

സിവില്‍ സപ്ലൈസില്‍ ചുമതലയുള്ളപ്പോഴാണ് 2006-ല്‍ വി.എസ്. അച്യുതാനന്ദന്‍ എന്നെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാക്കാന്‍ ഉദ്ദേശിക്കുന്നു എന്നറിയിക്കുന്നത്. അധികാരമേറ്റ് പത്തുദിവസം കഴിഞ്ഞിട്ടാകണം എന്നോര്‍ക്കുന്നു. തുടര്‍ച്ചയായി നാലുകൊല്ലം അദ്ദേഹത്തിന്റെ കൂടെയുണ്ടായി. 2010 ജനുവരിയില്‍ ഞാനൊരു കോഴ്സ് ചെയ്യാന്‍ വേണ്ടി പോയി. നാലുമാസത്തെ ഡിപ്ലോമാ കോഴ്സ് ആയിരുന്നു. മെയ് മാസത്തില്‍ തിരികെ വന്നു. പിന്നെ 2011 ഫെബ്രുവരി വരെ വി.എസ്സിനൊപ്പം തന്നെ ഉണ്ടായി. റബ്ബര്‍ ബോര്‍ഡ് ചെയര്‍പേഴ്സണായിട്ട് ഡപ്യൂട്ടേഷനില്‍ നിയമിക്കപ്പെടുംവരെ.
പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി എന്നെ നിയോഗിക്കുന്ന സമയത്ത് ഞാനൊരു കാര്യമേ ചോദിച്ചിരുന്നുള്ളൂ. എന്റെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടാകുമോ എന്നുള്ള കാര്യം മാത്രം. ഒരു അഡ്വൈസറി റോള്‍ മാത്രമുള്ളയാളാണല്ലോ പ്രിന്‍സിപ്പല്‍ സെക്രട്ടറി. അതിനു പരിപൂര്‍ണ സ്വാതന്ത്ര്യമുണ്ടെന്നാണ് അപ്പോള്‍ അദ്ദേഹം പറഞ്ഞത്. ജോലിയില്‍ ഒരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. ഇന്ന രീതിയില്‍ എനിക്ക് നോട്ടെഴുതി തരണമെന്നോ കുറിപ്പെഴുതിത്തരണമെന്നോ എന്നൊന്നും അദ്ദേഹം ഒരിക്കലും പറയുകയുണ്ടായിട്ടില്ല. ഞാന്‍ എന്റെ അഭിപ്രായം ഫയലുകള്‍ തരുമ്പോള്‍ രേഖപ്പെടുത്തി നല്‍കും. മുഖ്യമന്ത്രി ഫയല്‍ നോക്കുന്ന സമയത്ത് എന്തെങ്കിലും അഭിപ്രായമുണ്ടെങ്കില്‍ അത് ചോദിച്ചു മനസ്സിലാക്കിയിട്ടേ അദ്ദേഹം ഒപ്പിടുകയുള്ളൂ.
പ്രതിപക്ഷ നേതാവായിരിക്കെ അദ്ദേഹം ഉയര്‍ത്തിയ പ്രശ്നങ്ങളില്‍ കൈക്കൊണ്ട നിലപാട് നടപ്പാക്കുകയാണ് മുഖ്യമന്ത്രിയായ സമയത്ത് അദ്ദേഹം ചെയ്തത്. സ്ത്രീ പീഡനം, വനനശീകരണം ഉള്‍പ്പെടെയുള്ള പാരിസ്ഥിതിക പ്രശ്നങ്ങള്‍, ഭൂമി കയ്യേറ്റം അങ്ങനെയൊക്കെ ഉള്ള കാര്യങ്ങള്‍. അത്തരം കാര്യങ്ങളില്‍ ഭരണത്തില്‍ വന്നപ്പോഴും അദ്ദേഹം തന്റെ ബോദ്ധ്യങ്ങളില്‍നിന്നു വ്യതിചലിച്ചില്ല. തീരദേശത്തെ കണ്ടല്‍ക്കാട് നശീകരണം പോലുള്ള പ്രശ്നങ്ങള്‍, മുല്ലപ്പെരിയാര്‍ തുടങ്ങി അദ്ദേഹം വ്യക്തമായ നിലപാട് കൈക്കൊണ്ട പ്രശ്നങ്ങളില്‍ ഒരു പിറകോട്ടു പോക്ക് ഒരുകാലത്തും ഉണ്ടായിട്ടില്ല. വര്‍ഷങ്ങളായിട്ട് ഉണ്ടാക്കിയെടുത്ത ബോദ്ധ്യങ്ങളില്‍നിന്നും പിന്മാറാന്‍ വി.എസ് തയ്യാറായിരുന്നില്ല. അതേസമയം ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും തയ്യാറായിരുന്നുതാനും. മുല്ലപ്പെരിയാര്‍ സംബന്ധിച്ച് തമിഴ്‍നാട് മുഖ്യമന്ത്രിയുമായി കത്തിടപാടുകളും ചര്‍ച്ചകളുമൊക്കെ നടത്തിയിരുന്നു. ചര്‍ച്ചകളിലൂടെ പരിഹരിക്കപ്പെട്ടാല്‍ അത്രയും നല്ലത് എന്നായിരുന്നു വി.എസ്സിന്റെ സമീപനം. മറ്റൊരാള്‍ എന്തുകൊണ്ട് തനിക്ക് ബോദ്ധ്യമുള്ള കാര്യങ്ങളില്‍ വ്യത്യസ്തമായി ചിന്തിക്കുന്നു എന്നു മനസ്സിലാക്കാന്‍ ശ്രമിക്കുന്നയാളും മറ്റൊരാളെ തന്റെ ബോദ്ധ്യങ്ങളിലേയ്ക്കു കൊണ്ടുവരാനും ശ്രമിച്ചിരുന്നയാളായിരുന്നു വി.എസ്. മൂന്നാറില്‍ ഗവണ്‍മെന്റ് ഇടപെടല്‍ അനിവാര്യമാക്കുന്ന ഒരു സാഹചര്യം വി.എസ്സിനൊക്കെ മുന്‍പേത്തന്നെ ഉണ്ടായിരുന്നതാണ്. ടാറ്റയുടെ കൈവശം സര്‍പ്ലസ് ഭൂമി ഉണ്ടെന്നുള്ളത് നേരത്തെ അറിയാവുന്ന കാര്യമാണ്. പക്ഷേ, മൂന്നാറിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ ശക്തമായ ഒരു ശ്രമം തുടങ്ങിവെയ്ക്കാന്‍ വി.എസ്സിനേ കഴിഞ്ഞുള്ളൂ. ഭൂമി കയ്യേറ്റം ഒഴിപ്പിക്കുന്നതില്‍ ഒരു വിവേചനവും കാണിക്കാന്‍ വി.എസ് താല്പര്യപ്പെട്ടില്ല എന്നതാണ് വാസ്തവം. സര്‍ക്കാര്‍ ഭൂമി ആരു കയ്യേറിയാലും അതെത്ര വലിയവനോ ചെറിയവനോ ആകട്ടെ, അത് കയ്യേറ്റമാണ്. നിയമവിരുദ്ധമാണ്. എല്ലാവരേയും ഒഴിപ്പിക്കുക എന്നതുതന്നെയാണ് ആദ്യം ചെയ്യേണ്ട കാര്യം. ആ നടപടിക്കുശേഷം മാത്രമേ ആര്‍ക്കെങ്കിലും ഇളവുനല്‍കേണ്ടതായിട്ടുള്ള കാര്യം പരിഗണിക്കാന്‍ പറ്റുള്ളൂ. ഒട്ടും ഭൂമിയോ കിടപ്പാടമോ ഇല്ലാത്തവരോട് അനുകമ്പാപൂര്‍ണമുള്ള നിലപാട് അതിനുശേഷമേ സ്വീകരിക്കാന്‍ പറ്റുകയുള്ളൂ. നിയമം നോക്കുമ്പോള്‍ അങ്ങനെയല്ലേ സാധിക്കുകയുള്ളൂ. പിന്നെ അവിടെ രാഷ്ട്രീയമായ എതിര്‍പ്പൊക്കെ ഉണ്ടായി, അതങ്ങനെ അവസാനിച്ചു. കുറച്ചു ഭൂമിയൊക്കെ തിരിച്ചുപിടിച്ചു. എങ്കിലും അന്നത്രയെങ്കിലും ചെയ്തില്ലായിരുന്നെങ്കില്‍ മൂന്നാറിലെ സ്ഥിതി എന്താകുമായിരുന്നു? വി.എസ് തീര്‍ച്ചയായും അന്നും ഇന്നും ദുര്‍ബലരും അവശരുമായ മനുഷ്യരുടെ ശബ്ദമാണ്. പ്രതിനിധിയാണ്. എന്നാല്‍, നിയമത്തിനപ്പുറമുള്ള കാര്യങ്ങള്‍ അദ്ദേഹത്തിനെന്നല്ല, ആര്‍ക്കായാലും ചെയ്യാന്‍ സാദ്ധ്യമല്ല. കയ്യേറിയത് ഒഴിപ്പിച്ചതിനുശേഷം മാത്രമേ പിന്നീടൊരു കമ്മിറ്റിയൊക്കെ ഉണ്ടാക്കി അവരില്‍ ദുര്‍ബലരായവരും താഴെത്തട്ടിലുള്ളവരുമായ ആളുകള്‍ക്ക് ഭൂമി നല്‍കാനുള്ള ഒരു തീരുമാനമെടുക്കാന്‍ കഴിയൂ. പരിസ്ഥിതിലോല മേഖലയായ ഇടങ്ങളില്‍ അവരെ വീണ്ടും താമസിപ്പിക്കാന്‍ കഴിയുമായിരിക്കില്ല. എങ്കിലും മറ്റൊരിടത്ത് അവരെ പുനരധിവസിപ്പിക്കണം എന്ന കാര്യത്തില്‍ വി.എസ്സിനു നിര്‍ബന്ധമുണ്ടാകും. താഴെത്തട്ടിലുള്ള മനുഷ്യരോട് അദ്ദേഹത്തിനുള്ള അനുതാപം ആരെയെങ്കിലും ബോദ്ധ്യപ്പെടുത്താന്‍ വേണ്ടി ഉള്ളതായിരുന്നില്ല. നേരിട്ട് കണ്ടിട്ടുണ്ട് എന്നതുകൊണ്ടാണ് പറയുന്നത്. തന്നെ കാണാനും പരാതികളും ആവശ്യങ്ങളുമറിയിക്കാനും വരുന്നവരില്‍ നിരാലംബരും ദുര്‍ബലരും ആശയറ്റവരുമായ മനുഷ്യരോട് അദ്ദേഹം സ്വീകരിക്കുന്ന നിലപാട് എന്തെന്ന് നേരിട്ടു കണ്ടിട്ടുള്ളയാളാണ് ഞാന്‍. എല്ലാത്തിനും പരിഹാരമുണ്ടാക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ടാകില്ല. എന്നാല്‍, അങ്ങനെയുള്ള മനുഷ്യരോട്, സമൂഹത്തിന്റെ താഴെത്തട്ടിലുള്ള ആളുകളോട് ഒരു സവിശേഷ സമീപനം വി.എസ്സിന് ഉണ്ടായിരുന്നു. അവരാണ് ഗവണ്‍മെന്റിന്റെ പരിഗണന കൂടുതല്‍ അര്‍ഹിക്കുന്നത് എന്നായിരുന്നു വി.എസ്സിന്റെ വിശ്വാസം. തീര്‍ച്ചയായും ബിസിനസ്സുകാരെയൊക്കെ അദ്ദേഹം സ്വീകരിക്കുമായിരുന്നു. അവരുടെ പ്രശ്നങ്ങളും പരിഗണിക്കുമായിരുന്നു. എന്നാല്‍, സമൂഹത്തിന്റെ താഴെത്തട്ടില്‍ കഴിയുന്ന മനുഷ്യരോടും ദുര്‍ബലരും നിരാലംബരായ മനുഷ്യരോടും അദ്ദേഹം വേറിട്ടൊരു സമീപനമാണ് സ്വീകരിച്ചിരുന്നത്. മുഖ്യമന്ത്രിയെന്ന നിലയില്‍ത്തന്നെ കാണാനെത്തുന്നവരില്‍ ദുര്‍ബലരായ മനുഷ്യരോട് അനുകമ്പാപൂര്‍ണമായ ഒരു സമീപനമാണ് സ്വീകരിച്ചിരുന്നത്. ഏറെ സഹാനുഭൂതിയോടെയായിരുന്നു വി.എസ് ഈ മനുഷ്യരെയൊക്കെ സ്വീകരിച്ചിരുന്നത്. വിശ്വസിച്ചിരുന്ന കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്ന ആളായിരുന്നു വി.എസ്.
മൂന്നാറില്‍ ദൗത്യമേല്പിച്ച സുരേഷ്‍കുമാറിനും ഋഷിരാജ് സിംഗിനും പ്രവര്‍ത്തനത്തില്‍ പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിരുന്നു എന്നാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്. നല്ല രണ്ടു ഉദ്യോഗസ്ഥരാണ് അവര്‍. കണ്ണടച്ചു പൊലീസ് മുറയൊന്നും നടപ്പാക്കുന്നയാളല്ല ഋഷിരാജ് സിംഗ്. വളരെ അനുകമ്പയും അലിവുമൊക്കെയുള്ള ആളാണ്. മൂന്നാര്‍ ദൗത്യത്തിന്റെ ഓരോ ഘട്ടത്തിലും അപ്ഡേറ്റ്സ് കൊടുക്കണമെന്നു പറയുക മാത്രമേ ചെയ്തിരുന്നുള്ളൂ. എന്തു ചെയ്യണം, എന്തു ചെയ്യരുത് എന്നൊന്നും വി.എസ് നിഷ്കര്‍ഷിച്ചിരുന്നില്ല. സംഘര്‍ഷമൊക്കെ ഉണ്ടായിരുന്നു. വി.എസ്സിന് അതില്‍ അദ്ഭുതമൊന്നുമുണ്ടായിരുന്നില്ല. മാത്രമല്ല, അത്തരം ഘട്ടങ്ങളില്‍ ആവേശപൂര്‍വം ഇടപെടുന്നതായിരുന്നു അദ്ദേഹത്തിന്റെ പതിവ്. പാര്‍ട്ടിയുടെ ഒരു താല്പര്യം മുന്‍നിര്‍ത്തി ഒരു നടപടി ഒഴിവാക്കുന്നതിനെക്കുറിച്ചൊന്നും ചിന്തിച്ചിരുന്നില്ല.
ചെങ്ങറ സമരം വി.എസ്സിന് ഏറെ ബുദ്ധിമുട്ടുണ്ടാക്കിയ പ്രക്ഷോഭമായിരുന്നു. ആ സമയത്ത് വി.എസ് മാനസികമായി ഏറെ സംഘര്‍ഷം അനുഭവിച്ചിട്ടുണ്ട് എന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. ഭൂരഹിതരായ മനുഷ്യരുടെ പ്രശ്നമാണല്ലോ. ളാഹ ഗോപാലന്‍ ഒരു വിപ്ലവകാരിയാണ് എന്നതുകൊണ്ട് വി.എസ്സിന് അദ്ദേഹത്തിന്റെ നിലപാടുകളെ നന്നായി മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ടായിരുന്നു. ഹാരിസണിന്റെ ഭാഗത്തും ന്യായങ്ങളുണ്ടായിരുന്നു. തൊഴിലാളികള്‍ ഒറ്റക്കെട്ടായി സമരത്തെ എതിര്‍ക്കുകയായിരുന്നു. അതേസമയം അദ്ദേഹം മുഖ്യമന്ത്രിയാണല്ലോ. പ്രതിപക്ഷത്തായിരിക്കുമ്പോള്‍ പറയുന്നതൊക്കെ അതുപടി ഭരണത്തിലിരിക്കുമ്പോള്‍ പറ്റില്ലല്ലോ. നിരന്തരം ചര്‍ച്ചകള്‍ നടന്നു. മുഖ്യമന്ത്രി തന്നെ നേരിട്ടാണ് ചര്‍ച്ചകള്‍ സംഘടിപ്പിച്ചത്. സമരത്തിന്റെ ഒരു ഘട്ടത്തില്‍ ഞാന്‍ ചര്‍ച്ചകളില്‍ ഉണ്ടായിരുന്നില്ല. ഒരു കോഴ്സിനു ചേര്‍ന്നുവെന്നു പറഞ്ഞല്ലോ. പഠിക്കാന്‍ പോയിരിക്കുകയായിരുന്നു. ഏതായാലും പ്രശ്നം അവസാനിപ്പിക്കാന്‍ ഏറെ ചര്‍ച്ചകള്‍ പല തലങ്ങളില്‍ നടത്തേണ്ടിവന്നു. പിടിവാശികള്‍ ഉപേക്ഷിക്കാന്‍ രണ്ടുപക്ഷവും തയ്യാറായതോടെ ക്രമേണ പരിഹാരമാവുകയും ചെയ്തു. എന്നാല്‍, വി.എസ്സിനു വലിയ മനോസംഘര്‍ഷം സമ്മാനിച്ച സംഭവമായിരുന്നു അതെന്ന് ഓര്‍ക്കുന്നു.
വിഴിഞ്ഞം തുറമുഖ വികസനവുമായി ബന്ധപ്പെട്ടും വി.എസ്സിന് അത്യദ്ധ്വാനം ചെയ്യേണ്ടി വന്നിട്ടുണ്ട്. വിഴിഞ്ഞം തുറമുഖത്തിന്റെ കാര്യത്തില്‍ അദ്ദേഹമെടുത്ത സവിശേഷ താല്പര്യം അദ്ദേഹത്തെക്കുറിച്ച് വികസനവിരുദ്ധനെന്ന തെറ്റിദ്ധാരണ പുലര്‍ത്തുന്നവര്‍ക്ക് അമ്പരപ്പുണ്ടാക്കുന്നതാണ്. അദ്ദേഹത്തിന്റെ സമയത്താണ് സിംഗ്ള്‍ ടെണ്ടര്‍ ചെയ്യലടക്കമുള്ള കാര്യങ്ങളുണ്ടായത്. ആ പ്രവൃത്തി അവാര്‍ഡ് ചെയ്യുന്നതില്‍ ചില തടസ്സങ്ങള്‍ ഉണ്ടായി. ആര്‍ക്ക് കൊടുക്കണമെന്നതില്‍ തര്‍ക്കമുണ്ടായി. ആര്‍ക്ക് കൊടുത്താലും കുഴപ്പമില്ല, പദ്ധതി നടപ്പാക്കണം എന്ന കാര്യത്തില്‍ വി.എസ്സിനു നിര്‍ബന്ധമുണ്ടായിരുന്നു. നീല ഗംഗാധരനായിരുന്നു അന്ന് ചീഫ് സെക്രട്ടറി. അവരും കാര്യമായി അതിനുവേണ്ടി ഇടപെട്ടു. വികസന വിരുദ്ധനെന്ന ആക്ഷേപത്തില്‍ കഴമ്പില്ലെന്ന് തെളിയിക്കുന്നതായിരുന്നു വിഴിഞ്ഞത്തിന്റെ കാര്യത്തിലും സ്‍മാര്‍ട് സിറ്റിയുടെ കാര്യത്തിലുമൊക്കെ അദ്ദേഹം കൈക്കൊണ്ട നിലപാടുകളും നടപടികളും. പ്രതിപക്ഷത്തിരിക്കുമ്പോള്‍ നഖശിഖാന്തം അതിനെ എതിര്‍ത്തയാളായിരുന്നു. എന്നാല്‍, ഭരണത്തില്‍ വന്നപ്പോള്‍ ആ പദ്ധതിയുടെ കാര്യത്തില്‍ ജനങ്ങള്‍ക്കനുകൂലമായ റീനെഗോഷ്യേഷന്‍സ് ഉണ്ടായി. ഇന്‍ഫോപാര്‍ക്ക് വിട്ടുകൊടുക്കേണ്ടതില്ലെന്ന് തീരുമാനിക്കപ്പെട്ടു. സ്മാര്‍ട് സിറ്റിയെ തുടക്കത്തില്‍ എതിര്‍ക്കുന്നതിന് അദ്ദേഹത്തിനു കാരണങ്ങളുണ്ടായിരുന്നു. എന്നാല്‍, പദ്ധതി ആകെപ്പാടെ ഉപേക്ഷിക്കുന്നതിന് വി.എസ് തയ്യാറായില്ല.
പ്രിന്‍സിപ്പല്‍ സെക്രട്ടറിയാകുന്നതുവരെ വി.എസ്സുമായി എനിക്ക് യാതൊരു ബന്ധവുമുണ്ടായിരുന്നില്ല. ഇടപഴകുന്നതിനുള്ള ആവശ്യവും വന്നിരുന്നില്ല. പരിചയംപോലും ഉണ്ടായിരുന്നില്ല. ദൂരെനിന്നു കാണുകയല്ലാതെ. പാര്‍ട്ടി സെക്രട്ടറിയായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ നിലപാടുകളൊന്നും ശരിക്കും ബോദ്ധ്യമായിരുന്നില്ല. എന്നാല്‍, വി.എസ്സിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായതോടെയാണ് എന്തുകൊണ്ടാണ് അദ്ദേഹം ഇങ്ങനെയൊരു നിലപാടെടുക്കുന്നത് എന്ന് ബോദ്ധ്യം വന്നത്. അദ്ദേഹത്തിന്റെ കൂടെ ജോലി ചെയ്യുമ്പോള്‍ പലരും എന്നോട് ചോദിച്ചിട്ടുണ്ട് എങ്ങനെയാണ് അദ്ദേഹത്തിന്റെ കൂടെ ജോലി ചെയ്യാന്‍ പറ്റുന്നതെന്ന്. “അത് ഒബ്‍ജക്ട് ചെയ്യും. ഇത് ഒബ്‍ജക്ട് ചെയ്യും. എങ്ങനെയാണ് ഇങ്ങനെ ഒബ്ജക്ട് ചെയ്യാന്‍ നില്‍ക്കുന്ന ഒരാളുടെ കൂടെ ജോലി ചെയ്യുന്നതെന്ന്.” അദ്ദേഹത്തിന്റെ എതിര്‍പ്പുകള്‍ക്കെല്ലാം അടിസ്ഥാനവും ഒരു നിലപാടും ഉള്ളതുകൊണ്ടാണ് അദ്ദേഹം അങ്ങനെ ചെയ്യുന്നതെന്ന് ഞാന്‍ പറയാറുമുണ്ടായിരുന്നു. ഒബ്‍ജക്ഷന്‍ ശരിയല്ലെന്ന് ബോദ്ധ്യപ്പെടുത്താനുള്ള ബാദ്ധ്യത നമുക്കില്ലേ? ഇന്ന കാരണംകൊണ്ടാണ് ഇത് നടപ്പാക്കണമെന്ന്/നടപ്പാക്കരുതെന്ന് പറയുന്നത് എന്നു പറഞ്ഞ് അദ്ദേഹത്തെ ബോദ്ധ്യപ്പെടുത്തുകയാണല്ലോ ജോലി. ചില ദോഷവശങ്ങളതിനുണ്ടാകും എന്നാല്‍ അതിനെക്കാള്‍ ഗുണങ്ങള്‍ ഉണ്ടെങ്കില്‍ അത് പരിഗണിക്കേണ്ടതില്ലേ എന്ന് അദ്ദേഹത്തോട് ചോദിക്കേണ്ടതില്ലേ?
മുല്ലപ്പെരിയാറിന്റെ കാര്യത്തില്‍ - മുല്ലപ്പെരിയാര്‍ വിഷയം അദ്ദേഹം എന്തിനാണ് ഇത്ര താല്പര്യത്തോടെ കാണുന്നത് എന്ന ചോദ്യം എന്റെ മനസ്സില്‍പോലും ഉണ്ടായിട്ടുണ്ട്. മുല്ലപ്പെരിയാര്‍ കേരളത്തിനു ദോഷമാണ് എന്നു പറയാന്‍ സയന്റിഫിക്കലി നമ്മുടെ കയ്യില്‍ ഒന്നുമില്ലല്ലോ. കോടതിക്കും ഒന്നും പറയാനില്ല. പക്ഷേ, മുല്ലപ്പെരിയാറിന്റെ അവസ്ഥ കേരളത്തിനു ദോഷകരമാണ് എന്ന ബോദ്ധ്യം അദ്ദേഹത്തിനുണ്ട്.
ഇന്നു നടപ്പാക്കുന്ന വികസനകാര്യങ്ങളുടെ പലതിന്റേയും തുടക്കം വി.എസ്സിന്റെ കാലത്താണ്. നല്ല ഒരു പദ്ധതിയാണെങ്കില്‍ അത് വേണ്ടെന്നുവെയ്ക്കുന്ന നിലപാട് പിറകേ വരുന്ന ഗവണ്‍മെന്റുകള്‍ക്ക് പൊതുവേ ഇല്ല എന്നാണ് എന്റെ അനുഭവം. നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് തന്നെ ഉദാഹരണം.
വിദ്യാഭ്യാസരംഗത്തും അന്ന് പല പ്രശ്നങ്ങളുണ്ടായിരുന്നു. സ്വാശ്രയ കോളേജുകളുടെ പ്രശ്നം. ഫീസ് ഘടനയിലെ പ്രശ്നം. എല്ലാ ഗവണ്‍മെന്റുകളും ഇങ്ങനെയൊക്കെ പ്രശ്നങ്ങളെ നേരിട്ടല്ലേ പറ്റൂ. എന്നാല്‍, ഏതു പ്രശ്നത്തിലായാലും പിന്തിരിയുന്ന സ്വഭാവം വി.എസ്സിനുണ്ടായിരുന്നില്ല. വി.എസ്സിന് ചില കാര്യങ്ങളില്‍ ചില ധാരണകളുണ്ട്. ഏതാണ് ശരി എന്നതു സംബന്ധിച്ച ചില തീര്‍പ്പുകളുണ്ട്. ഇനി വി.എസ്സിന്റെ ആ ധാരണകളില്‍ പിശകുണ്ടെങ്കില്‍ അത് അദ്ദേഹത്തെ ബോദ്ധ്യപ്പെടുത്താന്‍ കഴിയണം. എതിരഭിപ്രായങ്ങള്‍ കേള്‍ക്കാന്‍ വി.എസ് തയ്യാറായിരുന്നു. ആ അഭിപ്രായങ്ങള്‍ സ്വീകരിച്ചുവെന്നൊന്നും വരില്ല. കൂടെ ജോലി ചെയ്യാന്‍ അവസരം ലഭിച്ചില്ലായിരുന്നെങ്കില്‍ ഇതാണ് അദ്ദേഹത്തിന്റെ രീതിയെന്ന് എനിക്ക് മനസ്സിലാകുമായിരുന്നില്ല. ഏറെ ആദരവോടും ബഹുമാനത്തോടും കൂടി മാത്രമേ വ്യക്തിപരമായി എനിക്ക് വി.എസ്സിനെക്കുറിച്ച് സംസാരിക്കാനാകൂ. അദ്ദേഹത്തിനൊപ്പം ജോലി ചെയ്യുന്നതിനിടയില്‍ ഇടയ്ക്കൊക്കെ വിയോജിപ്പും ഉണ്ടായിരുന്നു. ഒരു ഫോറസ്റ്റ് ഓഫീസറുടെ സസ്പെന്‍ഷന്റെ കാര്യം വന്നു. എനിക്കറിയാവുന്ന ആളായിരുന്നു. കൈക്കൂലിയോ സ്വജനപക്ഷപാതിത്വമോ ഒന്നുമില്ലാത്ത ഒരാള്‍. ഏതു രീതിയിലാണ് അദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്തേ പറ്റൂ എന്ന നിലപാടില്‍ അധികാരികള്‍ എത്തിയതെന്ന് എനിക്കറിയില്ല. വലിയ വിഷമം തോന്നി. ഒരു ഉദ്യോഗസ്ഥന്‍ ഏതെങ്കിലും ആരോപണത്തിന്റെ പുറത്ത് സസ്പെന്‍ഡ് ചെയ്യപ്പെടുക എന്നു പറഞ്ഞാല്‍ അതിലും വലിയ പ്രയാസമില്ല. അയാളെ സംബന്ധിച്ചിടത്തോളം. തുടര്‍ന്ന് അന്വേഷണത്തിലും മറ്റും അയാള്‍ നിരപരാധിയാണെന്നു തെളിയിക്കപ്പെട്ടാല്‍പോലും ആരും അറിയാന്‍ പോകുന്നില്ല. അയാള്‍ സസ്പെന്റ് ചെയ്യപ്പെട്ടയാളാണ് എന്നു മാത്രമേ ജനം മനസ്സിലാക്കൂ. അതുകൊണ്ട് അതൊഴിവാക്കാന്‍ വേണ്ടി ഞാന്‍ വി.എസ്സിനോട് സംസാരിച്ചു. അയാളുടെ ഇന്റഗ്രിറ്റി ബോദ്ധ്യപ്പെടുത്താന്‍ ശ്രമിച്ചു. എന്നാല്‍, ഏറെ സംസാരിച്ചിട്ടും വി.എസ്സിനത് ബോദ്ധ്യംവന്നില്ല. “നിങ്ങളെല്ലാവരും ഒരേ കൂട്ടരായതുകൊണ്ടാണ് ഇങ്ങനെ പറയുന്നത്” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഞാന്‍ പറയുന്നതെല്ലാം അദ്ദേഹം അംഗീകരിക്കണമെന്നില്ലെങ്കിലും പറയാനുള്ള സ്വാതന്ത്ര്യം എനിക്ക് തന്നിരുന്നു. വിശ്വാസമായിരുന്നു. ജോലി ചെയ്യാന്‍ തരക്കേടില്ലായെന്നു തോന്നിക്കാണും. നാലു മാസത്തെ കോഴ്സ് ചെയ്തതിനുശേഷം ഞാന്‍ തിരിച്ചുവന്നപ്പോള്‍ എന്നെ വീണ്ടും പ്രിന്‍സിപ്പല്‍ സെക്രട്ടറിയാക്കിയത് അതുകൊണ്ടാണല്ലോ.
ഭരണപരിഷ്കാര കമ്മിഷനിലും (Administrative Reforms Commission) അദ്ദേഹത്തിനൊപ്പം ജോലി ചെയ്യാന്‍ എനിക്കവസരമുണ്ടായി. മെംബര്‍ സെക്രട്ടറിയായിരുന്ന എന്റെ അഭിപ്രായങ്ങള്‍ക്ക് വലിയ പരിഗണന നല്‍കാന്‍ അവിടെയും വി.എസ് തയ്യാറായിരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ റിട്ടയര്‍മെന്റ് സംബന്ധിച്ച് എന്റെ നിര്‍ദേശം അറുപതാക്കണമെന്നായിരുന്നു. അദ്ദേഹത്തിനാകട്ടെ, അത് അമ്പത്തിയാറുമതിയെന്നും. എന്നിട്ടും എന്റെ നിര്‍ദേശം ഉള്‍പ്പെടുത്താന്‍ സമ്മതിച്ചു.
ഭരണപരിഷ്കാര കമ്മിഷന്‍ ചെയര്‍മാന്‍ എന്ന നിലയില്‍ വി.എസ് ഒട്ടുമുക്കാല്‍ പബ്ലിക് ഹിയറിംഗുകള്‍ക്കും അദ്ദേഹം എത്തുമായിരുന്നു. വയനാട്ടില്‍ ഉള്‍പ്പെടെ. അദ്ദേഹം എത്തുന്ന പബ്ലിക് ഹിയറിംഗുകള്‍ ഒന്നു വേറെത്തന്നെയായിരുന്നു. ഏതെല്ലാം തുറകളില്‍നിന്നുള്ള ആളുകളാണ് അദ്ദേഹത്തെ കാണാനും നിര്‍ദേശങ്ങള്‍ പറയാനും പരാതികള്‍ ഉന്നയിക്കാനുമൊക്കെ എത്തിയിരുന്നതെന്നോ! കുട്ടനാട്ടില്‍ ഒരു പബ്ലിക് ഹിയറിംഗ് വെച്ചിരുന്നത് ഓര്‍മവരുന്നു. കര്‍ഷകത്തൊഴിലാളികള്‍ മാത്രമല്ല, കര്‍ഷകപ്രമാണിമാര്‍ വരെ അതില്‍ പങ്കെടുത്തിരുന്നു. അറിയാമല്ലോ, കര്‍ഷകപ്രമാണിമാരോട് അദ്ദേഹത്തിന്റെ സമീപനമെന്തായിരുന്നെന്ന്. എന്നിട്ടും മുരിക്കന്റെ മകള്‍ പലപ്പോഴും വി.എസ്സിനെ കാണാന്‍ വരുമായിരുന്നു.
പൊതുതാല്പര്യങ്ങളെ സ്വന്തം താല്പര്യങ്ങളാക്കി മാറ്റുന്നയാളായിരുന്നു വി.എസ്. വി.എസ്സിന്റെ ശൈലി വി.എസ്സിന്റേതുമാത്രമായിരുന്നു. ജനങ്ങളോട് മനസ്സുകൊണ്ട് അടുത്തുനില്‍ക്കാന്‍ ശ്രമിച്ചയാളായിരുന്നു. കൂടെനിന്നു ജോലി ചെയ്തതയാളായിരുന്നു എന്നതുകൊണ്ടുതന്നെ എനിക്കദ്ദേഹത്തോട് അടുപ്പവും ആദരവും ഏറെയുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates