

കോഴിക്കോട്: സ്‌കൂള്‍ സമയമാറ്റത്തില്‍ സര്‍ക്കാരിന് മുന്നില്‍ ബദല്‍ നിര്‍ദേശവുമായി സമസ്ത. രാവിലെ 15 മിനിറ്റ് അധിക ക്ലാസ് സമയം മാറ്റി, പകരം വൈകീട്ട് അരമണിക്കൂറാക്കി നീട്ടണം. കൂടാതെ ഓണം, ക്രിസ്മസ് അവധികളില്‍ നിന്നും അധിക ദിനം കണ്ടെത്താം. മറ്റു സംസ്ഥാനങ്ങള്‍ സ്‌കൂള്‍ പ്രവൃത്തിദിനം കൂട്ടിയ രീതി ഉപയോഗിക്കാവുന്നതാണെന്നും സമസ്ത സര്‍ക്കാരിന് മുന്നില്‍ ബദല്‍ നിര്‍ദേശം മുന്നോട്ടുവെക്കും.
നിലവില്‍ 9. 45 ന് ക്ലാസ് ആരംഭിക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ളത്. ഇത് 10 മണിക്ക് തന്നെ ക്ലാസ് തുടങ്ങുക. പകരം രാവിലത്തെ 15 മിനിറ്റ് കൂടി ചേര്‍ത്ത് വൈകീട്ട് അരമണിക്കൂര്‍ അധിക ക്ലാസ് എടുക്കുക. ഇതുപ്രകാരം 4.15 ന് വിടുന്ന ക്ലാസ് 4.30 ന് വിടുന്നത് പരിഗണിക്കണമെന്നാണ് സമസ്ത നിര്‍ദേശിക്കുന്നത്. ഓണം, ക്രിസ്മസ് അവധിക്കാലത്ത് പ്രവൃത്തിദിനങ്ങളാകാമെന്നും നിര്‍ദേശിക്കുന്നു.
പ്രവൃത്തിദിനം കൂട്ടാന്‍ മറ്റു സംസ്ഥാനങ്ങളുടെ രീതി മാതൃകയായി സ്വീകരിക്കാവുന്നതാണ്. മറ്റു സംസ്ഥാനങ്ങള്‍ പിന്തുടരുന്ന അധ്യയന കലണ്ടറല്ല കേരളത്തില്‍ പാലിക്കുന്നത്. മറ്റു സംസ്ഥാനങ്ങളില്‍ 240 പ്രവൃത്തിദിനങ്ങള്‍ വരെയുണ്ട്. എന്നാല്‍ കേരളത്തില്‍ അതല്ല സ്ഥിതി. പ്രവൃത്തിദിനം കൂട്ടാനായി ശനിയാഴ്ചയും അവധിക്കാലത്തും ക്ലാസ് നടത്താവുന്നതാണെന്നും സമസ്ത സര്‍ക്കാരുമായുള്ള ചര്‍ച്ചയില്‍ നിര്‍ദേശം മുന്നോട്ടുവെക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
സ്‌കൂള്‍ സമയത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനത്തില്‍ മാറ്റമുണ്ടാകില്ലെന്നാണ് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഇന്നലെ പറഞ്ഞത്. വിദ്യാഭ്യാസവും മതവുമായി കൂട്ടി കുഴയ്ക്കേണ്ടതില്ല. വിദ്യാഭ്യാസ നിയമത്തിന് അനുസരിച്ചാണ് സര്‍ക്കാര്‍ സ്‌കൂളിലെ പഠന സമയം പുന:ക്രമീകരിച്ചിരിക്കുന്നത്. സമസ്തയ്ക്ക് ഈ കാര്യത്തില്‍ അവരുടെ അഭിപ്രായം പറയാം. സര്‍ക്കാര്‍ ചര്‍ച്ചയ്ക്കു തയ്യാറാണെന്നും ശിവന്‍കുട്ടി പറഞ്ഞു. സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചാല്‍ പോകുമെന്നും സമസ്ത മുഷാവറ അംഗം ഉമര്‍ ഫൈസി മുക്കം വ്യക്തമാക്കിയിരുന്നു.
ചര്‍ച്ച ചെയ്താല്‍ അതിന്റെതായ ഫലം ഉണ്ടാകും. മനുഷ്യന്മാര്‍ മുഖത്തോട് മുഖം നോക്കി സംസാരിക്കുന്നത് ഗുണം ചെയ്യുമല്ലോ. എല്ലാ ഗവണ്മെന്റുകളും അങ്ങനെയല്ലേ ചെയ്യുക?. മുസ്ലീം സമുദായത്തെ അവഗണിച്ച് ഒരു സര്‍ക്കാരിനും മുന്നോട്ടുപോകാനാകില്ല. അവഗണിച്ചാല്‍ അതിന്റെ തിക്തഫലം അനുഭവിക്കേണ്ടി വരും. പൊതുവിദ്യാഭ്യാസത്തിന്റെ കാര്യം സമുദായ സംഘടനകള്‍ നോക്കണ്ടെന്ന് മന്ത്രി പറഞ്ഞാല്‍ ജനങ്ങളെ വിരട്ടാന്‍ മന്ത്രി നോക്കേണ്ടെന്ന് ഞങ്ങള്‍ക്കും പറയാം - ഉമര്‍ ഫൈസി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
