

പാലക്കാട്: പിന്നിലെ നാല് ചക്രങ്ങളിൽ ഒന്നില്ലാതെ ബസ് ഓടിച്ചതിനു നിലമ്പൂർ കെഎസ്ആർടിസി ഡിപ്പോയിലെ ഏഴു ജീവനക്കാരെ സസ്‌പെൻഡ് ചെയ്തു. ഡ്രൈവർ കെ സുബ്രഹ്മണ്യൻ, ടയർ ഇൻസ്‌പെക്ടർ എൻ അബ്ദുൾ അസീസ്, മെക്കാനിക്കുമാരായ കെ പി സുകുമാരൻ, കെ അനൂപ്, കെ ടി അബ്ദുൾഗഫൂർ, ഇ രഞ്ജിത്കുമാർ, എ പി ടിപ്പു മുഹ്‌സിൻ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. ഗുരുതരമായ കൃത്യവിലോപവും അച്ചടക്കലംഘനവും നടത്തിയതിനാണ് നടപടി.
2021 ഒക്‌ടോബർ ഏഴിന് രാവിലെ ആറുമണിക്ക് കോഴിക്കോട്ടേക്കു പുറപ്പെട്ട ബസിന്റെ പിന്നിൽ വലതുഭാഗത്ത് രണ്ടു ടയറുകളും ഇടതുഭാഗത്ത് ഒരു ടയറും മാത്രമാണുണ്ടായിരുന്നത്. യാത്രയ്ക്കിടെ പിറകിൽനിന്ന് വലിയ ശബ്ദംകേട്ട് ഡ്രൈവറും കണ്ടക്ടറും പരിശോധിച്ചപ്പോഴാണ് പിഴവ് കണ്ടത്. റൂട്ടിൽ ആ സമയത്ത് വേറെ സർവീസ് ഇല്ലാത്തതിനാൽ യാത്രക്കാർക്ക് പണം തിരികെ നൽകേണ്ടിവന്നു.
സംഭവം നടന്നതിന്റെ തലേദിവസം ഡിപ്പോയിലെ വർക്‌ഷോപ്പിലായിരുന്നു ഈ ബസ്. ബസിന്റെ സ്‌പ്രിങ്‌സെറ്റ് ക്രമീകരിക്കണമെന്ന് ഡ്യൂട്ടി ചാർജ്മാൻ മെക്കാനിക്കുകൾക്ക് നിർദേശം നൽകി. മെക്കാനിക്കുകൾ അതനുസരിച്ച് ജോലിചെയ്തെങ്കിലും ചാർജ്മാൻ ബസിന്റെ ലോഗ്ഷീറ്റ് വാങ്ങി ജോലി രേഖപ്പെടുത്തുകയോ അതിനുള്ള നിർദേശം മെക്കാനിക്കുകൾക്കു നൽകുകയോ ചെയ്തില്ല. സ്‌പ്രിങ്സെറ്റ് ക്രമീകരിച്ച വിവരം ലോഗ്ഷീറ്റിൽ രേഖപ്പെടുത്തിയില്ല. ടയർ ഊരി മറ്റൊരു ബസിനിടാൻ നിർദേശിച്ച ടയർ ഇൻസ്‌പെക്ടറും ഇതേക്കുറിച്ച് തിരക്കിയില്ല. ബസ് ഓടിച്ചുനോക്കി സർവീസിനു യോഗ്യമാണോ എന്നു പരിശോധിക്കേണ്ട വെഹിക്കിൾ സൂപ്പർവൈസറുടെ ചുമതലവഹിച്ച ഡ്രൈവറും ഇക്കാര്യങ്ങൾ വേണ്ടവിധം നോക്കിയില്ല. ഇൻസ്‌പെക്ടർ സി ബാലൻ നൽകിയ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates