

ഇപ്പോഴുണ്ടായ ഇഡ്ഡലി-രസഗുള തർക്കത്തിൽ ഇഡ്ഡലിയെ 'താരതമ്യമില്ലാത്ത കുലീനൻ' എന്നാണ് ശശി തരൂർ വിശേഷിപ്പിച്ചത്. പക്ഷെ ഈ കുലീനനെ അകത്താക്കാൻ മലയാളികൾ ഇപ്പോൾ കൂടുതൽ വിയർക്കുന്നുണ്ടെന്നതാണ് യാഥാർഥ്യം. കോവിഡിന് ശേഷം ഇഡ്ഡലിയും സാമ്പാറുമൊക്കെ വലിയ പത്രാസുകാരായി മാറിയിരിക്കുകയാണ്.
കേരളം അനുഭവിക്കുന്ന വിലക്കയറ്റം ഏറ്റവുമെളുപ്പം മനസിലാക്കാനുള്ള പ്രതീകങ്ങളാണ് നമ്മുടെ ഇഡ്ഡലിയും സാമ്പാറും. കോവിഡിന് മുമ്പ് നാലഞ്ചു അംഗങ്ങളുള്ള ഒരു വീട്ടിൽ ഇഡ്ഡലിയും സാമ്പാറുമുണ്ടാക്കാനുള്ള ചെലവ് 107 രൂപയായിരുന്നെങ്കിൽ ഇന്നത് 145 രൂപയായി. ഇതത്ര കൂടുതലാണോ എന്ന് സംശയിക്കുന്നവർ 2015 ലെ ചെലവ് കേൾക്കൂ - 105 രൂപ. അതായത് 2015 ൽ നിന്ന് 2019 ആയപ്പോൾ ചെലവിലുണ്ടായ വർദ്ധനവ് 2 ശതമാനമായിരുന്നെങ്കിൽ 2019 ൽ നിന്ന് 2025 ആയപ്പോഴേക്കുമത് 36 ശതമാനമായി.
75 അവശ്യസാധനങ്ങളുടെ വിലവിവരം എല്ലാക്കൊല്ലവും സംസ്ഥാന സാമ്പത്തിക സ്ഥിതി വിവരക്കണക്ക് വകുപ്പ് പ്രസിദ്ധീകരിക്കാറുണ്ട്. ഇതിനെ അടിസ്ഥാനപ്പെടുത്തിയാണ് 'ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസ്' നാലഞ്ചംഗങ്ങളുള്ള ഒരു വീട്ടിൽ ഇഡ്ഡലിയും സാമ്പാറുമുണ്ടാക്കാനുള്ള ചെലവ് കണക്കുകൂട്ടിയത് - 20 ഇഡ്ഡലിയും അതിന് വേണ്ട സാമ്പാറും. ചേരുവകൾ കേരള ടൂറിസം വകുപ്പിന്റെ വെബ്സൈറ്റിലുള്ള റെസിപ്പിയിൽ നിന്ന്.
കോവിഡിന്റെ തലേ വർഷം, 2019 ൽ, ചില പ്രധാന ചേരുവകൾക്ക് യഥാർത്ഥത്തിൽ വില കുറയുകയാണുണ്ടായത്. സാമ്പാർ പരിപ്പിന്റെ വില 2015 ൽ കിലോയ്ക്ക് 122 രൂപയായിരുന്നത് 2019 ൽ 95 രൂപയായി കുറഞ്ഞിരുന്നു. ഉഴുന്ന് വില 123 രൂപയിൽ നിന്ന് 95 ആയി. പക്ഷെ മഹാമാരിക്ക് ശേഷം വിലകൾ കുതിച്ചുയർന്നു. സാമ്പാർ പരിപ്പിന്റെ വില 2024 ൽ 178 രൂപയായി - 87 ശതമാനം വർധനവ്. ശേഷം 2025 ൽ 136 രൂപയായി. ഉഴുന്നിന്റെ വിലയാകട്ടെ 37 ശതമാനം വർധിച്ച് 130 രൂപയായി.
2021 വിലക്കയറ്റത്തിന്റെ ചാർട്ടിൽ നിർണായകമായ വർഷമായിരുന്നു. അതുവരെ അവശ്യസാധനങ്ങളുടെ വിലകൾ മിതമായും, ക്രമാനുഗതമായുമാണ് ഉയർന്നിരുന്നതെങ്കിൽ പിന്നീടങ്ങോട്ട് കുതിപ്പിന്റെ കാലമായിരുന്നു. 2019ൽ 146 രൂപ വിലയുണ്ടായിരുന്ന വറ്റൽ മുളക് 2022ൽ 269 തൊട്ടശേഷം 2025 ൽ 191 രൂപയായി. നൂറ് ഗ്രാം മഞ്ഞൾപ്പൊടിക്ക് 2015 ൽ 16 രൂപയാണ് നൽകിയതെങ്കിൽ 2025ലത് 30 രൂപയായി.
കഥയിലെ പ്രധാന വില്ലൻ വെളിച്ചെണ്ണയാണ്. 2015ൽ 137 രൂപ, 2019 ൽ 185 രൂപ 2025ൽ 368 രൂപ എന്നിങ്ങനെയാണ് വിലയുയർന്നത്. പലയിനം പച്ചക്കറികളുടെ വിലയും കോവിഡിന് ശേഷം നന്നായി വർധിച്ചു. കോവിഡിന് ശേഷമുണ്ടായ വിലക്കയറ്റം 'കോസ്റ്റ്-പുഷ് ഇൻഫ്‌ളേഷൻ' ആയിരുന്നെന്ന് സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസ് ഡയറക്ടർ ഡോ. സി വീരമണി. ഉത്പ്പാദന ചെലവ് വർധിക്കുകയും, സപ്ലൈ കുറയുകയും ചെയ്‌തപ്പോൾ വിലകൾ കുതിച്ചുകയറി.
കോവിഡ് ലോക്‌ഡൌൺ കാർഷിക പ്രവർത്തികളെ നേരിട്ട് ബാധിച്ചില്ല പക്ഷെ അതിന് വേണ്ടുന്ന സാമഗ്രികളുടെ വിതരണത്തെ - യന്ത്രങ്ങൾ, വളം, കീടനാശിനി, വിത്തുകൾ - ബാധിച്ചു. നെഗറ്റിവ് സപ്ലൈ ഷോക്ക് പ്രതിഭാസം ഇന്പുട് പ്രൈസസിനെ ഉയർത്തി. അവശ്യസാധനങ്ങൾ മനുഷ്യന് ഒഴിവാക്കാനാവാത്തത് കൊണ്ട് വിലകൾ ഉയർന്നു.
എങ്കിൽപ്പിന്നെ ലോക്ഡൌൺ അവസാനിച്ചിട്ട് വർഷങ്ങളായിട്ടും വിലകളിൽ വലിയ കുറവ് വരാത്തത് എന്തുകൊണ്ടാവും? സാമ്പത്തിക ശാസ്ത്രത്തിൽ അതിനും വിശദീകരണമുണ്ടെന്ന് വീരമണി. 'സ്റ്റിക്കി-ഡൌൺ' പ്രൈസസ് എന്നാണിതിന് പറയുക. സാധനങ്ങളുടെ വിലകൾ ഉയരുന്നത് പെട്ടെന്നാവും, പക്ഷെ താഴുന്നത് മെല്ലെയാവും, പലപ്പോഴും താഴാറില്ലായെന്നതാണ് അനുഭവം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates