

പത്തനംതിട്ട: അമൃതാനന്ദമയിയെ അഭിനന്ദിച്ചതില്‍ വിശദീകരണവുമായി മന്ത്രി സജി ചെറിയാന്‍. അമ്മയുടെ നിഷ്‌കളങ്കമായ ചുംബനം തന്റെ ഹൃദയത്തെ സ്പര്‍ശിച്ചുവെന്നും അതുകൊണ്ടാണ് താന്‍ അഭിനന്ദിക്കാന്‍ പോയതെന്നുമാണ് സജി ചെറിയാന്‍ പറഞ്ഞത്. ചെങ്ങന്നൂരിലെ ഒരു പരിപാടിയിലാണ് മന്ത്രിയുടെ പ്രതികരണം. മാതാ അമൃതാനന്ദമയിയുടെ നെറുകയിൽ താൻ ചുംബിച്ചത് എല്ലാ മക്കളും അവരുടെ അമ്മമാരെ സ്നേഹിക്കണം എന്ന സന്ദേശം നൽകാൻ ആണെന്നും മന്ത്രി പറഞ്ഞു.
താനവരെ കെട്ടിപ്പിടിച്ച് ഒരുമ്മ അങ്ങോട്ട് കൊടുത്തുവെന്നും അതില്‍ അവര്‍ ഞെട്ടിപ്പോയെന്നും സജി ചെറിയാന്‍ പറഞ്ഞു. ആദ്യമായിട്ടാണ് അമ്മയ്ക്ക് ഒരാള്‍ അങ്ങോട്ട് ഉമ്മ കൊടുക്കുന്നത്. അമൃതാനന്ദമയി ദൈവം ആണെന്ന് പറഞ്ഞിട്ടില്ല. അമ്മയെ ചുംബിച്ചതില്‍ തെറ്റെന്ത്. ചുംബിച്ചത് പലര്‍ക്കും സഹിക്കാന്‍ കഴിയുന്നില്ല. ആദരിക്കേണ്ട വ്യക്തിത്വമാണ് അമൃതാനന്ദമയി. അതാണ് സര്‍ക്കാര്‍ ചെയ്തത്. എന്റെ അമ്മ എനിക്ക് ഉമ്മ തരുന്നതുപോലെയാണ്. വിശ്വാസിയായിട്ടല്ല താന്‍ പോയതെന്നും മന്ത്രി പറഞ്ഞു.
ടെലിവിഷനില്‍ ഒക്കെ വന്നിട്ടുണ്ട്, എല്ലാവരും കാണണമെന്നും സജി ചെറിയാന്‍ പറഞ്ഞു. അയ്യപ്പ സംഗമത്തെ കുറിച്ച് വിവാദങ്ങൾ ഉണ്ടാക്കുന്നത് ശരിയല്ലെന്നും സജി ചെറിയാൻ പറഞ്ഞു. കേരളത്തിലെ ഏറ്റവും വലിയ അയ്യപ്പക്ഷേത്രത്തിന്റെ വികസനമാണ് സർക്കാർ ലക്ഷ്യമെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലിയില്‍ ലോകത്തെ അഭിസംബോധന ചെയ്ത് മലയാളത്തില്‍ പ്രസംഗിച്ചതിന്റെ രജതജൂബിലി ആഘോഷ വേളയിലാണ് അമൃതാനന്ദമയിയെ സംസ്ഥാന സര്‍ക്കാര്‍ ആദരിച്ചത്. അമൃത വിശ്വവിദ്യാപീഠം അമൃതപുരി കാമ്പസിലായിരുന്നു ചടങ്ങ് നടന്നത്. അമൃതാനന്ദമയിയുടെ 72-ാം പിറന്നാള്‍ ആഘോഷത്തോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ ആയിരുന്നു ആദരം.
അമൃതാനന്ദമയിയെ ആശ്ലേഷിച്ച സംഭവം മന്ത്രി സജി ചെറിയാനോട് തന്നെ ചോദിക്കണമെന്നായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ പ്രതികരണം. സജി ചെറിയാന്‍ അമൃതാനന്ദമയിയെ ആശ്ലേഷിക്കുന്ന ചിത്രം കണ്ടിട്ടില്ല. വിഷയത്തില്‍ സജി ചെറിയാന്‍ തന്നെ മറുപടി പറയണം. ഇത്തരം വിഷയങ്ങള്‍ എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും ബിനോയ് വിശ്വം പറഞ്ഞിരുന്നു. എല്‍ഡിഎഫ് യഥാര്‍ത്ഥ വിശ്വാസങ്ങളെ സ്വീകരിക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു. ഇതിലും സിപിഐക്ക് കൃത്യമായ നിലപാട് ഉണ്ട്. മതങ്ങള്‍ക്കൊപ്പം നില്‍ക്കും. മത ഭ്രാന്തിനൊപ്പം നില്‍ക്കില്ല. മതഭ്രാന്തിനോട് മുട്ടുകുത്തില്ലെന്നും ബിനോയ് വിശ്വം വ്യക്തമാക്കിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates