

കൊച്ചി: അഭിപ്രായവ്യത്യാസങ്ങളുടെ പേരില്‍ പരസ്പരം പോരടിക്കുമ്പോള്‍ അതില്‍ നിന്നും ലാഭംകൊയ്യാന്‍ പുറത്തുനിന്നുള്ള ശക്തികള്‍ കാത്തിരിക്കുന്നുണ്ടെന്ന് മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. കൊമ്പുകോര്‍ക്കുന്ന മാനുകളുടെയും ചെന്നായയുടെയും പഴയ കഥ ഓര്‍മിപ്പിച്ചുകൊണ്ട് സമൂഹമാധ്യമത്തിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കേരളത്തിന്റെ സമകാലിക വിവാദങ്ങളും സമൂഹത്തില്‍ പ്രസരിക്കുന്ന വെറുപ്പും ആശങ്കാജനകമാണെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
വര്‍ഷങ്ങളുടെ പോരാട്ടംകൊണ്ട് ഒരു ജനത നേടിയെടുത്ത സാംസ്‌കാരിക പൈതൃകത്തില്‍ വിള്ളല്‍ വീഴ്ത്തുന്ന ചര്‍ച്ചകളാണ് നിലവില്‍ നടന്നുകൊണ്ടിരിക്കുന്നത്. മതംപറഞ്ഞുള്ള കളിയാക്കലുകളും വിദ്വേഷ വര്‍ത്തമാനങ്ങളും ആര്‍ക്കും ഒരു ഗുണവും ചെയ്യില്ല. ആശയപരമായ സംഘട്ടനങ്ങള്‍ ചെളിവാരിയെറിയലുകള്‍ കൊണ്ടല്ല, മറിച്ച് പരസ്പര ബഹുമാനത്തിലൂന്നിയുള്ള സംവാദങ്ങളിലൂടെയാണ് നടക്കേണ്ടത്. സമൂഹത്തില്‍ വിദ്വേഷം പരത്തുന്നവരോട് അകലം പാലിക്കണമെന്നും പരമാവധി ഒരുമിച്ച് നില്‍ക്കണമെന്നും ആഹ്വാനം ചെയ്തുകൊണ്ടാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
കൊമ്പുകോര്‍ക്കുന്ന മാനുകളുടെയും ചോരകുടിക്കാന്‍ കാത്തിരിക്കുന്ന ചെന്നായയുടെയും കഥ നമുക്ക് അധ്യാപകര്‍ പറഞ്ഞുതന്നത് വലിയൊരു പാഠം പഠിപ്പിക്കാനായിരുന്നു. അഭിപ്രായ വ്യത്യാസങ്ങളുടെ പേരില്‍ പരസ്പരം പോരടിക്കുമ്പോള്‍ അതില്‍ നിന്നും ലാഭംകൊയ്യാന്‍ ചിലര്‍ കാത്തിരിക്കുന്നുവെന്ന പാഠം. കേരളത്തിലെ സമകാലിക വിവാദങ്ങളും അതിനെ ചുറ്റിപ്പറ്റി സമൂഹത്തില്‍ പ്രസരിക്കുന്ന വെറുപ്പും കാണുമ്പോള്‍ ആ കഥയാണ് വീണ്ടും മനസ്സിലേക്ക് വരുന്നത്.
വര്‍ഷങ്ങളുടെ പോരാട്ടംകൊണ്ട് ഒരു ജനതയെന്ന നിലയില്‍ നാം നേടിയെടുത്ത സാംസ്‌കാരിക പൈതൃകത്തില്‍ വിള്ളല്‍ വീഴ്ത്തുന്ന ചര്‍ച്ചയാണ് ഇന്ന് നടന്നുകൊണ്ടിരിക്കുന്നത്. സാമൂഹ്യമാധ്യമങ്ങളിലും കമന്റുകളിലും നിറയുന്ന മതംപറഞ്ഞുള്ള കളിയാക്കലുകളും അപക്വമായ വിദ്വേഷ വര്‍ത്തമാനങ്ങളും ആര്‍ക്കും ഒരു ഗുണവും ചെയ്യുന്നതല്ല. ആശയപരമായ സംഘട്ടനം നടക്കേണ്ടത് ഇത്തരം ചെളിവാരിയെറിയലുകള്‍കൊണ്ടല്ല, പരസ്പര ബഹുമാനത്തിലൂന്നിയുള്ള സംവാദത്തിലൂടെയാണ്.
ഒന്നോര്‍ക്കുക, മനുഷ്യര്‍ തമ്മില്‍ അകന്ന് നില്‍ക്കാനുള്ളതിനേക്കാള്‍ വലിയ കാരണങ്ങള്‍ ചേര്‍ന്ന് നില്‍ക്കാനുണ്ട്. നമ്മുടെ കേരളത്തെ കെട്ടിപ്പടുക്കുന്ന, സാമ്പത്തിക നേട്ടങ്ങളുണ്ടാക്കാനുള്ള നിര്‍മാണാത്മക പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ ഇത്തരം സംഘട്ടനങ്ങള്‍ ഒട്ടും ആശാവഹമല്ല. നമുക്ക് പറ്റാവുന്നത്ര അടുത്തുനില്‍ക്കാം. വിദ്വേഷ വര്‍ത്തമാനക്കാരോട് അകലം പാലിക്കാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates