ആർ എസ് എസ് മേധാവി മോഹൻഭാഗവത് ആറ് ദിവസത്തെ പരിപാടികളുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച കേരളത്തിലെത്തി. ഈ വർഷം ഏഴ് മാസത്തിനിടയിൽ മൂന്നാം തവണയാണ് വ്യത്യസ്ത പരിപാടികളുമായി ബന്ധപ്പട്ട് ആർ എസ് എസ് മേധാവി കേരളത്തിലെത്തുന്നത്. ഈ വർഷം ജനുവരിയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കാൻ എത്തിയിരുന്നു. അന്ന് 16 മുതൽ 21 വരെ അദ്ദേഹം കേരളത്തിലെ പരിപാടികളിൽ പങ്കെടുത്തു. പ്രമുഖരുമായുള്ള കൂടിക്കാഴ്ച, ആർഎസ്എസ് ശതാബ്ദി പ്രവർത്തനങ്ങളുടെ മുന്നോടിയായി വിദ്യാർഥി പ്രവർത്തകരുടെ ഒരു ദിവസത്തെ ബൈഠക് , വിദ്യാർഥി സ്വയംസേവകരുടെ പൂർണ ഗവേഷണ സാംഘിക്ക് എന്നിവയിൽ പങ്കെടുത്താണ് അന്ന് അദ്ദേഹം മടങ്ങിയിത്.
രണ്ടാഴ്ചയ്ക്ക് ശേഷം ഫെബ്രുവരി അഞ്ചിന് ചെറുകോൽപ്പുഴ ഹിന്ദുമതപരിഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച് ഹിന്ദു ഏകതാ സമ്മേളനത്തിൽ പങ്കെടുക്കാനായി അദ്ദേഹം വീണ്ടും കേരളത്തിലെത്തി. ആദ്യമായാണ് ഹിന്ദുമതപരിഷത്തിന്റെ പരിപാടിയിൽ ഒരു ആർ എസ് എസ് സർസംഘചാലക് പങ്കെടുത്തത്.
ചെറുകോൽപ്പുഴ ഹിന്ദുമഹാപരിഷത്തിൽ ഹിന്ദുക്കൾ ഇംഗ്ലീഷ് ഭാഷാഉപയോഗിക്കുന്നതിനെകുറിച്ചും വസ്ത്രധാരണത്തെ കുറിച്ചും യാത്ര, ഭക്ഷണം എന്നിവയെ കുറിച്ചുമുള്ള ചില കാഴ്ചപ്പാടുകൾ അവതരിപ്പിച്ചു. അന്ന് വന്ന വാർത്തകൾ പ്രകാരം ഹിന്ദുക്കൾ പരമ്പരാഗത വസ്ത്രം മാത്രമേ ധരിക്കാവൂ, ഇംഗ്ലീഷിൽ സംസാരിക്കരുത്, പ്രാദേശിക പ്രദേശങ്ങളിൽ മാത്രമേ യാത്ര ചെയ്യാവൂ എന്നതായിരുന്നു ആർഎസ്എസ് മേധാവി മോഹൻ ഭഗവതിന്റെ പ്രസംഗത്തിലെ കാതൽ. "ജാതി ശ്രേണി എന്ന ആശയം ഹിന്ദുമതത്തിന്റെ അടിസ്ഥാന തത്ത്വങ്ങൾക്ക് പുറത്താണ് നിലനിൽക്കുന്നതെന്നും ഒരു മടിയും കൂടാതെ അത് ഉപേക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞുവെന്ന് അന്നത്തെ വിവിധ റിപ്പോർട്ടുകൾ പറയുന്നു.
