

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. തെരഞ്ഞെടുപ്പ് കാലത്ത് എസ്‌ഐടിയുടെ മേല്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് സമ്മര്‍ദ്ദം ഉണ്ടായതായി വി ഡി സതീശന്‍ ആരോപിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് വഴി രണ്ടു മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്മാരാണ് എസ്‌ഐടിക്ക് മേല്‍ വലിയ സമ്മര്‍ദ്ദം ചെലുത്തിയത്. ദയവ് ചെയ്ത് ഇവര്‍ രണ്ടുപേരും ഇതില്‍ നിന്ന് പിന്മാറണം. അല്ലാത്തപക്ഷം ഇവരുടെ പേര് വെളിപ്പെടുത്താന്‍ നിര്‍ബന്ധിതരാകുമെന്നും വി ഡി സതീശന്‍ മുന്നറിയിപ്പ് നല്‍കി.
'ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഞങ്ങള്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നവരാണ്. നിര്‍ബന്ധിക്കാതിരുന്നത് ഹൈക്കോടതി ഗൗരവത്തോടെ ഈ വിഷയത്തെ കണ്ടത് കൊണ്ടാണ്. ഹൈക്കോടതി ഇടപെട്ടില്ലായിരുന്നുവെങ്കില്‍ ഈ മോഷണം പിന്നെയും തുടരുമായിരുന്നു. 2019ലെ മോഷണം 2024ലും നടക്കുമായിരുന്നു. ഹൈക്കോടതി നേരിട്ട് ഇടപെട്ടാണ് എസ്‌ഐടിയെ നിയോഗിച്ചത്. അതുകൊണ്ടാണ് ഞങ്ങള്‍ സപ്പോര്‍ട്ട് ചെയ്തത്. സിബിഐ അന്വേഷണത്തില്‍ നിന്ന് മാറിയത്. തെരഞ്ഞെടുപ്പ് കാലത്ത് എസ്‌ഐടിയുടെ മീതെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് സമ്മര്‍ദ്ദം ഉണ്ടായി. തുടര്‍ന്ന് അന്വേഷണം മന്ദഗതിയിലായി. ഇതുസംബന്ധിച്ച് ഞങ്ങള്‍ ഉന്നയിച്ച ആരോപണം ശരിവെയ്ക്കുന്നതാണ് ഹൈക്കോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായ നിരീക്ഷണം. അന്വേഷണം എവിടെ നില്‍ക്കുന്നു, എവിടെ തടഞ്ഞുനില്‍ക്കുന്നു എന്ന് ഹൈക്കോടതിക്ക് ഞങ്ങളെക്കാള്‍ കൃത്യമായി അറിയാന്‍ സാധിക്കും.ഇപ്പോള്‍ ഹൈക്കോടതി ഇടപെട്ട സാഹചര്യത്തില്‍ അന്വേഷണം നല്ലനിലയില്‍ മുന്നോട്ടുപോകുമെന്നാണ് ഞാന്‍ കരുതുന്നത്'- വി ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.
'ഇപ്പോള്‍ ഞാന്‍ ഒരു ഗുരുതര ആരോപണം ഉന്നയിക്കാന്‍ പോകുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് വഴി രണ്ടു മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്മാര്‍ വലിയ സമ്മര്‍ദ്ദമാണ് എസ്‌ഐടിയുടെ മേല്‍ ചെലുത്തുന്നത്. മര്യാദയുടെ പേരില്‍ അവരുടെ പേര് ഞാന്‍ പറയുന്നില്ല. ദയവ് ചെയ്ത് അവര്‍ രണ്ടുപേരും അവരുടെ പേര് ഞങ്ങളെ കൊണ്ട് പറയിപ്പിക്കരുത്. മുഖ്യമന്ത്രിയുടെ ഓഫീസ് ചുമതലപ്പെടുത്തിയ രണ്ടു മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്മാരാണ് എസ്‌ഐടിക്ക് മീതെ അനാവശ്യമായ സമ്മര്‍ദ്ദം ചെലുത്തുകയും സ്വാധീനിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നത്. ദയവ് ചെയ്ത് അവര്‍ രണ്ടുപേരും ഇതില്‍ നിന്ന് പിന്മാറണം. അല്ലെങ്കില്‍ മുതിര്‍ന്ന രണ്ടു ഐപിഎസ് ഉദ്യോഗസ്ഥരുടെയും പേര് വിവരം വെളിപ്പെടുത്തേണ്ട ഗതികേടിലേക്ക് പോകും.അയ്യപ്പന്റെ സ്വര്‍ണം കവര്‍ന്നെടുത്ത കേസാണ്. അന്വേഷണം സത്യസന്ധമായി മുന്നോട്ടുപോകണം. അന്വേഷണം ഞങ്ങള്‍ സൂക്ഷ്മതയോടെ നിരീക്ഷിക്കും. എവിടെ പാളിച്ച വന്നാലും വിളിച്ചു പറയും. അന്വേഷണം മന്ദഗതിയിലായതിനെ സംബന്ധിച്ച് കോടതി കൃത്യമായി അഭിപ്രായം പറഞ്ഞിരിക്കുകയാണ്. കോടതി ഇടപെട്ടതോടെ അന്വേഷണം നല്ലരീതിയില്‍ മുന്നോട്ടുപോകുമെന്നാണ് പ്രതീക്ഷിക്കുന്നത്.മുന്നോട്ടുപോകട്ടെ. ഇതുവരെ എസ്‌ഐടിയില്‍ ഞാന്‍ അവിശ്വാസം രേഖപ്പെടുത്തുന്നില്ല. അവരുടെ മീതെ സമ്മര്‍ദ്ദമുണ്ട്. വാസുവിനെ അറസ്റ്റ് ചെയ്യുന്നതിന് മുന്‍പ് സമ്മര്‍ദ്ദമുണ്ടായി. എന്നാല്‍ അത് അവര്‍ മറികടന്നു. വന്‍സ്രാവുകളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുമെന്നു തന്നെയാണ് വിശ്വാസം'- വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates