

പാലക്കാട്: അമേരിക്കന്‍ പ്രസിഡണ്ട് കണ്ണുരുട്ടിയപ്പോള്‍ പാതിവഴിയില്‍ വെടി നിര്‍ത്തലിന് തയ്യാറായ നരേന്ദ്രമോദി നാടിന്റെ ആത്മാഭിമാനത്തെയാണ് മുറിവേല്‍പ്പിച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. പാകിസ്ഥാന്‍ ഭീകരവാദത്തിനെതിരായി കേന്ദ്രസര്‍ക്കാര്‍ എടുക്കുന്ന എല്ലാ നടപടികള്‍ക്കും പ്രതിപക്ഷം പൂര്‍ണ്ണ പിന്തുണ നല്‍കിയതാണ്. 140 കോടി ജനങ്ങളും ഒറ്റക്കെട്ടായി താങ്കളുടെ പിന്നില്‍ അണിനിരന്നതാണ്. നമ്മുടെ സൈന്യം പാക്കിസ്ഥാന്‍ അതിക്രമങ്ങള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കി മുന്നേറുകയായിരുന്നു.
പക്ഷേ ദൗര്‍ഭാഗ്യവശാല്‍ ഈ രാജ്യത്തെയും പൗരന്മാരെയും പ്രധാനമന്ത്രി വഞ്ചിച്ചിരിക്കുന്നു. സന്ദീപ് വാര്യര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്ന അത്യപൂര്‍വ്വമായ സാഹചര്യം ഉണ്ടായിരിക്കുന്നു. നമ്മുടെ സൈന്യം ആര്‍ജിച്ചെടുത്ത എല്ലാ മുന്നേറ്റങ്ങളും ഒറ്റ നിമിഷം കൊണ്ട് അമേരിക്കന്‍ സമ്മര്‍ദ്ദത്തിന് വഴങ്ങി, പ്രധാനമന്ത്രി നരേന്ദ്രമോദി അട്ടിമറിച്ചിരിക്കുന്നു. ആരും യുദ്ധം ആഗ്രഹിക്കുന്നില്ല. പക്ഷേ നമ്മുടെ രാജ്യത്തിന്റെ സ്വാഭിമാനം, നമ്മുടെ പൗരന്മാരുടെ നഷ്ടപ്പെട്ട ജീവനും സ്വത്തിനും ഉത്തരവാദികളായ ശത്രുവിനെ പാഠം പഠിപ്പിക്കല്‍... ഇത് അത്യാവശ്യമായിരുന്നു.
ഇതിനായിരുന്നെങ്കില്‍ എന്തിനായിരുന്നു ഈ പടപ്പുറപ്പാടും കണ്ണുരുട്ടലും വാചകമടിയുമൊക്കെ? ഈ രാജ്യത്തെ സ്‌നേഹിക്കുന്ന ഒരാള്‍ക്കും ഈ നാണംകെട്ട വെടിനിര്‍ത്തല്‍ അംഗീകരിക്കാന്‍ സാധിക്കില്ല. സന്ദീപ് വാര്യര്‍ അഭിപ്രായപ്പെട്ടു. ഈ വെടി നിര്‍ത്തല്‍ കൊണ്ട് ഇന്ത്യയ്ക്ക് എന്ത് നേട്ടമുണ്ടായി ? പഹല്‍ഗാമില്‍ സംഭവിച്ച സുരക്ഷാ വീഴ്ച ചര്‍ച്ച ചെയ്യപ്പെടാതിരിക്കാനായിരുന്നോ ഇക്കണ്ട നാടകമൊക്കെ ?. അതിർത്തിയിൽ പാക്ക് വെടിവെപ്പിലും ഷെല്ലിങ്ങിലും നഷ്ടപ്പെട്ട നിരവധി ജീവനുകൾക്കും വീടുകൾക്കും ജനങ്ങളുടെ സ്വത്ത് വഹകൾക്കും ആര് സമാധാനം പറയും ? ആ നഷ്ടങ്ങൾക്ക് പ്രതികാരം അർഹിക്കുന്നില്ലേ ?. മറ്റൊരു ഫെയ്‌സ്ബുക്ക് കുറിപ്പില്‍ സന്ദീപ് വാര്യര്‍ ചോദിച്ചു.
സന്ദീപ് വാര്യരുടെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
എന്നെ നിരന്തരമായി വിമർശിച്ചിരുന്ന പഴയ മിത്രങ്ങൾ പലരും അമേരിക്കൻ സമ്മർദ്ദത്തിന് വഴങ്ങി നടത്തിയ നാണംകെട്ട വെടിനിർത്തൽ പ്രഖ്യാപനത്തെ എതിർക്കുന്നതായി കണ്ടു. അത്രയും സന്തോഷം.
