

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് നീതി കിട്ടിയെന്ന യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിന്‍റെ അഭിപ്രായത്തെ തള്ളി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍. രമേശ് ചെന്നിത്തല, ശശി തരൂര്‍, സണ്ണി ജോസഫ്, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, എംഎം ഹസ്സന്‍, കെ മുരളീധരന്‍ തുടങ്ങിയവരാണ് അടൂര്‍ പ്രകാശിനെതിരെ രംഗത്തെത്തിയത്. കേസില്‍ സര്‍ക്കാര്‍ അപ്പീല്‍ പോകുന്നത് വേറെ പണിയില്ലാത്തതിനാലാണെന്ന് അടൂര്‍ പ്രകാശ് രാവിലെ പത്തനംതിട്ടയില്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
ദിലീപിന് നീതി കിട്ടിയെന്ന അടൂര്‍ പ്രകാശിന്‍റെ വാക്കുകള്‍ വ്യക്തിപരമായ അഭിപ്രായമായിരിക്കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കോണ്‍ഗ്രസ് എന്നും അതിജീവിതക്ക് നീതി കിട്ടണമെന്ന നിലപാടാണ് സ്വീകരിച്ചത്. ഇനി ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാന്‍ പാടില്ല. തങ്ങള്‍ എന്തിന് വേട്ടക്കാര്‍ക്കൊപ്പം നില്‍ക്കണമെന്നും പള്‍സര്‍ സുനിയുമായി തങ്ങള്‍ക്ക് എന്ത് ബന്ധമെന്നും രമേശ് ചെന്നിത്തല ചോദിച്ചു.
അടൂര്‍ പ്രകാശിന്റേത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്ന് എംഎം ഹസ്സന്‍ പറഞ്ഞു. പാര്‍ട്ടി ഒന്നടങ്കം അതീജീവിതയ്‌ക്കൊപ്പമാണ്. നീതി കിട്ടാന്‍ ഇനി അവര്‍ക്ക് പല തലങ്ങളുണ്ട്. സര്‍ക്കാര്‍ അപ്പീല്‍ പോകണം. കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയോ നിലപാടല്ല അടൂര്‍ പ്രകാശ് പറഞ്ഞത്. പ്രതിപക്ഷ നേതാവ് ആണ് യുഡിഎഫിന്റെ ചെയര്‍മാന്‍. അദ്ദേഹം അങ്ങനെ പറഞ്ഞില്ലല്ലോയെന്നും എംഎം ഹസ്സന്‍ പറഞ്ഞു.
നടിയെ ആക്രമിക്കപ്പെട്ട കേസില്‍ നേരിട്ട് തെറ്റുചെയ്തവര്‍ക്ക് ശിക്ഷ കിട്ടിയെന്നായിരുന്നു കെ മുരളീധരന്റെ പ്രതികരണം. എല്ലാ വിധികളും പൂര്‍ണതൃപ്തി ഉണ്ടാകണമെന്നില്ല. പൂര്‍ണമായി നീതി കിട്ടിയില്ലെന്ന് അതീജീവിതക്ക് അഭിപ്രായം ഉണ്ടെങ്കില്‍ സര്‍ക്കാര്‍ അപ്പീല്‍ പോകണം. അടൂര്‍ പ്രകാശിന്റെ അഭിപ്രായം വ്യക്തിപരമാണ്. അതിനെ രാഷ്ട്രീയമായി കൂട്ടിയോജിപ്പിക്കരുതെന്നും മുരളീധരന്‍ പറഞ്ഞു.
കോടതി വിധി പ്രോസിക്യൂഷന്റെയും സര്‍ക്കാരിന്റെയും പരാജയമാണ്. സര്‍ക്കാര്‍ അപ്പീല്‍ പോകണമെന്നതാണ് കോണ്‍ഗ്രസ് നിലപാട് എന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് പറഞ്ഞു. യുഡിഎഫിന്റെ പേരില്‍ അത്തരം അഭിപ്രായങ്ങള്‍ വേണ്ടെന്ന് രാജ് മോഹന്‍ ഉണ്ണിത്താന്‍ എംപി പറഞ്ഞു. എന്നും അതീജീവിതക്കൊപ്പമാണെന്ന് ശശി തരൂര്‍ എംപി പറഞ്ഞു.
കലാകാരന്‍ എന്ന നിലയില്‍ മാത്രമല്ല, വ്യക്തിയെന്ന നിലയിലും ദിലീപിനെ സംബന്ധിച്ചിടത്തോളം നീതി ലഭ്യമായെന്നായിരുന്നു അടൂര്‍ പ്രകാശിന്റെ പ്രതികരണം. ദിലീപുമായി അടുത്ത ബന്ധമുണ്ട്. വ്യക്തിപരമായി സന്തോഷമുണ്ടെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. ഉന്നത പൊലീസ് നേതൃത്വത്തില്‍ ഉണ്ടാക്കിയെടുത്ത ഗൂഢാലോചനയാണ് കേസുമായി ബന്ധപ്പെട്ട് നടന്നതെന്ന് ദിലീപ് പറഞ്ഞിട്ടുണ്ട്. അത്തരം കാര്യങ്ങളില്‍ താനല്ല അഭിപ്രായം പറയേണ്ടത്. സര്‍ക്കാര്‍ അറസ്റ്റ് രാഷ്ട്രീയനേട്ടത്തിന് ഉപയോഗിച്ചു എന്നാണ് വിധി വന്നപ്പോള്‍ ഉണ്ടായ ചില പ്രതികരണങ്ങളില്‍ നിന്ന് മനസിലാക്കുന്നത്. സര്‍ക്കാര്‍ അപ്പീല്‍ പോകുമല്ലോ. സര്‍ക്കാരിന് മറ്റു പണിയൊന്നുമില്ലല്ലോ. ആരെ ദ്രോഹിക്കാനുണ്ട് എന്നുള്ളതാണ് സര്‍ക്കാര്‍ നോക്കുന്നത്. സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം എന്ത് വേണമെങ്കിലും കെട്ടിച്ചമച്ചുണ്ടാക്കാന്‍ പറ്റുന്നതാണെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates