

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധിയേയും എസ്‌ഐടി അന്വേഷണ പരിധിയില്‍ കൊണ്ടുവരണമെന്ന് മന്ത്രി വി ശിവന്‍കുട്ടി. സോണിയ ഗാന്ധിയുടെ വസതിയില്‍ എങ്ങനെയാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയ്ക്ക് പ്രവേശനം ലഭിച്ചത്? സോണിയ ഗാന്ധിക്കും അടൂര്‍ പ്രകാശിനും ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ബന്ധം ഞെട്ടിക്കുന്നതാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
'കേസില്‍ പ്രതികള്‍ക്ക് കോണ്‍ഗ്രസ് ഉന്നത നേതൃത്വവുമായുള്ള അവിശുദ്ധ ബന്ധം തെളിവ് സഹിതം പുറത്തുവന്നു കൊണ്ടിരിക്കുന്ന സാഹചര്യം അങ്ങേയറ്റം ഗൗരവമുള്ളതാണ്. ഭക്തലക്ഷങ്ങളുടെ വികാരമായ ശബരിമലയിലെ സ്വര്‍ണം കവര്‍ന്ന കേസിലെ മുഖ്യ പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയും ജ്വല്ലറി ഉടമയും കോണ്‍ഗ്രസ് അധ്യക്ഷയായിരുന്ന സോണിയാ ഗാന്ധിയുമായും അടൂര്‍ പ്രകാശ് എംപി അടക്കമുള്ള നേതാക്കളുമായും നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ കേരളം ഞെട്ടലോടെയാണ് കാണുന്നത്. അതിസുരക്ഷാ മേഖലയായ സോണിയാ ഗാന്ധിയുടെ വസതിയില്‍ ഇവര്‍ക്ക് പ്രവേശനം ലഭിച്ചത് ആരുടെ സഹായത്തിലാണെന്ന് കോണ്‍ഗ്രസ് നേതൃത്വം ഇനിയെങ്കിലും വ്യക്തമാക്കണം. 2004ല്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കോണ്‍ഗ്രസ് നേതാക്കളുടെ പ്രത്യേക താത്പര്യപ്രകാരമാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയെ പരികര്‍മിയായി നിയമിച്ചത്. അന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്നത് പ്രയാര്‍ ഗോപാലകൃഷ്ണനാണ്. അജയ് തറയില്‍ തുടങ്ങിയവരുമായി ഇവര്‍ക്ക് ഉണ്ടായിരുന്ന ബന്ധവും അന്വേഷണ പരിധിയില്‍ വരുന്നു എന്നതും നിസാരമല്ല. എസ്‌ഐടിയുടെ കേസ് അന്വേഷണത്തെ പ്രതിപക്ഷം ബോധപൂര്‍വം അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ്. സ്വന്തം നേതാക്കള്‍ക്ക് കേസിലുള്ള പങ്ക് വെളിപ്പെടുമോ എന്ന ഭയമാണ് മുഖ്യമന്ത്രിയുടെ ഓഫീസിന് നേരെ അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിക്കാന്‍ പ്രതിപക്ഷത്തെ പ്രേരിപ്പിക്കുന്നത്'- വി ശിവന്‍കുട്ടി പറഞ്ഞു.
ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള കൂടിക്കാഴ്ചയില്‍ സോണിയാഗാന്ധിയുടെ മൊഴി നിര്‍ണായകമാണെന്നും അദ്ദേഹം പറഞ്ഞു. കേസില്‍ അന്വേഷണം സോണിയ ഗാന്ധിയിലേക്ക് നിങ്ങുന്നത് പ്രധാനമാണ്. ഗൂഢാലോചന പുറത്ത് വരണം. പദവി നോക്കാതെ സോണിയ ഗാന്ധിയെ അന്വേഷണ പരിധിയില്‍ കൊണ്ട് വരണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
ഉണ്ണികൃഷ്ണന്‍ പോറ്റിയെ ആദ്യം കയറ്റിയത് കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധിയുടെ വീട്ടിലെന്നാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപിച്ചത്. വിവാദത്തില്‍ കോണ്‍ഗ്രസ് നേതാവും എംപിയുമായ അടൂര്‍ പ്രകാശിന്റെ പേര് വരുന്നത് എങ്ങനെയാണെന്നും മുഖ്യമന്ത്രി ചോദിച്ചു. പോറ്റി ആദ്യം കയറിയത് എവിടെയാണ്. സോണിയ ഗാന്ധിയും ഉണ്ണികൃഷ്ണന്‍ പോറ്റിയും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ തനിക്ക് പങ്കില്ല എന്ന് അടൂര്‍ പ്രകാശ് പറയുന്നു. പോറ്റി വിളിച്ചാല്‍ പോകേണ്ട ആളാണോ അദ്ദേഹം. എങ്ങനെയാണ് മഹാതട്ടിപ്പുകാര്‍ക്ക് സോണിയയെ പോലെ ഒരു രാഷ്ട്രീയ നേതാവിന്റെ അടുക്കല്‍ എത്താന്‍ കഴിയുന്നതെന്നും ഒന്നും പറയാന്‍ ഇല്ലാത്തപ്പോള്‍ കൊഞ്ഞനം കുത്തുകയാണോ വേണ്ടത് എന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates