ശബരിമല: ശബരിമലയിലെ ദോഷങ്ങൾ പരിഹരിക്കുന്നതിനായി തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ വിവിധ ക്ഷേത്രങ്ങളിൽ പ്രത്യേക പരിഹാരക്രിയകൾ ആരംഭിച്ചു. കർണാടകയിലെ പ്രശസ്തമായ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലും കാസർകോട് കുമാരമംഗലം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലുമാണ് ആദ്യഘട്ട പൂജകൾ പൂർത്തിയായത്. 2018-ൽ ശബരിമലയിൽ നടത്തിയ ദേവപ്രശ്നത്തിലാണ് ക്ഷേത്രത്തിലെ ദോഷങ്ങൾ പരിഹരിക്കാൻ പ്രത്യേക പൂജകൾ നടത്തണമെന്ന് നിർദ്ദേശിച്ചിരുന്നത്. എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും ഈ പൂജകൾ നടന്നിരുന്നില്ല. അടുത്തിടെയുണ്ടായ ശബരിമല സ്വർണ്ണക്കൊള്ള ഉൾപ്പെടെയുള്ള വലിയ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് വർഷങ്ങൾക്ക് ശേഷം നിർദ്ദിഷ്ട പരിഹാരക്രിയകൾ നടത്താൻ ദേവസ്വം ബോർഡ് തീരുമാനമെടുത്തത്.
ദേവസ്വം ബോർഡ് എക്സിക്യൂട്ടീവ് അംഗം പി.എസ്. ശാന്തകുമാറിന്റെ നേതൃത്വത്തിലാണ് അധികൃതർ രഹസ്യമായി ക്ഷേത്രങ്ങളിലെത്തി പൂജകളിൽ പങ്കെടുത്തത്. വാക്ദോഷങ്ങൾ മാറുന്നതിനായാണ് കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ പ്രത്യേക വഴിപാടുകൾ നടത്തിയത്. മണി, നാക്ക്, നാരായം എന്നിവ ദേവിക്ക് സമർപ്പിച്ചായിരുന്നു പൂജ. കൊല്ലൂരിൽ ഇനി മഹാപൂജയാണ് നടക്കാനുള്ളതെന്നും ഇത് ഉടൻ തന്നെ സംഘടിപ്പിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
കാസർകോട് കുമാരമംഗലം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലും ഇതിന്റെ ഭാഗമായി പ്രത്യേക പൂജകൾ നടന്നു. ക്ഷേത്രത്തിൽ കാർത്തിക പൂജയും കാണിക്ക സമർപ്പണവുമാണ് ബോർഡ് പ്രതിനിധികളുടെ സാന്നിധ്യത്തിൽ നടത്തിയത്. ഈ പൂജകളുടെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കുമാരമംഗലം ക്ഷേത്രത്തിൽ ഇനി രംഗപൂജയാണ് നടക്കാനുള്ളത്. കേരളത്തിലും പുറത്തുമായി 25 പ്രധാന ക്ഷേത്രങ്ങളിൽ പരിഹാര പൂജകൾ നടത്തണമെന്നാണ് 2018-ലെ ദേവപ്രശ്നത്തിൽ വിധിച്ചിരുന്നത്. ബാക്കിയുള്ള ക്ഷേത്രങ്ങളിലും വരും ദിവസങ്ങളിൽ ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ പൂജകൾ തുടരമെന്നാണ് വിശ്വസനീയ കേന്ദ്രങ്ങള്‍ നൽകുന്ന സൂചന.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates