

തിരുവനന്തപുരം: സ്വകാര്യ സര്‍വകലാശാലകളില്‍ സാമൂഹികനീതിയും മെറിറ്റും ജനാധിപത്യാവകാശങ്ങളും ഉറപ്പാക്കണമെന്ന് എസ്എഫ്ഐ. സ്വകാര്യ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും സംഘടനാ സ്വാതന്ത്ര്യം ഉറപ്പ് വരുത്താനും വിദ്യാര്‍ഥി യൂണിയന് ഉള്‍പ്പെടെയുള്ള ജനാധിപത്യ വേദികള്‍ ഉറപ്പ് വരുത്താനും സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണമെന്നും എസ്എഫ്ഐ ആവശ്യപ്പെട്ടു.
ഇന്റേണല്‍ മാര്‍ക്കിന്റെ പേരില്‍ വലിയ വേട്ടയാടലുകളാണ് സ്വകാര്യ - സ്വാശ്രയ കോളജുകളില്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ നടക്കുന്നത്. ഈ അനുഭവത്തിന്റെ വെളിച്ചത്തില്‍ സ്വകാര്യ സര്‍വകലാശാലകളില്‍ ഇന്റേണല്‍ മാര്‍ക്കിനെ സംബന്ധിച്ചുള്ള പരാതി പരിഹാര സമിതിയില്‍ വിദ്യാര്‍ഥികളുടെ പ്രാതിനിധ്യം ഉറപ്പ് വരുത്താനും സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണം. പിന്നാക്ക വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് ഫീസ് ഇളവുമുണ്ടാവണം. വിദ്യാര്‍ഥികളുടെ ഭാഗത്ത് നിന്ന് ഉയര്‍ന്ന് വരുന്ന ആശങ്കകള്‍ അനുഭാവപൂര്‍വ്വം പരിഗണിച്ചും വിദ്യാര്‍ഥി സംഘടനകളോട് ചര്‍ച്ച ചെയ്തും മാത്രമേ സ്വകാര്യ സര്‍വകലാശാല ബില്‍ നിയമസഭ പാസാക്കാന്‍ പാടുള്ളൂ എന്നും എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ, പി എം ആര്‍ഷോ എന്നിവര്‍ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
എസ്എഫ്ഐ പ്രസ്താവനയുടെ പൂര്‍ണ രൂപം
സ്വകാര്യ സർവകലാശാലകളിൽ സാമൂഹികനീതിയും മെറിറ്റും ജനാധിപത്യാവകാശങ്ങളും ഉറപ്പാക്കണം : എസ്എഫ്ഐ
ഇരുപതാം നൂറ്റാണ്ടിന്റെ അവസാന പതിറ്റാണ്ടില്‍ ആരംഭിച്ച നവലിബറല്‍ നയങ്ങളോടെ രാജ്യത്തെ വിദ്യാഭ്യാസ മേഖല സ്വകാര്യ കുത്തകകള്‍ക്ക് തുറന്നിട്ട് കൊടുക്കുന്ന സമീപനമാണ് കോണ്‍ഗ്രസ് - ബിജെപി സര്‍ക്കാരുകള്‍ സ്വീകരിച്ചത്. പാവപ്പെട്ടവരുടെ വിദ്യാഭ്യാസ സ്വപ്നങ്ങള്‍ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തുന്ന ഇത്തരം നയങ്ങള്‍ക്കെതിരെ കടുത്ത പ്രതിഷേധമാണ് എസ്.എഫ്.ഐ ഉള്‍പ്പെടെയുള്ള രാജ്യത്തെ ഇടതുപക്ഷ സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും സ്വീകരിച്ചിട്ടുള്ളത്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയും ഉന്നത വിദ്യാഭ്യാസ മേഖലയും സ്വകാര്യവത്കരിക്കാന്‍ നടത്തിയ നീക്കങ്ങളെ ചെറുത്ത് തോല്‍പ്പിച്ചത് എസ്എഫ്ഐയുടെ സമരക്കരുത്താണ്. അനാദായകരം എന്ന് പറഞ്ഞ് അടച്ചു പൂട്ടാന്‍ വെച്ചിരുന്ന മൂവായിരത്തിലധികം സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകള്‍ ഇന്ന് കേരളത്തില്‍ മികവിന്റെ കേന്ദ്രങ്ങളായി തലയുയര്‍ത്തി നില്‍ക്കുന്നത് എസ്എഫ്ഐയുടെ സമരത്തിന്റെ ഫലമായാണ്. യാതൊരു നിയന്ത്രണവുമില്ലാതെ ആരംഭിക്കാനിരുന്ന സ്വാശ്രയ കോളേജുകളില്‍ സാമൂഹിക നീതിക്കും മെറിറ്റിനും വേണ്ടി ഐതിഹാസികമായ സമരമാണ് എസ്എഫ്ഐ സംഘടിപ്പിച്ചത്. അതിനെ തുടര്‍ന്നാണ് കേരളത്തിലെ സ്വാശ്രയ കോളേജുകളില്‍ റിസര്‍വേഷനും, 50 ശതമാനം മെറിറ്റ് സീറ്റുകളും, ഫീ റഗുലേറ്ററി കമ്മീഷനുകളും യാഥാര്‍ത്ഥ്യമായത്.
പൂര്‍ണ്ണമായും സ്റ്റേറ്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്ന വിദ്യാഭ്യാസം കണ്‍കറണ്ട് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത് ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്താണ്. അന്ന് മുതല്‍ വിദ്യാഭ്യാസ മേഖലയെ കേന്ദ്രവത്കരിക്കാനുള്ള ശ്രമങ്ങളാണ് മാറി മാറി വന്ന കേന്ദ്ര സര്‍ക്കാരുകള്‍ തുടര്‍ന്നത്. 2014ല്‍ നരേന്ദ്ര മോദി അധികാരത്തില്‍ വന്നതിന് ശേഷം ഇതിന് ആക്കം കൂടി. വിദ്യാഭ്യാസ മേഖലയില്‍ സംസ്ഥാന സര്‍ക്കാരുകളുടെ അവകാശം ഓരോന്നോരോന്നായി റദ്ദ് ചെയ്ത് കൊണ്ടിരിക്കുകയാണ്. ദേശീയ വിദ്യാഭ്യാസ നയം 2020, യുജിസി ചട്ടഭേദഗതിയുടെ കരട് എന്നിവ ഇതിനുദാഹരണമാണ്.
നിലവില്‍ കേരളത്തില്‍ സ്വകാര്യ ഡീംഡ് യൂണിവേഴ്സിറ്റികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ യൂണിവേഴ്സിറ്റികളില്‍ സാമൂഹിക നീതിയോ മെറിറ്റോ, സര്‍ക്കാര്‍ നിയന്ത്രണങ്ങളോ, വിദ്യാര്‍ത്ഥി - അദ്ധ്യാപക - അനദ്ധ്യാപക സംഘടനാ സ്വാതന്ത്ര്യമോ ഒന്നുമില്ല. അക്കാഡമിക് കാര്യങ്ങളില്‍ പോലും സര്‍ക്കാരിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കഴിയുന്നില്ല. വിദ്യാഭ്യാസത്തെ വെറും കച്ചവട ചരക്കായി കാണുന്ന എഡ്യൂ ബിസിനസ് രാജാക്കന്മാര്ക്ക് രാജ്യത്തെവിടെയും യഥേഷ്ടം ഡീംഡ് യൂണിവേഴ്സിറ്റികള്‍ ആരംഭിക്കാന്‍ വാതില്‍ തുറന്നിട്ട് കൊടുത്തിരിക്കുകയാണ് യുജിസി.
കഴിഞ്ഞ വര്‍ഷം വാര്‍ഷിക ബജറ്റില്‍ സ്വകാര്യ സര്‍വകലാശാല പ്രഖ്യാപനം നടത്തിയ സമയത്ത് തന്നെ അതിനെ പറ്റിയുള്ള ആശങ്കയും അഭിപ്രായവും എസ്എഫ്ഐ പ്രസ്താവനയിലൂടെ പൊതുസമൂഹത്തിന് മുമ്പില്‍ പങ്കുവെച്ചിരുന്നതാണ്. അന്ന് എസ്എഫ്ഐ ഉയര്‍ത്തിയ ആശങ്കകളും അഭിപ്രായങ്ങളും സര്‍ക്കാര്‍ അനുഭാവപൂര്‍വ്വം പരിഗണിച്ചിട്ടുണ്ട് എന്നാണ് സ്വകാര്യ സര്‍വ്വകലാശാല ബില്ലിനെ സംബന്ധിച്ചുള്ള വാര്‍ത്തകളില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നത്. രാജ്യത്ത് മറ്റൊരു സംസ്ഥാനത്തും ഇല്ലാത്ത തരത്തില്‍ സ്വകാര്യ സര്‍വകലാശാലകളില്‍ സാമൂഹിക നീതിയും മെറിറ്റും ഉറപ്പ് വരുത്താന്‍ കേരളത്തിന് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാമൂഹിക നീതിയും മെറിറ്റും പോലെ തന്നെ പ്രധാനപ്പെട്ട കാര്യമാണ് വിദ്യാര്‍ത്ഥികളുടെയും, അദ്ധ്യാപകരുടെയും, ജീവനക്കാരുടെയും ജനാധിപത്യ അവകാശങ്ങള്‍. സ്വകാര്യ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ക്കും, അദ്ധ്യാപകര്‍ക്കും, ജീവനക്കാര്‍ക്കും സംഘടനാ സ്വാതന്ത്ര്യം ഉറപ്പ് വരുത്താനും വിദ്യാര്‍ത്ഥി യൂണിയന് ഉള്‍പ്പെടെയുള്ള ജനാധിപത്യ വേദികള്‍ ഉറപ്പ് വരുത്താനും സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണം. ഇന്റേണല്‍ മാര്‍ക്കിന്റെ പേരില്‍ വലിയ വേട്ടയാടലുകളാണ് സ്വകാര്യ - സ്വാശ്രയ കോളേജുകളില്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ നടക്കുന്നത്. ഈ അനുഭവത്തിന്റെ വെളിച്ചത്തില്‍ സ്വകാര്യ സര്‍വകലാശാലകളില്‍ ഇന്റേണല്‍ മാര്‍ക്കിനെ സംബന്ധിച്ചുള്ള പരാതി പരിഹാര സമിതിയില്‍ വിദ്യാര്‍ത്ഥികളുടെ പ്രാതിനിധ്യം ഉറപ്പ് വരുത്താനും സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണം. പിന്നാക്ക വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് ഫീസ് ഇളവുമുണ്ടാവണം. വിദ്യാര്‍ത്ഥികളുടെ ഭാഗത്ത് നിന്ന് ഉയര്‍ന്ന് വരുന്ന ആശങ്കകള്‍ അനുഭാവപൂര്‍വ്വം പരിഗണിച്ചും, വിദ്യാര്‍ത്ഥി സംഘടനകളോട് ചര്‍ച്ച ചെയ്തും മാത്രമേ സ്വകാര്യ സര്‍വകലാശാല ബില്‍ നിയമസഭ പാസാക്കാന്‍ പാടുള്ളൂ എന്ന് സംസ്ഥാന സര്‍ക്കാരിനോട് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ, പി.എം ആര്‍ഷോ എന്നിവര്‍ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates