

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ ലൈംഗിക പീഡന പരാതിയിൽ പ്രതികരണവുമായി ഷാഫി പറമ്പിൽ എംപി. നിയമപരമായി കാര്യങ്ങൾ നടക്കട്ടെയെന്നു അദ്ദേഹം പ്രതികരിച്ചു. നിയമപരമായ നടപടിക്രമങ്ങൾക്കു തടസം നിൽക്കില്ല. കൂടുതൽ പ്രതികരണങ്ങൾ പാർട്ടിയുമായി ആലോചിച്ച ശേഷമെന്നും ഷാഫി വ്യക്തമാക്കി.
രാഹുൽ എംഎൽഎ സ്ഥാനം രാജി വയ്ക്കുമോ എന്ന ചോദ്യത്തിനു കാര്യങ്ങൾ നിയമപരമായി നടക്കട്ടെ എന്നാണ് ഷാഫിയുടെ മറുപടി. ഇന്ന് ഉച്ചയ്ക്കു ശേഷമാണ് ലൈംഗിക പീഡന ആരോപണത്തിൽ രാഹുലിനെതിരെ യുവതി മുഖ്യമന്ത്രി പിണറായി വിജയനു നേരിട്ടെത്തി പരാതി നൽകിയത്.
രാഹുലിനെതിരെ ഡിജിറ്റല്‍ തെളിവുകളടക്കം നല്‍കിയാണ് യുവതിയുടെ പരാതി. രാഹുല്‍ ഗര്‍ഭച്ഛിദ്രത്തിനു പ്രേരിപ്പിക്കുന്നതടക്കമുള്ള ശബ്ദ സന്ദേശം പുറത്തു വന്നിരുന്നു. പിന്നാലെയാണ് പരാതി.
പരാതി മുഖ്യമന്ത്രി ഡിജിപിയ്ക്കു കൈമാറി. സംഭവത്തില്‍ അറസ്റ്റ് ഉടനുണ്ടാകുമെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. യുവതിയുടെ മൊഴി നേരിട്ടെടുക്കുമെന്നും വിവരങ്ങളുണ്ട്.
രാഹുലും യുവതിയും തമ്മില്‍ സംസാരിക്കുന്നതിന്റെ ഓഡിയോ കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. പിന്നാലെ ലൈംഗികാക്രമണത്തിന് ഇരയായ യുവതിക്ക് നേരെ സാമൂഹിക മാധ്യമങ്ങളില്‍ അധിക്ഷേപവും ഭീഷണിയും ഉയര്‍ന്നിരുന്നു. രാഹുലിനെ കുരുക്കിലാക്കുന്ന നിര്‍ണായക തെളിവുകളും യുവതി പരാതിക്കൊപ്പം മുഖ്യമന്ത്രിക്ക് നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതിനിടെ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനും പരാതി ലഭിച്ചിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സജന ബി സാജന്‍ ആണ് പരാതി നല്‍കിയത്. രാഹുലിനെതിരെയുള്ള ആരോപണങ്ങള്‍ പാര്‍ട്ടി അന്വേഷിക്കണമെന്നാണ് പരാതിയില്‍ ആവശ്യപ്പെടുന്നത്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ യൂത്ത് കോണ്‍ഗ്രസില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് സജന പരാതിയുമായി രംഗത്തെത്തിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates