

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ റിമാൻഡിൽ കഴിയുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിനും ബെല്ലാരിയിലെ സ്വർണ വ്യാപാരി ഗോവർദ്ധനും നൽകിയ ജാമ്യ ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. സ്വർണക്കൊള്ളയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നൽകിയ ഹർജിയും ഹൈക്കോടതി പരിഗണിക്കുന്നുണ്ട്.
അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തൽ പൂർണമായും നിഷേധിക്കുകയാണ് ജാമ്യാപേക്ഷയിൽ എ പത്മകുമാർ. ദേവസ്വത്തിന്‍റെ ഭരണപരമായ പദവിയിൽ ഇരുന്ന തനിക്ക് ജീവനക്കാരെ ശബരിമലയിൽ ജോലിയുടെ ഭാഗമായി നിയന്ത്രിക്കാനുള്ള ചുമതലയാണ് ഉണ്ടായിരുന്നത്. താൻ ഒറ്റയ്ക്ക് ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും ഹർജിയിൽ വാദമുണ്ട്.
നിരപരാധിയാണെന്നും ശബരിമലയ്ക്ക് വലിയ തോതിൽ സംഭാവനകൾ നൽകുന്ന വ്യക്തിയാണെന്നും സ്വർണ വ്യാപാരിയായ ഗോവർദ്ധൻ ജാമ്യ ഹർജിയിൽ വാദിക്കുന്നു. ഉണ്ണികൃഷ്ണൻ പോറ്റിയിൽ നിന്ന് ലഭിച്ച 400 ഗ്രാമിലധികം സ്വർണം ശബരിമലയിലേതാണെന്ന് തിരിച്ചറിഞ്ഞപ്പോൾ തന്നെ 10 ലക്ഷം രൂപ ഡിഡിയായും പത്ത് പവൻ മാലയായും തിരികെ നൽകിയിട്ടുണ്ടെന്നും ഇതുവരെ ഒന്നരക്കോടി രൂപ ക്ഷേത്രത്തിന് നൽകിയ തനിക്ക് തട്ടിപ്പ് നടത്തേണ്ട സാഹചര്യമില്ലെന്നുമാണ് ഗോവർദ്ധൻ ഹർജിയിൽ പറയുന്നത്.
സ്വർണക്കൊള്ള കേസ് അന്വേഷണത്തിൽ ഹൈക്കോടതി തൃപ്തി രേഖപ്പെടുത്തിയിരുന്നു. രേഖകൾ മറച്ചു വയ്ക്കാൻ ചില വ്യക്തികൾ ശ്രമിച്ചെങ്കിലും സുപ്രധാന രേഖകൾ കണ്ടെത്താനും വീണ്ടെടുക്കാനും എസ്ഐടി സംഘത്തിനു കഴിഞ്ഞെന്നു ഹൈക്കോടതി ദേവസ്വം ബഞ്ച് നിരീക്ഷിച്ചു. നിർഭയമായി അന്വേഷണം മുന്നോട്ടു പോകണം. സത്യസന്ധതയുള്ള ഉദ്യോഗസ്ഥരെ എസ്ഐടി സംഘത്തലവന് ഉൾപ്പെടുത്താം. കോടതിയെ ഇക്കാര്യം ബോധ്യപ്പെടുത്തണമെന്നും ഹൈക്കോടതി ഇടക്കാല ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.
കേസിൽ ഇതുവരെ 181 സാക്ഷികളെ ചോദ്യം ചെയ്തതായി എസ്ഐടി ഹൈക്കോടതിയെ ധരിപ്പിച്ചു. ബാഹ്യസമ്മർദ്ദങ്ങളിലാതെ അന്വേഷണവുമായി മുന്നോട്ടു പോകാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദ്ദേശം നൽകി.
നാല് ഘട്ടങ്ങളായി കേസ് അന്വേഷിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്ട്. 1998ൽ യുബി ഗ്രൂപ്പ് സ്വർണം പൊതിഞ്ഞത്. 2019ൽ കട്ടിളപ്പാളി സ്വർണം പൂശാൻ അഴിച്ചെടുത്തത്. ദ്വാരപാലക ശിൽപ്പങ്ങൾ വീണ്ടും സ്വർണം പൂശാൻ കൊണ്ടു പോയത്. 2025ൽ ദ്വാരപാലക ശിൽപ്പം വീണ്ടും സ്വർണം പൂശിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates