മതത്തിലെ അന്ധവിശ്വാസം എന്താണെന്ന് തീരുമാനിക്കാന്‍ കോടതിക്ക് കഴിയുമെന്ന് സുപ്രീം കോടതി; എതിര്‍ത്ത് കേന്ദ്രം

അന്ധവിശ്വാസപരമായ ആചാരം എന്താണെന്ന് കോടതി എങ്ങനെ തീരുമാനിക്കുമെന്ന് തുഷാര്‍ മേത്ത ചോദിച്ചു
Supreme Court
Supreme Courtഫയൽ
Updated on
2 min read

ന്യൂഡല്‍ഹി: ഒരു മതവിശ്വാസത്തിലെ ഏതൊക്കെ ആചാരങ്ങള്‍ അന്ധവിശ്വാസമെന്ന് നിര്‍വചിക്കാനും, നിര്‍ണ്ണയിക്കാനുമുള്ള അധികാരപരിധി കോടതിക്കുണ്ടെന്ന് സുപ്രീംകോടതി. ശബരിമല യുവതീപ്രവേശന കേസ് പരിഗണിക്കുമ്പോഴാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ഭരണഘടനാബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.

Supreme Court
പാലക്കാട് വോട്ടര്‍മാര്‍ക്ക് പണം നല്‍കുന്നു; ബിജെപിക്കെതിരെ കോണ്‍ഗ്രസ്, ദൃശ്യങ്ങള്‍ പുറത്ത്

ജഡ്ജിമാര്‍ മതത്തിലല്ല, നിയമമേഖലയിലാണ് വിദഗ്ധരായിട്ടുള്ളത്. അതിനാല്‍ മതേതര കോടതിക്ക് ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ കഴിയില്ലെന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ വാദത്തോടുള്ള പ്രതികരണമായാണ് കോടതിയുടെ നിരീക്ഷണം. അന്ധവിശ്വാസപരമായ ആചാരം എന്താണെന്ന് കോടതി എങ്ങനെ തീരുമാനിക്കുമെന്ന് തുഷാര്‍ മേത്ത ചോദിച്ചിരുന്നു.

ഒരു ആചാരം അന്ധവിശ്വാസമാണെന്ന് കോടതിക്കല്ല, മറിച്ച് നിയമസഭയ്‌ക്കോ പാര്‍ലമെന്റിനോ ആണ് തീരുമാനിക്കാന്‍ കഴിയുന്നത്. ഭരണഘടനയുടെ 25(2)(b) അനുച്ഛേദം അനുസരിച്ച്, ഒരു ആചാരം അന്ധവിശ്വാസമാണെന്നും അത് പരിഷ്‌കരിക്കേണ്ടതാണെന്നും കണ്ട് നിയമം നിര്‍മ്മിക്കേണ്ടത് നിയമനിര്‍മ്മാണ സഭയാണ്. ദുര്‍മന്ത്രവാദവും അനാചാരങ്ങളും തടയാന്‍ നിരവധി ചട്ടങ്ങളും നിയമങ്ങളുമുണ്ട്. തുഷാര്‍ മേത്ത ചൂണ്ടിക്കാട്ടി.

സോളിസിറ്റര്‍ ജനറലിന്റേത് തികച്ചും ലളിതവല്‍ക്കരിച്ച പ്രസ്താവനയാണെന്നും, ഒരു കാര്യം അന്ധവിശ്വാസമാണോ എന്ന് തീരുമാനിക്കാന്‍ കോടതിക്ക് അവകാശവും അധികാരപരിധിയും ഉണ്ടെന്നും ജസ്റ്റിസ് അമാനുള്ള ചൂണ്ടിക്കാട്ടി. അതിന് ശേഷം എന്ത് വേണം എന്നത് നിയമനിര്‍മ്മാണ സഭ കൈകാര്യം ചെയ്യേണ്ട കാര്യമാണ്. എന്നാല്‍, നിയമനിര്‍മ്മാണ സഭ തീരുമാനിക്കുന്നതാണ് അവസാന വാക്ക് എന്ന് കോടതിയില്‍ പറയാന്‍ കഴിയില്ല. അത് ഒരിക്കലും അംഗീകരിക്കാനാവില്ല. ജസ്റ്റിസ് അമാനുള്ള പറഞ്ഞു.

മതേതര കോടതിക്ക് അന്ധവിശ്വാസങ്ങളെ വ്യാഖ്യാനിക്കാനാകുമോയെന്ന് തുഷാര്‍ മേത്ത ചോദിച്ചു. നാഗാലാന്റില്‍ മതപരമായി കാണുന്ന ഒരു കാര്യം എനിക്ക് അന്ധവിശ്വാസമായി തോന്നാം. എന്നാല്‍ തങ്ങളുടെ പ്രദേശത്ത് നിലനില്‍ക്കുന്ന ആചാരമാണെന്നും അതുകൊണ്ട് ഭരണഘടനയുടെ 25(2)(b) അനുച്ഛേദം അനുസരിച്ച് ഇതിനെ സംരക്ഷിക്കണമെന്നും അവര്‍ക്ക് ആവശ്യപ്പെടാം. നാം അങ്ങേയറ്റം വൈവിധ്യമുള്ള ഒരു സമൂഹത്തിലാണ് ജീവിക്കുന്നത്. മഹാരാഷ്ട്രയില്‍ അന്ധവിശ്വാസ വിരുദ്ധ നിയമം നിലവിലുണ്ട്. തുഷാര്‍ മേത്ത പറഞ്ഞു.

മന്ത്രവാദം മതപരമായ ആചാരത്തിന്റെ ഭാഗമാണോ എന്ന് ജസ്റ്റിസ് ബാഗ്ചി ചോദിച്ചു, അത് അന്ധവിശ്വാസമായി കണക്കാക്കില്ലേ?. പൊതുജനാരോഗ്യം, ധാര്‍മ്മികത, ക്രമസമാധാനം എന്നിവ കണക്കിലെടുത്ത് അത്തരം ആചാരങ്ങള്‍ നിരോധിക്കാന്‍ കോടതിക്ക് നിര്‍ദ്ദേശം നല്‍കിക്കൂടെയെന്ന് ജസ്റ്റിസ് ബാഗ്ചി ചോദിച്ചു. അത്തരം കാര്യങ്ങളില്‍ ജുഡീഷ്യല്‍ റിവ്യൂ സാധ്യമാണ്. പക്ഷേ അത് ആ ആചാരം അന്ധവിശ്വാസമായതുകൊണ്ടല്ല, മറിച്ച് ആരോഗ്യം, ധാര്‍മ്മികത, ക്രമസമാധാനം എന്നിവയെ ബാധിക്കുന്നത് കൊണ്ടായിരിക്കണമെന്ന് തുഷാര്‍ മേത്ത മറുപടി നല്‍കി.

ഒരു മതാചാരം ആ മതത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഭാഗമാണോ എന്ന് തീരുമാനിക്കുമ്പോള്‍, കോടതി ആ മതത്തിന്റെ ദര്‍ശനത്തിലൂടെ വേണം അതിനെ നോക്കിക്കാണേണ്ടത്. മറ്റൊരു മതത്തിന്റെ കാഴ്ചപ്പാടുകള്‍ വെച്ചുകൊണ്ട് ഇത് അത്യാവശ്യമായ ആചാരമല്ല എന്ന് പറയാന്‍ കഴിയില്ല. ആരോഗ്യം, ധാര്‍മ്മികത, ക്രമസമാധാനം എന്നിവയ്ക്ക് വിധേയമായിക്കൊണ്ട്, ആ മതത്തിന്റെ തന്നെ തത്വശാസ്ത്രം പ്രയോഗിക്കുക എന്നതാകണം കോടതിയുടെ സമീപനമെന്ന് ജസ്റ്റിസ് ബി വി നാഗരത്‌ന അഭിപ്രായപ്പെട്ടു.

കേരളത്തിലെ ശബരിമല ക്ഷേത്രം ഉള്‍പ്പെടെയുള്ള ആരാധനാലയങ്ങളില്‍ സ്ത്രീകള്‍ വിവേചനം നേരിടുന്നുണ്ടോയെന്നതിലും, വിവിധ മതവിഭാഗങ്ങള്‍ പിന്തുടരുന്ന മതസ്വാതന്ത്ര്യത്തിന്റെ പരിധിയെയും വ്യാപ്തിയെയും കുറിച്ചുമുള്ള പുനഃപരിശോധനാ ഹര്‍ജികളാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ഒമ്പതംഗ ഭരണഘടനാ ബെഞ്ച് പരിഗണിക്കുന്നത്.

Supreme Court
മൂന്ന് ദിവസം സ്ത്രീകൾ തൊട്ടുകൂടാത്തവരാകരുതെന്ന് ജസ്റ്റിസ് നാ​ഗരത്ന; ശബരിമലയിൽ ആർത്തവമല്ല പ്രശ്നമെന്ന് തുഷാർമേത്ത

2018 സെപ്റ്റംബറിലാണ്, അഞ്ച് ജഡ്ജിമാരുടെ ഭരണഘടനാ ബെഞ്ച്, 4:1 ഭൂരിപക്ഷ വിധിയിലൂടെ, 10 നും 50 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് ശബരിമല ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിനുള്ള വിലക്ക് നീക്കുകയും, നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഹിന്ദുആചാരം നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് വിധിക്കുകയും ചെയ്തത്. മുന്‍ നിലപാട് തിരുത്തി ആചാരങ്ങള്‍ പാലിക്കണമെന്നാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും സര്‍ക്കാരും നിലപാട് സ്വീകരിച്ചിട്ടുള്ളത്.

Summary

The Supreme Court on Wednesday observed that it has the right and jurisdiction to hold what is a superstitious practice in a religion.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com