'കൃഷ്ണകുമാര്‍ തോറ്റാല്‍ എന്റെ തലയില്‍ കെട്ടിവെയ്ക്കാന്‍ ശ്രമം; മുറിവുകള്‍ക്കു മേല്‍ മുളകരച്ചു തേയ്ക്കുന്നു'

താന്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ക്ക് പാര്‍ട്ടി നേതൃത്വം പരിഹാരം കാണാത്തത് മനഃപൂര്‍വ്വമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യര്‍
Sandeep G Varier
സന്ദീപ് വാര്യർ ഫെയ്സ്ബുക്ക്
Updated on
1 min read

തൃശൂര്‍: താന്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ക്ക് പാര്‍ട്ടി നേതൃത്വം പരിഹാരം കാണാത്തത് മനഃപൂര്‍വ്വമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യര്‍. പാലക്കാട് മണ്ഡലത്തില്‍ കൃഷ്ണകുമാര്‍ തോറ്റാല്‍ തന്റെ തലയില്‍ കെട്ടിവെയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്ന് സംശയിക്കുന്നതായും സന്ദീപ് വാര്യര്‍ പാലക്കാട് മാധ്യമങ്ങളോട് പ്രതികരിച്ചു.

ജയിക്കാന്‍ ആണെങ്കില്‍ ശോഭാ സുരേന്ദ്രനോ കെ സുരേന്ദ്രനോ മത്സരിക്കണം എന്ന് ആദ്യം തന്നെ പറഞ്ഞിരുന്നു. ഈ പ്രശ്‌നം പരിഹരിക്കപ്പെടരുത് എന്ന ഗൂഢോദ്ദേശമുണ്ടോ എന്ന് സംശയിക്കുന്നു. അനായാസം വിജയിക്കാനുള്ള സാഹചര്യം ശോഭാ സുരേന്ദ്രനോ കെ സുരേന്ദ്രനോ വന്നാല്‍ സാധിക്കുമായിരുന്നു. സ്ഥിരമായി തോല്‍ക്കുന്ന സ്ഥാനാര്‍ഥി വന്നാല്‍ പാര്‍ട്ടിക്ക് ഗുണകരമാവില്ലെന്ന് പൊതുസമൂഹം വിലയിരുത്തിയിരുന്നു. ആത്മാഭിമാനത്തിനു മുറിവ് പറ്റി നില്‍ക്കുന്ന ഒരാളോട് അച്ചടക്കത്തിന്റെ പേര് പറഞ്ഞ് ഭയപ്പെടുത്തരുത്. തെരഞ്ഞെടുപ്പ് സമയത്ത് തന്നെ അപമാനിച്ചവര്‍ക്കെതിരെയാണ് പാര്‍ട്ടി നടപടിയെടുക്കേണ്ടതെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.

പ്രചരണത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നതില്‍ ക്രിയാത്മക നിര്‍ദ്ദേശം നേതൃത്വത്തില്‍ നിന്ന് ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചു. സംഘടനയില്‍ ഒരാള്‍ കയറിവരുന്നതിനു വലിയ തപസ്യയുണ്ട്. അതു റദ്ദ് ചെയ്യുന്ന പ്രസ്താവനകള്‍ വരുമ്പോള്‍ വലിയ സങ്കടമുണ്ട്. ഒരാള്‍ പുറത്തുപോകുന്നത് അതീവ ദുഃഖകരമാണ്. ആളുകളെ ചേര്‍ത്തു നിര്‍ത്താനാണ് നേതൃത്വം ശ്രമിക്കേണ്ടതെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.

''സുരേന്ദ്രനെതിരെ ഞാന്‍ ഒരിക്കലും ഒന്നും സംസാരിച്ചിട്ടില്ല. വ്യക്തിപരമായി ഒരുപാട് വിയോജിപ്പുകള്‍ ഉണ്ടായിരിക്കുമ്പോഴും പാലക്കാട്ടെ സ്ഥാനാര്‍ഥിക്കു വേണ്ടി ഗൃഹസമ്പര്‍ക്കം നടത്തിയ ആളാണ് ഞാന്‍. ഉന്നയിച്ച വിഷയങ്ങളില്‍ ഞാന്‍ ഒരു പ്രസക്തമായ ഘടകം അല്ല എന്ന് പറയുമ്പോള്‍ അഭിമാനം പണയം വച്ച് അവിടേക്ക് തിരിച്ചുപോകാന്‍ സാധ്യമല്ല എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു. എന്റെ മുറിവുകള്‍ക്കു മേല്‍ മുളകരച്ചു തേയ്ക്കുന്ന സമീപനം പാര്‍ട്ടി സ്വീകരിക്കുന്നു. ആദ്യദിവസത്തെ നിലപാടില്‍ തന്നെ ഉറച്ചുനില്‍ക്കുന്നു. ബിജെപി പ്രവര്‍ത്തകനായി നാട്ടില്‍ തുടരും'- സന്ദീപ് വാര്യര്‍ പറഞ്ഞു.

തന്റെ പ്രശ്‌നം തെരഞ്ഞെടുപ്പ് സമയത്തുണ്ടാക്കിയത് ബിജെപിയുടെ വൈസ് പ്രസിഡന്റായ രഘുനാഥാണ്. താന്‍ പരാതി ഉന്നയിച്ച ആളാണ്. കാര്യങ്ങള്‍ മനസിലാക്കി തിരിച്ചു വരണം എന്ന് പറയുമ്പോള്‍ തന്റെ ഭാഗത്ത് തെറ്റുണ്ട് എന്ന ദുഃസൂചനയുണ്ട്. ഈ പ്രശ്‌നം ആദ്യം അഞ്ചുദിവസം ലോകത്ത് ആരോടും പറയാതെ ഇരുന്നത് പാര്‍ട്ടിയിലുള്ള അചഞ്ചലമായ വിശ്വാസം കൊണ്ടാണ്. ആയിരക്കണക്കിന് പ്രവര്‍ത്തകരുടെ മുന്നില്‍വച്ച് സഹപ്രവര്‍ത്തകനെ അവഹേളിച്ചു കൊണ്ടല്ല വ്യക്തിവിരോധം കാണിക്കേണ്ടത്. ഉപാധ്യക്ഷനായ രഘുനാഥനെ പറഞ്ഞ് ബോധ്യപ്പെടുത്തുകയാണ് സംസ്ഥാന പ്രസിഡന്റ് ചെയ്യേണ്ടതെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com