ചില ചോദ്യങ്ങൾ ജനങ്ങളുടെ മനസ്സിലുണ്ട്. നരേന്ദ്രമോദി അന്ധഭക്തജന സംഘത്തിലെ ആർക്കെങ്കിലും തെറിവിളിക്കപ്പുറം കൃത്യമായ മറുപടി ഉണ്ടെങ്കിൽ പറയാം.
1) ഈ വെടി നിർത്തൽ കൊണ്ട് ഇന്ത്യയ്ക്ക് എന്ത് നേട്ടമുണ്ടായി ?
2) പാക്കധീന കാശ്മീർ തിരിച്ചുപിടിക്കും എന്ന അമിത് ഷായുടെയും രാജനാഥ് സിംഗിന്റെയും ഒക്കെ മുൻ അവകാശവാദങ്ങൾ എവിടെ പോയി ?
3) പഹൽഗാമിൽ സംഭവിച്ച സുരക്ഷാ വീഴ്ച ചർച്ച ചെയ്യപ്പെടാതിരിക്കാനായിരുന്നോ ഇക്കണ്ട നാടകമൊക്കെ ?
4) അതിർത്തിയിൽ പാക്ക് വെടിവെപ്പിലും ഷെല്ലിങ്ങിലും നഷ്ടപ്പെട്ട നിരവധി ജീവനുകൾക്കും വീടുകൾക്കും ജനങ്ങളുടെ സ്വത്ത് വഹകൾക്കും ആര് സമാധാനം പറയും ? ആ നഷ്ടങ്ങൾക്ക് പ്രതികാരം അർഹിക്കുന്നില്ലേ ?
5) അമേരിക്കൻ പ്രസിഡന്റിന്റെ ഇടപെടലിലാണ് വെടിനിർത്തൽ ഉണ്ടായത് എന്ന വ്യക്തമായിരിക്കുന്നു. മൂന്നാം കക്ഷി ഇടപെടൽ അനുവദിക്കില്ല എന്ന ഇന്ത്യയുടെ പ്രഖ്യാപിത നിലപാട് മാറ്റുന്നതിന് മുമ്പ് നരേന്ദ്രമോദി ഈ രാജ്യത്തെ പാർലമെന്റിനോടെങ്കിലും അത് ബോധ്യപ്പെടുത്തിയോ ?
6) ഇന്ത്യൻ സൈന്യം പാക്കിസ്ഥാൻ ശക്തമായ തിരിച്ചടി കൊടുക്കാൻ തയ്യാറായ സമയത്ത് ഒരാളോടും ആലോചിക്കാതെ നടത്തിയ ഈ വെടിനിർത്തൽ ഇന്ത്യൻ സൈനികരുടെ ആത്മവിശ്വാസത്തെ ചോർത്തി കളയുന്ന നടപടിയായില്ലേ ?
7) ഇന്ത്യയെ വിശ്വസിച്ച് പാക്കിസ്ഥാനോട് പോരടിക്കാൻ ഇറങ്ങിപ്പുറപ്പെട്ട ബലൂച് പോരാളികളെ മോദി പുറകിൽ നിന്ന് കുത്തിയില്ലേ ?
ഇന്ത്യ മഹാരാജ്യത്തെ പ്രധാനമന്ത്രി ജനാധിപത്യ മാർഗ്ഗത്തിൽ തെരഞ്ഞെടുക്കപ്പെട്ട ആളാണ്. അതല്ലാതെ രാജഭരണം പോലെ അവകാശം കിട്ടിയതല്ല എന്ന് ഭക്തജന സംഘം മനസ്സിലാക്കണം. തെറ്റായ നടപടികളെ വിമർശിക്കാൻ ഈ രാജ്യത്തെ പൗരന്മാർക്ക് അവകാശമുണ്ട്. അസഭ്യവർഷം കൊണ്ട് നരേന്ദ്രമോദിയുടെ ഭരണ പരാജയം മറച്ചുവെക്കാൻ കഴിയില്ല.
എം എൻ വിജയൻ മാസ്റ്റർ പറഞ്ഞതുപോലെ ചോദ്യം ചോദിച്ച കുട്ടിയെ ക്ലാസ് റൂമിൽ നിന്ന് പുറത്താക്കിയാലും കുട്ടി ഉന്നയിച്ച ചോദ്യം അവിടെ അവശേഷിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates