

തിരുവനന്തപുരം: ഷാരോൺ കൊലക്കേസിൽ ജനുവരി 17ന് വിധി. നെയ്യാറ്റിൻകര അഡീഷനൽ സെഷൻസ് കോടതിയാണ് വിധി പറയുക. പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും അന്തിമവാദം പൂർത്തിയായി. കാമുകനായ ഷാരോൺ രാജിനെ കേസിലെ ഒന്നാം പ്രതി ഗ്രീഷ്മ വീട്ടിലേക്ക് ക്ഷണിച്ചു വരുത്തി കഷായത്തിൽ വിഷം കലർത്തി നൽകി കൊലപ്പെടുത്തിയെന്നാണ് കേസ്.
മൂന്നു ദിവസമായി നടന്ന വാദപ്രതിവാദങ്ങൾക്ക് ശേഷമാണ് വിധി പറയാനായി കേസ് മാറ്റിയത്. ഗ്രീഷ്‌മയ്‌ക്കെതിരെ വിഷം കൊടുത്തതിനും കൊലപാതകത്തിനും അന്വേഷണത്തെ തെറ്റിദ്ധരിപ്പിച്ചതിനുമുള്ള കുറ്റം തെളിഞ്ഞതായി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ വാദിച്ചു. ഗ്രീഷ്മയുടെ അമ്മ സിന്ധുവും അമ്മാവൻ നിർമല കുമാരൻ എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. ഇവർ തെളിവു നശിപ്പിച്ച കുറ്റം തെളിഞ്ഞതായും പ്രോസിക്യൂട്ടർ വ്യക്തമാക്കി.
എന്നാൽ ഷാരോണിനെ കൊലപ്പെടുത്തുന്നതിനായി ഗ്രീഷ്മ ജൂസിൽ വിഷം ചേർത്തു നൽകിയിരുന്നു. ജൂസ് ചലഞ്ചിനു മുൻപായി പാരസെറ്റമോളിനെക്കുറിച്ച് ഗ്രീഷ്മ ഗൂഗിളിൽ തിരഞ്ഞത് പനി ആയതുകൊണ്ടാണെന്ന് പ്രതിഭാഗം വാദിച്ചു. ആത്മഹത്യാ പ്രവണതയുള്ള ഗ്രീഷ്മ ആത്മഹത്യ ചെയ്യുന്നതിനാണ് വിഷത്തെക്കുറിച്ച് സെർച്ച് ചെയ്തത്. ഗ്രീഷ്മ മുഖം കഴുകാനായി ശുചിമുറിയിൽ കയറിയ സമയം തിളപ്പിച്ചാറ്റിയ കഷായം ഷാരോൺ രാജ് കുടിച്ച ശേഷം വീട്ടിൽനിന്നു പോയി എന്നാണ് പ്രതിഭാഗം വാദിച്ചത്. ഈ വാദങ്ങൾ കെട്ടുകഥകൾ ആണെന്ന് പ്രോസിക്യൂഷൻ പറഞ്ഞു.
2022 ഒക്ടോബർ പത്തിനാണ് ഷാരോൺ രാജ് വിഷം ഉള്ളിൽചെന്ന് അവശനിലയിലായത്. പ്രണയ ബന്ധത്തിൽ നിന്ന് പിന്മാറാതിരുന്നതിനെ തുടർന്നാണ് കൊല ആസൂത്രണം ചെയ്തത്. ഷാരോൺ രാജിനെ വീട്ടിലേക്ക് ക്ഷണിച്ചു വരുത്തി കഷായത്തിൽ വിഷം കലർത്തി നൽകിയെന്നാണ് കേസ്. 11 ദിവസം കഴിഞ്ഞാണ് മെഡിക്കൽ കോളജ് ഐസിയുവിൽ ഷാരോൺ രാജ് മരിച്ചത്. സാഹചര്യ തെളിവുകളെയാണ് പ്രോസിക്യൂഷൻ ആശ്രയിക്കുന്നത്. ഷാരോണിന്റെ മരണമൊഴിയും, ഗ്രീഷ്മ ചതിച്ചതായി ഷാരോൺ സുഹൃത്ത് റെജിനോട് പറഞ്ഞതും കേസിൽ നിർണായകമായി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates