

മുനമ്പം ഭൂമി തർക്കം കേരളത്തിൽ വലിയ രാഷ്ട്രീയ-നിയമ വിവാദങ്ങളിലൊന്നായി തുടരുന്നതിനിടെ, വിഷയത്തിൽ കേരള വഖഫ് ബോർഡിന്റെ നിലപാട് വിശദീകരിച്ച് രംഗത്തെത്തുകയാണ് ബോർഡ് അംഗവും സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ മുശാവറ അംഗവുമായ ഉമർ ഫൈസി മുക്കം. മുനമ്പം വിഷയത്തിൽ മുഖ്യമന്ത്രി വിഡി സതീശൻ വഖഫ് നിയമങ്ങൾ പഠിച്ചശേഷം പ്രതികരിക്കണമായിരുന്നുവെന്ന വിമർശനവും അദ്ദേഹം 'സമകാലിക മലയാള'ത്തിന് നൽകിയ അഭിമുഖത്തിൽ ഉന്നയിക്കുന്നു. വഖഫ് ഭൂമിയുടെ നിയമപരമായ സ്ഥിതി, രാഷ്ട്രീയ പാർട്ടികളുടെ സമീപനം, മുനമ്പം നിവാസികളുടെ ഭാവി, തളിപ്പറമ്പിലെ വഖഫ് ഭൂമി വിവാദം എന്നിവയെക്കുറിച്ച് അദ്ദേഹം സംസാരിക്കുന്നു.
ചോദ്യം: മുനമ്പം വഖഫ് ഭൂമിയുടെ രേഖകൾ ഉമീദ് പോർട്ടലിൽ അപ്‌ലോഡ് ചെയ്തതിനെ തുടർന്ന് വഖഫ് ബോർഡിനെതിരെ മുഖ്യമന്ത്രി വിഡി സതീശൻ ശക്തമായ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. മുനമ്പം നിവാസികൾക്ക് കരം അടയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. സതീശന്റെ ഈ പ്രതികരണം ശരിയായിരുന്നോ?
ഉത്തരം: വഖഫ് എന്താണെന്ന് പഠിക്കാതെയാണ് സതീശൻ സാർ ഇത്തരത്തിൽ പ്രതികരിച്ചത്. അദ്ദേഹത്തിന് ചില രാഷ്ട്രീയ താത്പര്യങ്ങൾ ഉണ്ടായിരിക്കാം. എന്നാൽ ഈ വിഷയത്തെക്കുറിച്ച് പഠിക്കാതെ പ്രതികരിച്ചത് ശരിയായില്ല. വഖഫ് ചെയ്ത സ്വത്തുക്കൾ വിൽക്കാനോ കൈമാറാനോ സാധിക്കില്ല. വഖഫ് ചെയ്ത സ്വത്ത് കൈമാറിയത് ശരിയായില്ല. ആ നിലപാടിലേക്കാണ് സതീശൻ എത്തേണ്ടത്. ഇനി ഈ തെറ്റ് എങ്ങനെ തിരുത്താമെന്നാണ് ചിന്തിക്കേണ്ടത്. അതിനായി വഖഫ് നിയമങ്ങൾ അറിയാവുന്ന പണ്ഡിതരുമായി ചർച്ച ചെയ്യണം.
ചോദ്യം: മുനമ്പം വഖഫ് ഭൂമിയല്ല എന്ന നിലപാടിലാണ് അദ്ദേഹം ഇപ്പോഴും തുടരുന്നത്. അത് ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ ലാഭത്തിനായാണോ?
ഉത്തരം: ഇത് രാഷ്ട്രീയമായി ചർച്ച ചെയ്യാൻ ഞാൻ നിൽക്കുന്നില്ല. പക്ഷേ വഖഫ് ചെയ്ത ഭൂമി വഖഫ് അല്ലെന്ന് പറയാൻ സതീശന് കഴിയില്ല. അത് പഠിച്ച ശേഷമേ അദ്ദേഹം പ്രതികരിക്കാവൂ.
ചോദ്യം: നിലവിലെ വഖഫ് ബോർഡ് പിരിച്ചുവിടുമെന്ന തരത്തിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. അങ്ങനെ ബോർഡ് പിരിച്ചുവിടാൻ സാധിക്കുമോ?
ഉത്തരം: അത് എനിക്ക് അറിയില്ല. അതിൽ സർക്കാർ ഒരു തീരുമാനം എടുക്കട്ടെ. സർക്കാർ അങ്ങനെ ഒരു തീരുമാനം എടുക്കുകയാണെങ്കിൽ ബാക്കി നടപടികൾ അപ്പോൾ നോക്കാം.
ചോദ്യം: മുസ്ലിം ലീഗ് ഇതുവരെ മുനമ്പം ഭൂമി വഖഫ് ആണോ എന്ന കാര്യത്തിൽ വ്യക്തമായ മറുപടി നൽകിയിട്ടില്ല. എന്നാൽ അവിടെയുള്ള ജനങ്ങളെ ഒഴിപ്പിക്കരുത് എന്ന നിലപാടാണ് അവരുടേത്. അതിനെ എങ്ങനെ കാണുന്നു?
ഉത്തരം: ആരെയും ഒഴിപ്പിക്കണമെന്ന താത്പര്യം ഞങ്ങൾക്കുമില്ല. അവരെ കൃത്യമായി പുനരധിവസിപ്പിക്കണം. എന്നാൽ വഖഫ് ഭൂമിയിൽ നിന്ന് മാറ്റണം.
ചോദ്യം: മറ്റൊരു വിവാദം തളിപ്പറമ്പിലാണല്ലോ. തളിപ്പറമ്പിലെ വഖഫ് ഭൂമികളിൽ വലിയ രീതിയിലുള്ള ക്രമക്കേടുകൾ നടന്നതായി ആരോപണങ്ങളുണ്ട്. വഖഫ് ബോർഡ് ഉടൻ ഇതിൽ നടപടി സ്വീകരിക്കുമെന്നു കേൾക്കുന്നുണ്ടല്ലോ ?.
ഉത്തരം: തളിപ്പറമ്പ് വിഷയം വഖഫ് ബോർഡിന്റെ പരിഗണനയിലാണ്. ഉടൻ തന്നെ ബോർഡ് യോഗം ചേർന്ന് അതിൽ ആവശ്യമായ നടപടി സ്വീകരിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates