

പാലക്കാട്: റാപ്പര്‍ വേടനെ അധിക്ഷേപിച്ച ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികലക്ക് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. റാപ്പ് സംഗീതമാണോ ഇവിടുത്തെ പട്ടികജാതി- പട്ടികവിഭാഗക്കാരുടെ തനതായ കലാരൂപമെന്നായിരുന്നു ശശികലയുടെ ചോദ്യം. പട്ടികജാതിക്കാര്‍ റാപ്പ് പാടിയാല്‍ എന്താണ് ടീച്ചറെ? എന്ന ചോദ്യവുമായാണ് സന്ദീപ് വാര്യര്‍ ഇതിന് മറുപടി നല്‍കിയത്. 'റാപ്പ് എന്ന സംഗീതരൂപം ലോകത്ത് എല്ലായിടത്തും വര്‍ണ്ണ വംശ വെറിക്കെതിരായ പ്രതിഷേധമായാണ് രൂപം കൊണ്ടിട്ടുള്ളത്. ഇന്ത്യയുടെ സാഹചര്യത്തില്‍ അത് ദലിതര്‍ക്കെതിരായ സവര്‍ണ്ണ ഹിന്ദുത്വയുടെ അതിക്രമങ്ങള്‍ക്കെതിരായ ശബ്ദമായി മാറും. അതില്‍ അസ്വസ്ഥപ്പെട്ടിട്ട് കാര്യമില്ല' -സന്ദീപ് വാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
'പട്ടികജാതി- പട്ടികവര്‍ഗ വികസന വകുപ്പിന്റെ ഫണ്ട് ചെലവഴിച്ച് പരിപാടി നടത്തുമ്പോള്‍ പട്ടികജാതി- പട്ടികവര്‍ഗ വിഭാഗവുമായി പുലബന്ധം പോലുമില്ലാത്ത റാപ്പ് മ്യൂസിക്കാണോ അവിടെ അവതരിപ്പിക്കേണ്ടത്, പട്ടികജാതി- പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് തനതായ എന്തെല്ലാം കലാരൂപങ്ങളുണ്ട്? റാപ്പ് സംഗീതമാണോ ഇവിടുത്തെ പട്ടികജാതി- പട്ടികവിഭാഗക്കാരുടെ തനതായ കലാരൂപം? ഗോത്രസംസ്‌കൃതി അതാണോ? അവരുടെ വ്യക്തിത്വം ഉറപ്പിക്കേണ്ടത് ഇങ്ങനെയാണോ' എന്നായിരുന്നു പാലക്കാട് ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുന്നതിനിടെ ശശികല ചോദിച്ചത്. 'വേടന്മാരുടെ തുണിയില്ലാച്ചാട്ടങ്ങള്‍ക്ക് മുമ്പില്‍ സമാജം അപമാനിക്കപ്പെടുകയാണ്. ഇത്തരക്കാര്‍ പറയുന്നത് മാത്രമേ കേള്‍ക്കൂ എന്ന ഭരണത്തിന്റെ രീതി മാറ്റണം. ഇങ്ങനെയുള്ള പരിപാടികളില്‍ പതിനായിരങ്ങള്‍ തുള്ളേണ്ടി വരുന്നത് ഗതികേടാണ്. ആടിക്കളിക്കെടാ കുഞ്ചിരാമാ ചാടിക്കളിക്കെടാ കുഞ്ചിരാമാ എന്ന് പറഞ്ഞ് കുഞ്ചിരാമന്മാരെ ചാടിക്കളിപ്പിക്കുകയും ചുടുചോറ് വാരിപ്പിക്കുകയും ചെയ്യുന്ന സംവിധാനങ്ങള്‍ അവസാനിപ്പിക്കാന്‍ സമയമായെന്ന് ഭരണകൂടത്തിന് മുന്നില്‍ കെഞ്ചാനല്ല, ആജ്ഞാപിക്കാനാണ് ഹിന്ദു ഐക്യവേദി എത്തിയിരിക്കുന്നത്' എന്നും ശശികല കൂട്ടിച്ചേര്‍ത്തു.
സന്ദീപ് വാര്യരുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം
വേടന്‍ എന്ന കേരളത്തിലെ യുവാക്കള്‍ ഇഷ്ടപ്പെടുന്ന കലാകാരനെ ജാതി പറഞ്ഞ് അധിക്ഷേപിക്കുകയാണ് ആര്‍എസ്എസ്. ഇന്ന് കെ പി ശശികല ടീച്ചര്‍ കേസരി പത്രാധിപര്‍ മധുവില്‍ നിന്ന് വേടന്‍ വിരുദ്ധ ബാറ്റണ്‍ ഏറ്റുവാങ്ങിയിട്ടുണ്ട്.
റാപ്പ് പട്ടികജാതിക്കാരുടെ തനത് കലാരൂപമാണോ എന്നാണ് ശശികല ടീച്ചര്‍ ചോദിക്കുന്നത് . പട്ടികജാതിക്കാര്‍ റാപ്പ് പാടിയാല്‍ എന്താണ് ടീച്ചറെ ? പട്ടികജാതിക്കാര്‍ അവര്‍ക്ക് ഇഷ്ടമുള്ളത് പാടട്ടെ.. റാപ്പ് എന്ന സംഗീതരൂപം ലോകത്ത് എല്ലായിടത്തും വര്‍ണ്ണ വംശ വെറിക്കെതിരായ പ്രതിഷേധമായാണ് രൂപം കൊണ്ടിട്ടുള്ളത്. ഇന്ത്യയുടെ സാഹചര്യത്തില്‍ അത് ദളിതര്‍ക്കെതിരായ സവര്‍ണ്ണ ഹിന്ദുത്വയുടെ അതിക്രമങ്ങള്‍ക്കെതിരായ ശബ്ദമായി മാറും. അതില്‍ അസ്വസ്ഥപ്പെട്ടിട്ട് കാര്യമില്ല.
ഹിന്ദു ഐക്യവേദി നേതാവിന് പരിഹരിക്കാന്‍ കഴിയുന്ന മറ്റു ചില സമാജ പ്രശ്‌നങ്ങളുണ്ട്. അതിലൊന്നിലും ഹിന്ദു ഐക്യവേദിയെ കാണാറേയില്ല. കേരളത്തിലെ എത്ര ക്ഷേത്രങ്ങളില്‍ പട്ടികജാതിക്കാരായ കലാകാരന്മാര്‍ക്ക് ചെണ്ട കൊട്ടാന്‍ അവകാശമുണ്ട് ? ടീച്ചര്‍ ഇന്നേവരെ അതില്‍ ഒരു അഭിപ്രായം പറഞ്ഞിട്ടുണ്ടോ?
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates