ശബരിമല സ്വര്‍ണക്കൊള്ള: പി എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്തു; തന്ത്രിയുടെ കയ്യെഴുത്ത് പരിശോധിക്കാന്‍ എസ്‌ഐടി
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്തു. ഈ മാസം 24 നാണ് പ്രശാന്തിന്റെ മൊഴി എസ്‌ഐടി രേഖപ്പെടുത്തിയത്. എസ്‌ഐടി ഓഫീസില്‍ വെച്ചായിരുന്നു ചോദ്യം ചെയ്യല്‍. കേസുമായി ബന്ധപ്പെട്ട് രണ്ടാം തവണയാണ് പ്രശാന്തിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത്.
നേരത്തെ മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തതിനു പിന്നാലെ പ്രശാന്തിന്റെ മൊഴിയും ശേഖരിച്ചിരുന്നു. പിന്നീട് ചില രേഖകളുമായി ഹാജരാകാന്‍ നിര്‍ദേശിച്ചിരുന്നെങ്കിലും, സാങ്കേതിക കാരണങ്ങളാല്‍ അതു മാറ്റിവെയ്ക്കുകയായിരുന്നു. 1998 മുതല്‍ 2025 വരെയുള്ള കാര്യങ്ങളും കൂടി വിശദമായി അന്വേഷിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു.
പി എസ് പ്രശാന്ത് ദേവസ്വം പ്രസിഡന്റ് ആയിരിക്കുന്ന കാലത്താണ് വീണ്ടും ദ്വാരപാലക ശില്‍പ്പം പുറത്തു കൊണ്ടുപോയി തട്ടിപ്പിന് ഉണ്ണികൃഷ്ണന്‍ പോറ്റി ശ്രമിച്ചത്. ഇതിനു പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടോ?, ഇക്കാലയളവിലും ഉണ്ണികൃഷ്ണന്‍ പോറ്റി ശബരിമലയില്‍ തന്റെ സ്വാധീനം ഉപയോഗിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് അന്വേഷിക്കുന്നത്. ദേവസ്വം ബോര്‍ഡ് അംഗം അജികുമാറിനെയും എസ്‌ഐടി ചോദ്യം ചെയ്തിട്ടുണ്ട്.
അതിനിടെ കേസില്‍ അറസ്റ്റിലായ ശബരിമല മുന്‍ തന്ത്രി കണ്ഠരര് രാജീവരുടെ കയ്യെഴുത്ത് പരിശോധിക്കാനാണ് എസ്‌ഐടി നീക്കം. ഇതിനായി സാംപിള്‍ ശേഖരിക്കുന്നതിനായി കൊല്ലം വിജിലന്‍സ് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. മഹസ്സറില്‍ തന്ത്രിയും ഒപ്പിട്ടിട്ടുണ്ട്. സ്വര്‍ണ്ണപ്പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൈവശം കൊടുത്തുവിടാവുന്നതാണെന്ന് തന്ത്രി കണ്ഠരര് രാജീവര് സ്വന്തം കൈപ്പടയില്‍ അനുജ്ഞ എഴുതി നല്‍കിയിരുന്നുവെന്നും എസ്‌ഐടി വ്യക്തമാക്കിയിരുന്നു.
Former Travancore Devaswom Board president P.S. Prasanth was questioned again in connection with the Sabarimala gold theft case.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

