

ന്യൂഡല്‍ഹി: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട കേസ് സുപ്രീംകോടതിയുടെ ഒമ്പതംഗ ഭരണഘടനാ ബെഞ്ചിന് വിടുന്നത് പരിഗണനയില്‍. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഒരു ദേശീയ മാധ്യമത്തോടാണ് ഇക്കാര്യം വ്യക്തമാക്കിയത്. മതസ്വാതന്ത്ര്യവും സ്ത്രീകള്‍ക്കെതിരായ വിവേചനവും ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിടുന്നതിന്റെ സാധ്യതയാണ് പരിശോധിക്കുന്നതെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
ശബരിമല യുവതീ പ്രവേശനം കൂടാതെ, ദാവൂദി ബോറ മുസ്ലീം സമുദായത്തിലെ സ്ത്രീകളുടെ ചേലാകര്‍മ്മം ആചാരത്തെയും പള്ളികളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിക്കുന്നതിനെയും ചോദ്യം ചെയ്യുന്ന ഹര്‍ജികള്‍, സമുദായത്തിന് പുറത്ത് വിവാഹം കഴിക്കുന്ന പാഴ്സി സ്ത്രീകളുടെ അജിയാരി (സൊറോസ്ട്രിയന്‍ ക്ഷേത്രം) പ്രവേശനം നിഷേധിക്കുന്നതിനെ ചോദ്യം ചെയ്യുന്ന ഹര്‍ജികള്‍ തുടങ്ങിയവയും സുപ്രീംകോടതിയുടെ മുന്നിലുണ്ട്. ഇതെല്ലാം 9 അംഗ ബെഞ്ചിന് വിടുന്നതാണ് പരിഗണിക്കുന്നത്.
നിരവധി സുപ്രധാന ഭരണഘടനാ പ്രശ്‌നങ്ങള്‍ ഉന്നയിക്കുന്ന തീര്‍പ്പുകല്‍പ്പിക്കാത്ത ഹര്‍ജികള്‍ കൈകാര്യം ചെയ്യുന്നതിനായി കഴിയുന്നത്ര ഭരണഘടനാ ബെഞ്ചുകള്‍ സ്ഥാപിക്കുക എന്നതാണ് തന്റെ മുന്‍ഗണനകളില്‍ ഒന്നെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. വോട്ടര്‍ പട്ടിക തീവ്ര പുനഃപരിശോധന ( എസ്‌ഐആര്‍) ചോദ്യം ചെയ്ത് നിരവധി സംസ്ഥാനങ്ങളില്‍ നിന്ന് അടക്കമുള്ള ഹര്‍ജികള്‍ സുപ്രീംകോടതിക്ക് മുന്നിലുണ്ട്. രാജ്യവ്യാപകമായ വോട്ടര്‍ പട്ടിക പുതുക്കല്‍ അവസാനിച്ചതിന് ശേഷം എസ്‌ഐആര്‍ പരിഗണിക്കുന്ന ബെഞ്ച് ഈ ഹര്‍ജികള്‍ പരിശോധിക്കും.
ഭരണഘടനാ കോടതികള്‍ ആശുപത്രികളിലെ അത്യാസന്ന വാര്‍ഡുകള്‍ പോലെ പ്രവര്‍ത്തിക്കണമെന്ന് ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചു. നിയമപരമായ വെല്ലുവിളി നേരിട്ടാന്‍, ഒരു പദവിയും നോക്കാതെ ഏതൊരു ഇന്ത്യന്‍ പൗരനും ഏത് അര്‍ധരാത്രിയും സഹായം തേടി സുപ്രീംകോടതിയുടെ വാതില്‍ക്കല്‍ സമീപിക്കാവുന്നതാണെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. കേസുകളില്‍ നിശ്ചിത സമയത്തിനകം വാദം പൂര്‍ത്തീകരിക്കുന്നതിനായി അഭിഭാഷകര്‍ക്ക് മാനദണ്ഡം കൊണ്ടുവരാനും ചീഫ് ജസ്റ്റിസ് തീരുമാനിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates