

തൊടുപുഴ: ഇടുക്കി പീരുമേട്ടില്‍ വനത്തിനുള്ളില്‍ വച്ച് സീത എന്ന ആദിവാസി സ്ത്രീ മരണമടഞ്ഞത് കാട്ടാന ആക്രമണത്തില്‍ തന്നെയെന്ന് ജില്ലാ പൊലീസ് മേധാവി ടികെ വിഷ്ണു പ്രദീപ് ഐപിഎസ്. കാട്ടാന അക്രമണത്തില്‍ പരിക്കേറ്റതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രഥമ വിവരങ്ങള്‍ അനുസരിച്ച് സീതയുടെ ഭര്‍ത്താവിനെയും, കുട്ടികളെയും വിശദമായി ചോദ്യം ചെയ്തിരുന്നു എന്നും മരണം കാട്ടാന ആക്രമണത്തിലെന്ന് സ്ഥിരീകരിക്കാമെന്നും എസ്പി ടികെ വിഷ്ണു പ്രദീപ് പറഞ്ഞു.
പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇതൊരു കൊലപാതകമാണെന്ന് ഫോറന്‍സിക് സര്‍ജന്‍ റിപ്പോര്‍ട്ട് നല്‍കിയതാണ് സംശയങ്ങള്‍ക്ക് കാരണമായത്. മൃതദേഹത്തിലുണ്ടായ പരിക്കുകളെ സംബന്ധിച്ച് വിശദമായ പരിശോധന നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് കാട്ടാനയുടെ ആക്രമണമാണെന്ന് സ്ഥിരീകരിച്ചത്. അടുത്തയാഴ്ച തന്നെ പൊലീസ് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കും.
തോട്ടാപ്പുര സ്വദേശി സീത 42 ജൂണ്‍ 13-നാണ് മരിച്ചത്. ശബരിമല വനമേഖലയുടെ ഭാഗമായ മീന്‍മുട്ടിയില്‍ കാട്ടാനയുടെ ആക്രമണത്തിലാണ് സീത കൊല്ലപ്പെട്ടതെന്ന് ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവ് ബിനുവും മക്കളും പൊലീസില്‍ മൊഴി നല്‍കിയിരുന്നു. വനവിഭവം ശേഖരിക്കാന്‍ പോയതായിരുന്നു ഇവര്‍. എന്നാല്‍, പീരുമേട് താലൂക്ക് ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തിലെ പ്രാഥമിക കണ്ടെത്തലുകള്‍ നരഹത്യയാണെന്ന സംശയമുയര്‍ത്തി. ഇതോടെയാണ് ദുരൂഹത ഉണ്ടായത്. സീത മരിച്ചത് കാട്ടാനയുടെ ആക്രമണത്തിലല്ലെന്ന് വനം വകുപ്പ് അധികൃതരും വനം വകുപ്പ് മന്ത്രിയും പറഞ്ഞിരുന്നു.
സീതയെ വനത്തിന് പുറത്തേക്ക് എടുത്തുകൊണ്ടുവരുമ്പോള്‍ താങ്ങിപ്പിടിച്ചതാണ് കഴുത്തില്‍ പരിക്കുണ്ടാകാന്‍ കാരണമായത്. വാരിയെല്ലുകള്‍ ഒടിഞ്ഞത് കാട്ടാന ആക്രമണത്തിലാണെന്നും പൊലീസ് റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍, കാട്ടാന ആക്രമണത്തിന്റെ ലക്ഷണങ്ങള്‍ സീതയുടെ ദേഹത്ത് ഇല്ലായിരുന്നുവെന്നാണ് പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍ പറഞ്ഞത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates