

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും ഏപ്രില്‍ - മെയ് മാസങ്ങളില്‍ നടത്തുന്ന പരിശീലനങ്ങള്‍ രാവിലെ 10.30 ന് അവസാനിപ്പിക്കണമെന്ന് ബാലാവകാശ കമ്മീഷന്‍ ഉത്തരവായി. കുട്ടികളുടെ കളികള്‍, എന്‍സിസി, എസ്.പി.സി സ്‌കൗട്ട്സ് ആന്റ് ഗൈഡ്സ് പരേഡ്, പരിശീലനം, അസ്സംബ്ലി, വിനോദയാത്രകള്‍ തുടങ്ങിയവ പൂര്‍ണ്ണമായും ഒഴിവാക്കുന്നതിനാണ് കമ്മിഷന്‍ ചെയര്‍പേഴ്സണ്‍ കെ.വി.മനോജ്കുമാര്‍, അംഗങ്ങളായ ഷാജേഷ് ഭാസ്‌കര്‍, ഡോ.വില്‍സണ്‍ എന്നിവരുടെ ഫുള്‍ബഞ്ച് ഉത്തരവായത്.
വിവിധ പരിശിലനങ്ങളില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് സ്‌കൂള്‍ യൂണിഫോം ധരിക്കുന്നതില്‍ താല്ക്കാലിക ഇളവ് നല്‍കി സൗകര്യപ്രദമായ വസ്ത്രം ധരിക്കുന്നതിനും അനുവദിക്കണം. പരിശീലനങ്ങള്‍ രാവിലെ മുതല്‍ വൈകിട്ട് വരെ നടത്തുന്നതും കുട്ടികളെ യൂണിഫോം ധരിപ്പിക്കുന്നതും കടുത്ത ബാലാവകാശ ലംഘനമായി കമ്മീഷന്‍ കാണുന്നു.
കനത്തചൂട് കുട്ടികളില്‍ ദേഹാസ്വാസ്ഥ്യം, ക്ഷീണം, നിര്‍ജ്ജലീകരണം, തലചുറ്റല്‍ തുടങ്ങിയ പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ കാരണമാകും. നിലവിലെ ചൂട് കുറയുന്നതുവരെ സ്‌കൂള്‍ യൂണിഫോം നിര്‍ബന്ധമാക്കരുത്. സൗകര്യപ്രദമായ വസ്ത്രം ധരിച്ച് പരിശീലനങ്ങളില്‍ പങ്കെടുക്കുവാന്‍ അനുമതി നല്‍കണം എന്ന തിരുവനന്തപുരം, മലപ്പുറം സ്വദേശികളുടെ പരാതിയിന്മേലാണ് കമ്മിഷന്‍ ഉത്തരവ്. നിര്‍ദ്ദേശങ്ങള്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍, എസ്.പി.സി സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍, എന്‍ സി സി അഡിഷണല്‍ ഡയറക്ടര്‍ ജനറല്‍, സ്‌കൗട്ട്സ് ആന്റ് ഗൈഡ്സ് ചീഫ് കമ്മീഷണര്‍ എന്നിവര്‍ നടപ്പിലാക്കേണ്ടതാണ്. ഉത്തരവില്‍ സ്വീകരിച്ച നടപടി റിപ്പോര്‍ട്ട് 2012-ലെ കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷനുകള്‍ ചട്ടങ്ങളിലെ, ചട്ടം 45 പ്രകാരം 15 ദിവസത്തിനകം കമ്മിഷനെ അറിയിക്കണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates