തിരുവനന്തപുരം: ശബരിമലയിൽ പതിനെട്ടാംപടി കയറിയെത്തുന്നവർക്ക് കൊടിമരച്ചുവട്ടിൽ നിന്ന് ബലിക്കൽപ്പുര വഴി നേരേയെത്തി അയ്യപ്പദർശനത്തിനുള്ള ക്രമീകരണം ഒരുക്കും. തിരുവിതാംകൂർ ദേവസ്വംബോർഡ് യോഗത്തിന്റെതാണ് തീരുമാനം. ശബരിമലതന്ത്രിയുടെ അംഗീകാരവും ലഭിച്ചിട്ടുണ്ട്. മീനമാസ പൂജയ്ക്കായി നടതുറക്കുന്ന മാർച്ച് 14 മുതൽ പുതിയ ക്രമീകരണം നടപ്പാക്കും.
കൊടിമരച്ചുവട്ടിൽ നിന്ന് ഫ്ലൈഓവറിലൂടെ കടത്തിവിട്ട് ദർശനം നൽകുന്നതാണ് നിലവിലെ രീതി. പരീക്ഷണാടിസ്ഥാനത്തിൽ നടത്തുന്ന മാറ്റം വിലയിരുത്താൻ ദേവസ്വം മന്ത്രി വിഎൻ വാസവൻ, ദേവസ്വംബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്, അംഗം എ അജികുമാർ, ശബരിമലയുടെ ചുമതലയുള്ള പൊലീസ് മേധാവി എസ് ശ്രീജിത്, ദേവസ്വം ഉദ്യോഗസ്ഥർ തുടങ്ങിയവർ സന്നിധാനത്തെത്തും. സോപാനത്തിനു സമീപവും ചില ക്രമീകരണങ്ങൾ വരുത്തുന്നുണ്ട്. വിഷു മുതൽ പൂർണമായും മാറ്റം നടപ്പാക്കും. പ്രധാനകാണിക്കടുത്തു നിന്നാണ് തീർഥാടകർ തൊഴുതുമടങ്ങേണ്ടത്.
പതിനെട്ടാംപടി കയറുന്ന തീർഥാടകന് ശ്രീകോവിലിനു സമീപം എത്തുന്നതിനകം അരമിനിറ്റെങ്കിലും അയ്യപ്പദർശനം സാധ്യമാവും വിധമാണ് പുതിയ മാറ്റം. ഫ്ലൈഓവർ തൽക്കാലം പൊളിക്കില്ല. തിരക്കുകൂടുന്ന അടിയന്തരഘട്ടങ്ങളിൽ ഇതിലെയും തീർഥാടകരെ കടത്തിവിടും. മേലേതിരുമുറ്റത്ത് മാസ്റ്റർ പ്ലാൻ പ്രകാരമുള്ള നിർമാണം നടക്കുമ്പോൾ ഇത് പൊളിച്ചുമാറ്റാനാണ് തീരുമാനം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