പിന്നീട് ഇപ്പോൾ അദ്ദേഹം കേരളത്തിലെത്തിയിരിക്കുന്നത്, ആർഎസ്എസ് ആഭിമുഖ്യമുള്ള ശിക്ഷ സംസ്കൃതി ഉത്ഥാൻ ന്യാസ് സംഘടിപ്പിക്കുന്ന ചിന്തൻ ബൈഠക്കിലും തുടർന്നുള്ള വിദ്യാഭ്യാസ സെമിനാറുകളിലും പങ്കെടുക്കുന്നതിനായാണ്. ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് വളരെയധികം രാഷ്ട്രീയപ്രാധാന്യമുള്ള പരിപാടിയാണിത്. ഈ പരിപാടി സംബന്ധിച്ച് വിവിധ കോണുകളിൽ നിന്ന് ആശങ്കയും വിമർശനവും ഉയർന്നിട്ടുണ്ട്.
ആർഎസ്എസ് ആഭിമുഖ്യമുള്ള ശിക്ഷ സംസ്കൃതി ഉത്ഥാൻ ന്യാസ് സംഘടിപ്പിക്കുന്ന ചിന്തൻ ബൈഠക്കിലും തുടർന്നുള്ള വിദ്യാഭ്യാസ സെമിനാറുകളിലും മോഹൻ ഭാഗവത് പങ്കെടുക്കുന്നതിനായാണ് ഇത്തവണ അദ്ദേഹം എത്തിയിട്ടുള്ളത്.
ശിക്ഷാ സംസ്‌കൃതി ഉത്ഥാൻ ന്യാസ് സംഘടിപ്പിക്കുന്ന ജ്ഞാനസഭയുടെ മുന്നോടിയായുള്ള ദേശീയ വിദ്യാഭ്യാസ ചിന്തൻ ബൈഠക് ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത് ഇന്ന് ഉദ്ഘാടനം ചെയ്തു.
അവർ സംഘടിപ്പിക്കുന്ന നാല് ദിവസത്തെ വിദ്യാഭ്യാസ സമ്മേളനത്തിൽ, ദേശീയ വിദ്യാഭ്യാസ നയം (എൻഇപി) ഫലപ്രദമായി നടപ്പിലാക്കുന്നതിനുള്ള തന്ത്രത്തിന് അന്തിമരൂപം നൽകുക, ഇന്ത്യൻ പരമ്പരാഗത വിജ്ഞാന സംവിധാനങ്ങളെ വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കി മാറ്റുക എന്നിങ്ങനെയുള്ള ലക്ഷ്യങ്ങൾ നടപ്പാക്കാനുള്ള തീരുമാനമാകാം കൈക്കൊള്ളുക എന്ന് അറിയുന്നു. രാജസ്ഥാൻ, ഉത്തരാഖണ്ഡ്, ഗുജറാത്ത്, മധ്യപ്രദേശ്, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ മന്ത്രിമാർ, എ.ഐ.സി.ടി.ഇ ചെയർമാൻ, യു.ജി.സി വൈസ് ചെയർമാൻ, നാക് ഡയറക്ടർ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരും കേരളത്തിൽ അഞ്ച് സർവകലാശാലകളുടെ വിസിമാരും ഈ സമ്മേളനത്തിൽ പങ്കെടുക്കും.
ദേശീയ വിദ്യാഭ്യാസ നയം (NEP) സംബന്ധിച്ച് വിവിധ സംസ്ഥാനങ്ങളിൽ ഗൗരവമായ ചർച്ചകൾ നടക്കുന്ന സമയത്താണ് ഈ സമ്മേളനം നടക്കുന്നത്. ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങൾ ഇത് വേഗത്തിൽ നടപ്പിലാക്കുമ്പോൾ, മറ്റു ചിലർ ഇതിനെ എതിർക്കുന്നു. അത്തരമൊരു സാഹചര്യത്തിൽ, നയരൂപീകരണത്തിൽ തങ്ങളുടെ സാന്നിധ്യം വ്യക്തമാക്കുക മാത്രമല്ല, വിദ്യാഭ്യാസത്തിൽ 'ഭാരതീയത' എന്ന ആശയം കൂടുതൽ സ്ഥാപിക്കാനുള്ള തന്ത്രങ്ങൾ ഈ സമ്മേളനത്തിലൂടെ മെനയുകകൂടെയാണ് ആർഎസ്എസ് ലക്ഷ്യമിടുന്നത് എന്ന് പറയുന്നു.
ഇന്ത്യൻ ജ്ഞാന പാരമ്പര്യം, ഇന്ത്യൻ ഭാഷകൾ പ്രത്യേകിച്ച് ഹിന്ദി, ഗണിതം, നൈപുണ്യ വികസനം, സ്വഭാവ രൂപീകരണം എന്നിവ ആധുനിക വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഭാഗമാക്കണമെന്ന് ആർഎസ്‌എസ് വളരെക്കാലമായി ആവശ്യപ്പെടുന്ന കാര്യങ്ങളാണ്. .ശിക്ഷ സംസ്കൃതി ഉത്ഥാൻ ന്യാസ് , ജ്ഞാൻ കുംഭ്, ജ്ഞാൻ മഹാകുംഭ് തുടങ്ങിയ പ്രധാന പരിപാടികളിലൂടെ ഈ അജണ്ട മുമ്പും മുന്നോട്ട് വച്ചിട്ടുണ്ട്. നിലവിൽ ഇംഗ്ലീഷിന് പ്രധാന്യമുള്ള ആധുനിക ശാസ്ത്രാധിഷ്ഠത പാഠ്യപദ്ധതിയുടെ വേരുകൾ കൊളോണിയൽ കാലഘട്ടത്തിൽ നിന്ന് ലഭിച്ചതാണെന്നും. ആ പാഠ്യപദ്ധതിയിൽ മാറ്റം വരുത്തുകയാണ് വേണ്ടതെന്നും ഇതിനെ അനുകൂലിക്കുന്നവർ പറയുന്നു. ആ സമീപനത്തിന് മാറ്റം വരുത്തിക്കൊണ്ട് ഭാരതീയ സംസ്കാരത്തിനും മൂല്യങ്ങൾക്കും അനുസൃതമായ വിദ്യാഭ്യാസ സമ്പ്രാദയം നിലവിൽ കൊണ്ടുവരിക എന്നതിനാണ് ഇത് ഊന്നൽ നൽകുന്നതെന്ന് ഇതിനെ അനുകൂലിക്കുന്നവർ പറയുന്നത്.
കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന വിഷയങ്ങളുടെ പശ്ചാത്തലത്തിൽ ഇതിനെ കാണേണ്ടതില്ലെന്നും ഈ പരിപാടി ഇപ്പോൾ തീരുമാനിച്ചതല്ലെന്നും വളരെ നേരത്തെ തീരുമാനിച്ച പരിപാടിയാണെന്നും ഇതുമായി ബന്ധപ്പെട്ടവർ പറയുന്നു. എന്നാൽ, ദേശീയ വിദ്യാഭ്യാസ നയത്തോട് ശക്തമായ എതിർപ്പ് ഉയർത്തിയിട്ടുള്ള സംസ്ഥാനങ്ങളിലൊന്ന് കേരളമാണ്. അതുകൊണ്ട് തന്നെ കേരളത്തിൽ വച്ച് ഇത് നടത്തുമ്പോൾ അതിന് പിന്നിൽ മറ്റ് അജൻഡകൾ ഉണ്ടോ എന്ന് സംശയം ഉയർത്തുന്നവരുമുണ്ട്. ആരിഫ് മുഹമ്മദ് ഖാൻ ഗവർണർ ആയിരുന്നപ്പോൾ മുതൽ സർവകലാശാല വൈസ് ചാൻസലർമാരുടെ നിയമനം സംബന്ധിച്ചുള്ള തർക്കങ്ങൾ പുതിയ ഗവർണർ വന്നതിന് ശേഷവും തുടരുകയാണ്. നേരത്തെ തീരുമാനിച്ചുവെന്ന് പറയുന്നുവെങ്കിലും ആ തീരുമാനം കേരളത്തിലെ വിദ്യാഭ്യാസ രംഗത്തേക്ക് കടന്നുകയാറാനുള്ള സാധ്യതകളിലേക്കാം കൂടുതൽ ശ്രദ്ധയൂന്നുക.
അതുടനെ നടപ്പാക്കുക എന്നതായിരിക്കില്ല, അതിലേക്കുള്ള ചർച്ചകളൊരുക്കുക, അതിനുള്ള വിഷയങ്ങൾ വിവാദമാക്കുക എന്നീ തന്ത്രങ്ങൾക്കായിരിക്കും ഇവിടെ രൂപം നൽകപ്പെടുകയെന്നാണ് അവർ ഉയർത്തുന്ന സംശയം. ഭാരതാംബ വിവാദം പോലെ ഒന്ന് കുത്തിപ്പൊക്കാൻ വലിയ പാടൊന്നുമില്ലെന്ന് ഗവർണർ തെളിയിച്ചതാണ്. പക്ഷേ, ഇംഗ്ലീഷ് ഭാഷ വേണ്ട എന്ന് പറഞ്ഞാൽ കേരളത്തിൽ നടപ്പാകാൻ സാധ്യതയില്ല എന്നാണ് കരുതുന്നത്. ഇപ്പോഴുള്ള തലമുറയിൽ ഭൂരിപക്ഷവും ഇംഗ്ലീഷ് നന്നായി പഠിച്ച് പുറത്തുപോകാൻ നോക്കുന്നവരാണ്. പ്രത്യേകിച്ച് അമേരിക്കയും കാനഡയും ഓസ്ട്രേലിയുമൊക്കെ. ഇവിടങ്ങളിലേക്ക് കുടിയേറിയവരുടെ എണ്ണം പരിശോധിച്ചാൽ ഹിന്ദുക്കളായവരായിരിക്കും നല്ലൊരുപങ്കും എന്ന് കാണാൻ കഴിയും അതുകൊണ്ട് ഭാഷയും സയൻസുമൊന്നും പാടേ ഒഴിവാക്കുക എന്നതായിരിക്കില്ല, മറിച്ച് കേരളം,തമിഴ് നാട് പോലെയുള്ള സംസ്ഥാനങ്ങളിൽ ആർ എസ് എസ് ആശയം ചർച്ചാവിഷയമാക്കുക എന്നതാകാം ഇതിന് പിന്നിലെന്നാണ് കേരള സർവകലാശാലയിലെ ഒരു അധ്യാപകൻ പ്രകടിപ്പിച്ച സംശയം.
ആർ എസ് എസ് മേധാവി കേരളത്തിൽ ഏഴ് മാസത്തിനുള്ളിൽ മൂന്ന് തവണ വന്നു എന്നതിൽ അത്ഭുതമൊന്നുമില്ലെന്ന് ഒരു മുതിർന്ന ആർ എസ് എസ് പ്രവർത്തകൻ അഭിപ്രായപ്പെട്ടു. "അദ്ദേഹം രാജ്യത്തെ എല്ലാ സ്ഥലങ്ങളിലും സഞ്ചരിക്കുന്ന വ്യക്തിയാണ്. സംഘടനാ പ്രവർത്തനത്തിന്റെ ഭാഗമാണത്. കേരളത്തിൽ മാത്രമല്ല, മറ്റ് പല സംസ്ഥാനങ്ങളിലും അദ്ദേഹം ഇതുപോലെ യാത്ര ചെയ്യുകയും പരിപാടികളിൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. അതിൽ പ്രത്യേകിച്ചകാര്യമൊന്നുമില്ല. അങ്ങനെ കരുതുന്നതിൽ അർത്ഥമില്ല. ഈ പരിപാടികളൊക്കെ നേരത്തെ തീരുമാനിക്കുന്നതാണ്. പെട്ടെന്ന് തീരുമാനിച്ച് അദ്ദേഹം പങ്കെടുക്കുന്ന പരിപാടിയൊന്നുമല്ല. കേരളത്തിൽ ജനുവരിയിൽ നടന്ന പരിപാടി സംഘടനാ പരിപാടിയായിരുന്നു. രണ്ടാമത്തേത് ചെറുകോൽപ്പുഴ ഹിന്ദുമഹാപരിഷത്ത് സംഘടിപ്പിച്ച പരിപാടിയാണ്. അതും കഴിഞ്ഞ വർഷം തന്നെ അദ്ദേഹത്തിന്റെ തിയ്യതി വാങ്ങി സംഘടിപ്പിച്ച പരിപാടിയാണ്. അതുപോലെ തന്നെയാണ് ഇപ്പോൾ നടക്കുന്ന ജ്ഞാന സഭ ഉൾപ്പടെയുള്ള പരിപാടികളും. നേരത്തെ തീരുമാനിച്ച പരിപാടികളുണ്ടെങ്കിൽ ആർ എസ് എസ് മേധാവി ഇനിയും കേരളത്തിൽ വരും." അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസരംഗത്തുള്ള ഏതൊരു ഇടപെടലും കേരളത്തെ സംബന്ധിച്ച് വളരെ പ്രധാനമാണ്. കാരണം മലയാളികൾ വിദ്യാഭ്യാസത്തെ വളരെ ഗൗരവമായി കാണുന്നവരാണ്. അതുകൊണ്ട് അത്തരമൊരു ഇടപെടലിന് കേരളം വേദിയാക്കുന്നത് ആലോചിച്ചുറപ്പിച്ചായിരിക്കും. കേരളാ സിലബസിന് പുറത്തുള്ള പല പാഠ്യപദ്ധതികളിലും വന്ന മാറ്റങ്ങൾ കണ്ടതാണ്. അതുകൊണ്ട് തന്നെ ഇക്കാര്യത്തിൽ വിദ്യാഭ്യാസത്തെ ഗൗരവമായി കാണുന്നവർ ആശങ്കപ്പെടേണ്ടതുണ്ടെന്ന് അധ്യാപകൻ പറഞ്ഞു. എന്നാൽ, ഭാഗവതിന്റെ അടുപ്പിച്ചുള്ള സന്ദർശനം കുറേക്കൂടി രാഷ്ട്രീയ പ്രാധാന്യമുള്ളതായി കാണേണ്ടതുണ്ട്. 2025 എന്നത് തദ്ദേശ തെരഞ്ഞെടുപ്പിന്റെയും 2026 തുടക്കം, നിയമസഭാ തെരഞ്ഞെടുപ്പിന്റെയും വർഷമാണ്. അതുകൊണ്ട് തന്നെയാണ് അദ്ദേഹത്തിന്റെ തുടർച്ചയായ വരവ് ആർ എസ് എസ്സിന് കേരളത്തിൽ കൂടുതൽ സ്വാധീനം ഉറപ്പിക്കുന്നതിനുള്ള പദ്ധതികൾ ലക്ഷ്യമിട്ടായിരിക്കാം. മോഹൻ ഭാഗവത് കഴിഞ്ഞ വർഷമോ അതിന് മുന്നിലത്തെ വർഷമോ ഇങ്ങനെ കേരളത്തിൽ വന്നതായി കണ്ടിട്ടില്ല. മുൻ വർഷങ്ങളിൽ അദ്ദേഹം ഒരു തവണയിൽ കൂടുതൽ കേരളത്തിൽ അദ്ദേഹം വന്നിട്ടുണ്ടോ എന്ന് സംശയമാണ്. ഇപ്പോഴത്തെ വരവിൽ കേരളത്തിൽ നിലനിൽക്കുന്ന രാഷ്ട്രീയ സാഹചര്യം വളരെ പ്രധാനമാണ്. അതുകൊണ്ട് തന്നെ ആർ എസ് എസ് മേധാവിക്ക് കേരളത്തിലേക്ക് വരാനും സംഘടനാ പ്രവർത്തനം നടത്താനുമുള്ള സ്വാതന്ത്ര്യമുണ്ട്. പക്ഷേ, രാഷ്ട്രീയമായി ആർ എസ് എസ് എങ്ങനെയാണ് മുന്നോട്ട് പോകുന്നത് കാണാനുള്ള ശേഷി കേരളത്തിലെ ഇതര രാഷ്ട്രീയ സംഘടനകൾക്കില്ലെന്നതാണ് ദുര്യോഗമെന്ന് ഇടതുപക്ഷ സംഘടനാ അനുഭാവിയായ അധ്യാപകൻ അഭിപ്രായപ്പെട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates