻപു വിരമിച്ച രാധാകൃഷ്ണൻ ബംഗളൂരുവിൽ സെക്യൂരിറ്റി ജോലി ചെയ്തു വരികയായിരുന്നു. അതിനിടെ കഴിഞ്ഞ ദിവസമാണ് എറണാകുളത്തെ വീട്ടിലെത്തിയത്. പിന്നാലെയാണ് അപകടം.
തന്റെ പെൻഷനും ആനുകൂല്യങ്ങളും തടഞ്ഞു വച്ചതിനെതിരെ മുഖ്യമന്ത്രിയെ കണ്ടു പരിഭവം പറഞ്ഞപ്പോൾ അദ്ദേഹമതു പരിഗണിക്കാതെ തള്ളിക്കളഞ്ഞെന്ന് രാധാകൃഷ്ണൻ വെളിപ്പെടുത്തിയിരുന്നു. ജീവിക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും, കുടുംബത്തോടെ ആത്മഹത്യ ചെയ്യേണ്ട അവസ്ഥയാണെന്നും കെ രാധാകൃഷ്ണൻ മുഖ്യമന്ത്രിയോട് പറഞ്ഞു. യാതൊരു ദയയുമില്ലാതെ, 'എന്നാൽ അങ്ങനെയാകട്ടെ 'എന്നായിരുന്നു പിണറായി വിജയന്റെ പ്രതികരണം. ഇതുകേട്ട് താനാകെ തകർന്നുപോയി എന്നും രാധാകൃഷ്ണൻ വെളിപ്പെടുത്തിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates