കൊച്ചി: അറബിക്കടലില്‍ കൊച്ചി തീരത്തിന് സമീപം വന്‍ലഹരിമരുന്ന് വേട്ട. അന്താരാഷ്ട്ര വിപണിയില്‍ 3000 കോടി വില വരുന്ന ലഹരിമരുന്ന് ശേഖരവുമായി വന്ന ബോട്ട് നാവികസേന പിടികൂടി.
മത്സ്യബന്ധന ബോട്ടില്‍ നിന്നാണ് 300 കിലോ ലഹരിമരുന്ന് പിടികൂടിയത്. ബോട്ടിന്റെ പ്രവര്‍ത്തനത്തില്‍ സംശയം തോന്നിയ നാവികസേന ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുകയായിരുന്നു. പിടിച്ചെടുത്ത ബോട്ടും കസ്റ്റഡിയിലെടുത്ത ബോട്ടിലെ ജീവനക്കാരെയും നാവികസേന ഉദ്യോഗസ്ഥര്‍ കൊച്ചി തീരത്ത് എത്തിച്ചു. കൂടുതല്‍ അന്വേഷണത്തിനായി കസ്റ്റഡിയിലുള്ളവരെ അന്വേഷണ ഏജന്‍സികള്‍ക്ക് കൈമാറും.
മത്സ്യബന്ധന ബോട്ട് അറബിക്കടലില്‍ നിരീക്ഷണം നടത്തുന്ന നാവികസേന കപ്പലായ ഐഎന്‍എസ് സുവര്‍ണയുടെ ശ്രദ്ധയില്‍ പെടുകയായിരുന്നു. ബോട്ടിന്റെ പ്രവര്‍ത്തനത്തില്‍ സംശയം തോന്നിയ നാവികസേന ഉദ്യോഗസ്ഥര്‍ ബോട്ട് തടഞ്ഞുനിര്‍ത്തി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇത്രയും കോടി വിലമതിക്കുന്ന ലഹരിമരുന്നുകള്‍ കണ്ടെത്തിയത്.
അടുത്തിടെ കൊച്ചി കേന്ദ്രമായി ലഹരിമരുന്ന് സംഘങ്ങള്‍ സജീവമായിട്ടുണ്ട്. രാജ്യത്ത് തന്നെ കൊച്ചി ലഹരിമരുന്ന് വില്‍പ്പനയുടെ കേന്ദ്രമായി മാറിയതായാണ് റിപ്പോര്‍ട്ടുകള്‍. കോടികളുടെ ലഹരിമരുന്ന് വില്‍പ്പന കൊച്ചി കേന്ദ്രീകരിച്ച് നടക്കുന്നതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. കൊച്ചിയിലെ ലഹരിമരുന്ന് സംഘങ്ങള്‍ക്ക് മരുന്ന് കൈമാറാന്‍ വന്ന ബോട്ടാണോ എന്ന സംശയം ഉയര്‍ന്നിട്ടുണ്ട്. കസ്റ്റഡിയിലുള്ളവരെ ചോദ്യം ചെയ്താലേ ഇതുസംബന്ധിച്ച് വ്യക്തത വരികയുള്ളൂ.
 
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
