

പത്തനംതിട്ട: ശബരിമല മണ്ഡല - മകര വിളക്ക് തീര്‍ഥാടന കാലത്തിന് തിങ്കളാഴ്ച തുടക്കമാകും. മണ്ഡല പൂജയ്ക്കായി ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രനട തുറന്നു. ശരണം വിളികളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ ക്ഷേത്രതന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മികത്വത്തില്‍ മേല്‍ശാന്തി എസ്. അരുണ്‍കുമാര്‍ നമ്പൂതിരി ക്ഷേത്ര ശ്രീകോവില്‍ നട തുറന്ന് വിളക്ക് തെളിയിച്ചു. ശേഷം ഉപദേവതാ ക്ഷേത്ര നടകളും തുറന്നു. മാളികപ്പുറം മേല്‍ശാന്തി ടി. വാസുദേവന്‍ നമ്പൂതിരി മാളികപ്പുറത്ത് നട തുറന്നു.
ശബരിമലയിലെ പുതിയ മേല്‍ശാന്തിയായി ഇ ഡി പ്രസാദ് നമ്പൂതിരിയും മാളികപ്പുറം മേല്‍ശാന്തി എം ജി മനു നമ്പൂതിരിയും ചുമതല ഏറ്റെടുത്തു. ഇരുമുടി കെട്ടുമായി പതിനെട്ടാം പടി കയറിവന്ന ഇരുവരേയും സ്ഥാനമൊഴിഞ്ഞ മേല്‍ശാന്തി എസ്. അരുണ്‍കുമാര്‍ നമ്പൂതിരി പതിനെട്ടാം പടിക്ക് മുകളില്‍ വച്ച് കൈപിടിച്ച് കയറ്റി ശ്രീകോവിലിനു മുന്നിലേക്ക് ആനയിച്ചു. തുടര്‍ന്ന് ഇ ഡി പ്രസാദ് നമ്പൂതിരിയെ തന്ത്രി കണ്ഠര് മഹേഷ് മോഹനര്, അയ്യപ്പന് മുന്നില്‍ വച്ച് കലശാഭിഷേകം നടത്തി മേല്‍ശാന്തിയായി അവരോധിക്കുകയും, അദ്ദേഹത്തെ ശ്രീകോവിലിനുള്ളിലേക്ക് കൈപിടിച്ച് കയറ്റുകയും ചെയ്തു. നട അടച്ച ശേഷം അയ്യപ്പന്റെ മൂലമന്ത്രം മേല്‍ശാന്തിയുടെ കര്‍ണങ്ങളിലേക്ക് തന്ത്രി പകര്‍ന്നു നല്‍കി. തുടര്‍ന്ന് മാളികപ്പുറം ക്ഷേത്ര ശ്രീകോവിലിനു മുന്നില്‍ കലശാഭിഷേകം നടത്തി എംജി മനു നമ്പൂതിരിയെ മാളികപ്പുറം മേല്‍ശാന്തിയായി അവരോധിച്ചു.
പുതിയ മേല്‍ശാന്തി ഇ ഡി പ്രസാദ് നമ്പൂതിരിയാണ് വൃശ്ചികം ഒന്നിന് തിങ്കളാഴ്ച നട തുറക്കുക. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍, അംഗങ്ങളായ കെ രാജു, പി ഡി സന്തോഷ് കുമാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
ഞായറാഴ്ച ഉച്ചയോടെ അയ്യപ്പന്മാരെ പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് കയറ്റി വിട്ട് തുടങ്ങിരുന്നു. തീര്‍ത്ഥാടന കാലത്ത് ഇത്തവണ വെര്‍ച്വല്‍ ക്യൂ വഴി ഒരു ദിവസം 70000 പേര്‍ക്കാണ് ദര്‍ശനം അനുവദിക്കുക. 20,000 പേര്‍ക്ക് സ്പോട്ട് ബുക്കിങ് വഴിയും ദര്‍ശനം ലഭിക്കും. നവംബര്‍ 17 മുതല്‍ ഡിസംബര്‍ 27 വരെയാണ് മണ്ഡല ഉത്സവ കാലം. മകരവിളക്ക് ഉത്സവത്തിനായി ശബരിമല ക്ഷേത്രനട ഡിസംബര്‍ 30ന് തുറക്കും. 2025 ജനുവരി 14ന് ആണ് മകരവിളക്ക്.
വൃശ്ചികമാസം ഒന്ന് (നവംബര്‍ 17) മുതല്‍ രാവിലെ 3 മണി മുതല്‍ ഉച്ചക്ക് 1 മണിവരെയും, ഉച്ചകഴിഞ്ഞ് 3 മണിമുതല്‍ രാത്രി 11 മണിക്കുള്ള ഹരിവരാസനം വരെയും നട തുറന്നിരിക്കും.
ശബരിമല - സമയക്രമം
രാവിലെ നട തുറക്കുന്നത് - 3 മണി
നിര്‍മ്മാല്യം അഭിഷേകം 3 മുതല്‍ 3.30 വരെ
ഗണപതി ഹോമം 3.20 മുതല്‍
നെയ്യഭിഷേകം 3.30 മുതല്‍ 7 വരെ
ഉഷ പൂജ 7.30 മുതല്‍ 8 വരെ
നെയ്യഭിഷേകം 8 മുതല്‍ 11 വരെ
25 കലശം, കളഭം 11.30 മുതല്‍ 12 വരെ
ഉച്ച പൂജ 12.00 ന്
ഉച്ചയ്ക്ക് നട അടക്കല്‍ 01.00 ന്
നട തുറക്കല്‍ 03.00 ന്
ദീപാരാധന 06.30 06.45
പുഷ്പാഭിഷേകം 06.45 മുതല്‍ 9 വരെ
അത്താഴ പൂജ 9.15 മുതല്‍ 9.30 വരെ
ഹരിവരാസനം 10.45 ന്
നട അടയ്ക്കല്‍ രാത്രി 11.00 ന്
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates