തിരുവനന്തപുരം: കാരണക്കോണം ത്രേസ്യാപുരത്ത് ശാഖാകുമാരിയുടെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രായത്തില്‍ കൂടിയ സ്ത്രീയുമായുള്ള വിവാഹത്തിന്റെ പേര് പറഞ്ഞ് കൂട്ടുകാര്‍ പലപ്പോഴും കളിയാക്കിയിരുന്നതായി ഭര്‍ത്താവ് അരുണിന്റെ കുറ്റ സമ്മത മൊഴിയില്‍ പറയുന്നു. തന്നില്‍ നിന്ന് ഒരു കുഞ്ഞ് വേണമെന്ന ശാഖയുടെ ആവശ്യം അസ്വസ്ഥനാക്കി. വിവാഹം കഴിക്കാന്‍ പ്രേരിപ്പിച്ചത് സ്വത്ത് മോഹിച്ചെന്ന് അരുണ്‍ പൊലീസിന് മൊഴി നല്‍കി.
പൊലീസിന്റെ ചോദ്യം ചെയ്യലില്‍ പിടിച്ചുനില്‍ക്കാനാവാതെയാണ് അരുണ്‍ താന്‍ ശാഖാകുമാരിയെ കൊന്നതാണെന്ന കുറ്റസമ്മതം നടത്തിയത്. ശാഖ ഷോക്കേറ്റ് മരിച്ചു എന്നായിരുന്നു അരുണ്‍ ആദ്യം പറഞ്ഞത്. രണ്ടുമാസം മുന്‍പ് മതാചാര പ്രകാരമായിരുന്നു വിവാഹം.
ശാഖയും അരുണും തമ്മില്‍ വഴക്ക് പതിവായിരുന്നത്രെ. ശാഖയുടെ ആദ്യവിവാഹമാണിത്. വിവാഹ സല്‍ക്കാരത്തിനിടെ അരുണ്‍ ഇറങ്ങിപ്പോയി കാറില്‍ കറങ്ങിനടന്നിരുന്നതായി സമീപവാസി പറയുന്നു. ശാഖ 10 ലക്ഷത്തോളം രൂപ അരുണിനു നല്‍കിയിട്ടുണ്ടെന്നും ഇവര്‍ വെളിപ്പെടുത്തി. പരേതനായ അധ്യാപകന്റെ മകളാണു ശാഖ. കിടപ്പുരോഗിയായ അമ്മയാണ് ഒപ്പമുള്ളത്. വലിയ ഭൂസ്വത്ത് കുടുംബത്തിനുണ്ട്. ഒരേക്കറിലധികമുള്ള സ്ഥലത്താണു വീട്.
അരുണുമായി പ്രണയമായതോടെ വിവാഹത്തിനു ശാഖയാണു മുന്‍കയ്യെടുത്തത്. വീട്ടുകാരോ ബന്ധുക്കളോ ഇല്ലാതെയാണ് അരുണ്‍ വിവാഹത്തിനെത്തിയത്. പത്താംകല്ല് സ്വദേശി എന്നു മാത്രമാണ് അരുണിനെപ്പറ്റി നാട്ടുകാര്‍ക്കുള്ള വിവരം. അരുണിന്റെ പെരുമാറ്റത്തില്‍ ആദ്യംമുതലേ നാട്ടുകാര്‍ക്കു ചില സംശയങ്ങളുണ്ടായിരുന്നു. ബന്ധുക്കളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.
10 ലക്ഷം രൂപയ്ക്കു പുറമെ കാറും അരുണിനു ശാഖ വാങ്ങിക്കൊടുത്തിരുന്നു. ദിവസങ്ങള്‍ക്കു മുന്‍പു വിവാഹം രജിസ്റ്റര്‍ ചെയ്യാനായി ഇവര്‍ പഞ്ചായത്ത് ഓഫിസില്‍ പോയിരുന്നെന്ന് അയല്‍ക്കാര്‍ പറഞ്ഞു. ക്രിസ്മസ് വിളക്കുകള്‍ തൂക്കാനെടുത്ത കണക്ഷന്‍ രാത്രി വിച്ഛേദിച്ചിരുന്നില്ലെന്നും പുലര്‍ച്ചെ ശാഖ ഇതില്‍ സ്പര്‍ശിച്ചപ്പോള്‍ ഷോക്കേറ്റെന്നുമായിരുന്നു അരുണ്‍ പറഞ്ഞത്. പക്ഷേ ശാഖയുടെ ബന്ധുക്കള്‍ സംഭവത്തില്‍ ദുരൂഹത ആരോപിച്ചതോടെ വെള്ളറട പൊലീസ് കൂടുതല്‍ അന്വേഷണത്തിലേക്കു നീങ്ങിയതോടെയാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates