

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനത്തില്‍ സര്‍ക്കാര്‍ തിരുത്തണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. നേരത്തെ പറഞ്ഞതില്‍ മാറ്റമുണ്ടാകുമെന്ന് പറഞ്ഞാണ്, പല സംഘടനകളെയും കബളിപ്പിച്ച് ആഗോള അയ്യപ്പ സംഗമത്തിന് കൊണ്ടുവന്നത്. നേരത്തെ മാപ്പു പറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലം സര്‍ക്കാര്‍ തിരുത്തണമെന്ന് വിഡി സതീശന്‍ ആവശ്യപ്പെട്ടു.
സത്യവാങ്മൂലം തിരുത്തിയില്ലെങ്കില്‍ സര്‍ക്കാര്‍ പറഞ്ഞതിലെ കാപട്യം പുറത്തു വരും. സര്‍ക്കാര്‍ ഉരുണ്ടു കളിക്കുകയാണ്. അഴകൊഴമ്പന്‍ സമീപനമാണ് സ്വീകരിക്കുന്നത്. ഞങ്ങള്‍ തിരുത്താന്‍ പോകുമെന്ന് പറയുകയാണ് വേണ്ടത്. നേരത്തെ പറഞ്ഞ അഭിപ്രായത്തില്‍ മാറ്റമുണ്ട്. സാമൂഹ്യസാഹചര്യങ്ങള്‍ മാറി. അതുകൊണ്ടു സര്‍ക്കാരിന്റെ അഭിപ്രായം മാറി. ശബരിമലയിലെ സുപ്രീംകോടതി വിധി നടപ്പാക്കരുത്. യുവതീ പ്രവേശനം അനുവദിക്കരുത് എന്നതാണ് സര്‍ക്കാര്‍ നിലപാട് എന്നു തിരുത്തിക്കൊടുക്കാന്‍ എത്ര മണിക്കൂര്‍ ചര്‍ച്ച വേണമെന്ന് വിഡി സതീശന്‍ ചോദിച്ചു.
ഇന്‍സ്റ്റന്റായി തീരുമാനം എടുക്കുന്നയാളാണ് പ്രതിപക്ഷ നേതാവ് എന്നാണ് നിയമമന്ത്രി പി രാജീവ് പരിഹസിച്ചത്. ഇതുപോലൊരു അഫിഡവിറ്റ് സമര്‍പ്പിക്കാന്‍ ഒരു കൊല്ലം എടുക്കുന്ന ആളല്ല താന്‍. ഇന്‍സ്റ്റന്റായി തീരുമാനമെടുക്കുന്നവരാണ് ഞങ്ങള്‍. എടുത്ത നിലപാടില്‍ ഉറച്ചു നില്‍ക്കുകയും ചെയ്യും. എന്നാല്‍ സിപിഎമ്മിന് നിലപാടുമില്ല, ഉറപ്പുമില്ല, തീരുമാനവുമില്ല, എന്നാല്‍ അയ്യപ്പ ഭക്തരുടെ വോട്ടും വേണം. ഇതെല്ലാം കൂടി നടക്കില്ല. സത്യവാങ്മൂലം തിരുത്തിക്കൊടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുകയാണ് വേണ്ടത്.
മാറാത്തതായി ഒന്നുമില്ല, മാറ്റത്തിനു മാത്രമാണ് മാറ്റമില്ലാത്തത് എന്ന എംവി ഗോവിന്ദന്റെ പ്രസ്താവനയെയും വിഡി സതീശന്‍ പരിഹസിച്ചു. ആര്‍ക്കും മനസ്സിലാകാത്ത ഭാഷയിലാണ് പറയുന്നത്. എന്താണ് അദ്ദേഹം ഉദ്ദേശിച്ചത്. മര്യാദയ്ക്ക് പറഞ്ഞാല്‍ പോരേ. ശബരിമലയില്‍ സര്‍ക്കാര്‍ കൊടുത്ത സത്യവാങ്മൂലം മാറ്റി കൊടുക്കും എന്നു പറയാതെ, മാറ്റമാണ് ലോകം, മാറ്റുവിന്‍ ചട്ടങ്ങളെ എന്നൊക്കെ പറഞ്ഞാല്‍ മറുപടി ആയോയെന്ന് വിഡി സതീശന്‍ ചോദിച്ചു.
യുഡിഎഫ് സർക്കാർ വന്നാൽ ഈ സത്യവാങ്മൂലം മാറ്റി, ആചാരത്തെ അനുകൂലിക്കുന്ന സത്യവാങ്മൂലം നൽകും. ഇനിയും വിസ്മയങ്ങള്‍ ഉണ്ടാകുമെന്ന് വിഎസിന്റെ മുന്‍ പിഎ സുരേഷ് യുഡിഎഫിലേക്ക് വരുന്നതിനെ സൂചിപ്പിച്ച് പ്രതിപക്ഷ നേതാവ് പറഞ്ഞു. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രതീകമാണ് വിഎസ്. അദ്ദേഹത്തിന്റെ സന്തത സഹചാരിയും, മകനെപ്പോലെ ചേര്‍ത്തു പിടിച്ചു നടന്നയാളുമാണ് സുരേഷ്. ഇടതുപക്ഷ സാഹയാത്രികര്‍ മാത്രമല്ല, പാര്‍ട്ടി അംഗങ്ങള്‍ വരെ സിപിഎമ്മുമായി പിരിയുകയാണ്. ജാഥ തിരുവനന്തപുരത്ത് എത്തുമ്പോള്‍ ഇനിയും വിസ്മയങ്ങള്‍ ഉണ്ടാകുമെന്ന് വിഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.
മൂന്നാമതും പിണറായി സര്‍ക്കാര്‍ വരുമെന്ന മണിശങ്കര്‍ അയ്യരുടെ പ്രസ്താവനയെ വിഡി സതീശന്‍ തള്ളിക്കളഞ്ഞു. അദ്ദേഹത്തിന് കോണ്‍ഗ്രസുമായി ഒരു ബന്ധവുമില്ല. കോണ്‍ഗ്രസില്‍ ഉണ്ടായിരുന്ന കാലത്ത് കിട്ടാമായിരുന്ന അധികാരവും സുഖസൗകര്യങ്ങളും കിട്ടിയിട്ട്, പിന്നെ കോണ്‍ഗ്രസിനെ തള്ളിപ്പറഞ്ഞ് പുറത്തുപോയ ആളാണ്. അങ്ങനെ എല്ലാ പാര്‍ട്ടിയിലും ഉണ്ടല്ലോ കുറേ ആളുകളെന്നും വിഡി സതീശന്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates