

കൊച്ചി: കോടതി കക്ഷികൾക്ക് വാട്സ്ആപ്പിലൂടെ സമൻസ് അയക്കുന്നത് നിയമപരമായ നടപടിക്രമമല്ലെന്ന് വിലയിരുത്തി ഹൈക്കോടതി. പൊലീസ് ഉദ്യോഗസ്ഥൻ മുഖേന സമൻസ് നൽകണമെന്നാണ് ക്രിമിനൽ നടപടിചട്ടത്തിലെ വ്യവസ്ഥയെന്ന് ഹൈക്കോടതി ചൂണ്ടിക്കാണിച്ചു.
സമൻസ് നൽകാൻ ആധുനികരീതികൾ പലതും ഏർപ്പെടുത്തി മാറ്റങ്ങൾ നടപ്പാക്കുന്നുണ്ടെങ്കിലും വാട്സ്ആപ്പ് മുഖേന സമൻസ് നൽകുന്ന രീതി നിയമപരമാക്കിയിട്ടില്ലെന്ന് പറഞ്ഞാണ് ഹൈക്കോടതി പരാമർശം. വാട്സ്ആപ്പ് മുഖേന സമൻസ് നൽകിയിട്ടും ഹാജരായില്ലെന്ന് ചൂണ്ടിക്കാട്ടി എറണാകുളം അഡീഷനൽ സി ജെ എം കോടതി തനിക്കെതിരെ ജാമ്യമില്ലാ വാറൻറ് പുറപ്പെടുവിച്ചത് ചോദ്യം ചെയ്ത് മുൻ മന്ത്രിയും എം.എൽ.എയുമായ അനൂപ് ജേക്കബ് നൽകിയ ഹർജിയിൽ ജസ്റ്റിസ് വി ജി അരുണിന്റെയാണ് നിരീക്ഷണം.
കോവിഡ് കാലത്ത് മാനദണ്ഡങ്ങൾ ലംഘിച്ച് സമരം ചെയ്ത കേസിൽ ഹാജരാകാൻ ജനപ്രതിനിധികൾക്കെതിരായ കേസുകളുടെ വിചാരണച്ചുമതലയുള്ള അഡീഷനൽ സിജെഎം കോടതി അനൂപ് ജേക്കബിന് വാട്സ്ആപ്പ് മുഖേന സമൻസ് നൽകിയിരുന്നു. ഹാജരായില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ജാമ്യമില്ലാ വാറൻറ് പുറപ്പെടുവിച്ചത്.
എന്നാൽ, തന്റെ ഫോണിൽ വാട്സ് ആപ്പ് ഇല്ലെന്നും കോടതിയുടെ സമൻസ് തനിക്ക് ലഭിച്ചില്ലെന്നുമാണ് അനൂപ് ജേക്കബിന്റെ വാദം. ആശയവിനിമയത്തിലെ വിപ്ലവകരമായ മാറ്റം സമൻസ് അയക്കുന്നതിലും അനിവാര്യമാണെങ്കിലും വാട്സ്ആപ്പിലൂടെ സമൻസ് അയച്ചത് നിയമപരമല്ലെന്ന് സിംഗിൾ ബെഞ്ച് വിലയിരുത്തി. ജാമ്യമില്ലാ വാറന്റ് നാലാഴ്ചത്തേക്ക് മരവിപ്പിക്കുകയും ചെയ്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates