V S Achuthanandan
V S Achuthanandan file

'വിഎസ് കണ്ണുകള്‍ അടച്ച് ചാരി ഇരിക്കുകയായിരുന്നു, ഉറങ്ങുകയാണോ എന്ന് സംശയിച്ചതില്‍ പിന്നീട് കുറ്റബോധം തോന്നി'; കുറിപ്പ്

മെഡിക്കോസിന്റെ ബോണ്ട് മൂന്നുവര്‍ഷമായി വര്‍ദ്ധിപ്പിച്ച തീരുമാനം സര്‍ക്കാര്‍ പിന്‍വലിച്ചതില്‍ വിഎസ് സ്വീകരിച്ച നിലപാട് ഏറെ പ്രധാനമായിരുന്നു
Published on

റയുന്നത് ആരെന്നല്ല, തനിക്ക് മുന്നിലെത്തുന്ന വിഷയത്തെ ആഴത്തില്‍ പഠിക്കുന്ന വ്യക്തിത്വമാണ് അന്തരിച്ച മുന്‍മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റേതെന്ന് പലരും പലവട്ടം അനുസ്മരിച്ചുകഴിഞ്ഞു. ഇത്തരത്തില്‍ സംസ്ഥാനത്തെ ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരത്തില്‍ ഇടപെട്ട വിഎസിന്റെ രീതിയെകുറിച്ചുള്ള ഡോക്ടറുടെ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. ഒരു വര്‍ഷത്തില്‍ നിന്ന് മൂന്നുവര്‍ഷമായി മെഡിക്കോസിന്റെ ബോണ്ട് വര്‍ദ്ധിപ്പിച്ചതിന് എതിരെയുള്ള സമരകാലത്ത് അന്ന് പ്രതിപക്ഷ നേതാവായിരുന്ന വിഎസിനെ കാണാന്‍ പോയ സംഭവം അനുസ്മരിക്കുകയാണ് ഡോ. ജിനേഷ് പിഎസ്. മെഡിക്കോസിന്റെ ബോണ്ട് മൂന്നുവര്‍ഷമായി വര്‍ധിപ്പിച്ച തീരുമാനം സര്‍ക്കാര്‍ പിന്‍വലിച്ചതില്‍ വിഎസ് സ്വീകരിച്ച നിലപാട് ഏറെ പ്രധാനമായിരുന്നു എന്നും അദ്ദേഹം പറയുന്നു.

V S Achuthanandan
വിഎസ് എന്നും നേതാവ്, ഇന്നലെ മുഴുവന്‍ പറയാനായില്ല; കുറിപ്പുമായി പിണറായി

വിഎസുമായി നടത്തിയ കൂടിക്കാഴ്ചയില്‍ വിഷയം അവതരിപ്പിച്ച സമയത്തില്‍ ഭൂരിഭാഗവും വിഎസ് കണ്ണടച്ച് കസേരയില്‍ ചാരി ഇരിക്കുകയായിരുന്നു. പ്രതികരണം ഒന്നുമില്ല. അദ്ദേഹം ഉറങ്ങിയോ എന്ന് ഞങ്ങള്‍ക്കൊരു സംശയം. വിഷയം മൊത്തം അവതരിപ്പിച്ചു കഴിഞ്ഞപ്പോള്‍ വി എസ് കണ്ണുതുറന്നു. ബോണ്ട് പൂര്‍ണ്ണമായും എടുത്തു മാറ്റണം എന്നാണോ നിങ്ങളുടെ നിലപാട് എന്നാണ് ആദ്യ ചോദ്യം?. പിന്നീട് പി എസ് സി നിയമനങ്ങളുടെ അവസ്ഥ, നിയമനം ലഭിക്കുന്നവര്‍ ജോയിന്‍ ചെയ്യാതിരിക്കുന്നവര്‍ എത്ര തുടങ്ങി പല ചോദ്യങ്ങളും സംഖ്യകളും ശതമാനവും അടക്കം അദ്ദേഹം ചോദിച്ചു. ഞങ്ങള്‍ പറഞ്ഞ പല കാര്യങ്ങളിലും കൂടുതല്‍ ക്ലാരിറ്റി ലഭിക്കാനുള്ള ചോദ്യങ്ങള്‍ അദ്ദേഹത്തില്‍ നിന്നുണ്ടായി. ഒടുവില്‍ ഞങ്ങള്‍ വിഷയം അവതരിപ്പിക്കുമ്പോള്‍ ഉറങ്ങുകയാണോ എന്ന് സംശയിച്ചതിലുള്ള കുറ്റബോധവുമായാണ് അന്ന് ഓഫീസില്‍ നിന്നും മടങ്ങിയതെന്നും ജിനേഷ് പി എസ് പറയുന്നു.

V S Achuthanandan
വിഎസിന്റെ പോരാട്ട ജീവിതവുമായി ലയിച്ചുചേര്‍ന്ന വലിയ ചുടുകാട്; പുന്നപ്ര വയലാര്‍ രക്തസാക്ഷികള്‍ക്കൊപ്പം അന്ത്യവിശ്രമം

പോസ്റ്റ് പൂര്‍ണരൂപം -

ബോണ്ട് സമരം നടക്കുന്ന കാലമാണ്, 2012. ഒരു വര്‍ഷത്തില്‍ നിന്ന് മൂന്നുവര്‍ഷമായി മെഡിക്കോസിന്റെ ബോണ്ട് വര്‍ദ്ധിപ്പിച്ചതിന് എതിരെയുള്ള സമരം. എതിര്‍ത്താല്‍ ബോണ്ട് പത്തുവര്‍ഷം ആക്കും എന്ന് അന്നത്തെ ആരോഗ്യ മന്ത്രി അടൂര്‍ പ്രകാശ് ഭീഷണിപ്പെടുത്തിയ സമയം.

ഭരണ-പ്രതിപക്ഷ നേതാക്കളെ ഒക്കെ കണ്ട് വിഷയം അവതരിപ്പിക്കുകയാണ്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പലതവണ കണ്ടു, അനുഭാവപൂര്‍ണ്ണം പരിഗണിക്കാം എന്ന് പറഞ്ഞതല്ലാതെ തീരുമാനമാവുന്നില്ല. കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല, ധനകാര്യ മന്ത്രി കെ എം മാണി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, എംഎല്‍എമാരായ സുരേഷ് കുറുപ്പ്, പി സി വിഷ്ണുനാഥ് തുടങ്ങി പല നേതാക്കളെയും കണ്ടു കാര്യങ്ങള്‍ ബോധിപ്പിക്കുന്നുണ്ട്. ആവശ്യം ന്യായമാണ് എന്ന മറുപടിയല്ലാതെ അതിനപ്പുറം ഒന്നും നടക്കുന്നില്ല. പ്രത്യക്ഷ പണിമുടക്ക് സമരത്തിലേക്ക് നീങ്ങുന്ന അവസ്ഥയാണ്.

പല തവണത്തെ ശ്രമത്തിനൊടുവില്‍ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനെ കാണാന്‍ അപ്പോയിന്‍മെന്റ് ലഭിച്ചു. 40 മിനിറ്റ് ആണ് അനുവദിച്ച സമയം. കൃഷ്ണദാസനും ഷംനാദിനും ഒപ്പം ഞാനും അദ്ദേഹത്തെ കാണാന്‍ പുറപ്പെട്ടു.

ബോണ്ട് വിഷയത്തില്‍ അദ്ദേഹത്തിന്റെ നിലപാട് എന്തായിരിക്കും എന്നതില്‍ ഞങ്ങള്‍ക്ക് ആശങ്കയുണ്ടായിരുന്നു. കാരണം അദ്ദേഹം മുഖ്യമന്ത്രിയായ കാലത്തും ബോണ്ട് ഉണ്ട്. ഡോക്ടര്‍മാരുടെ ലഭ്യതയിലുള്ള കുറവ് പരിഹരിച്ചാല്‍ ബോണ്ട് നിര്‍ത്തലാക്കും എന്ന് ആരോഗ്യ മന്ത്രിയായിരുന്ന പി കെ ശ്രീമതി പറഞ്ഞിരുന്നു. എങ്കിലും മുഖ്യമന്ത്രിയായിരുന്ന വിഎസ് പ്രതിപക്ഷ നേതാവായിരിക്കുമ്പോള്‍ എന്തായിരിക്കും നിലപാട് എന്നതില്‍ ഞങ്ങള്‍ക്ക് നല്ല ആശങ്കയുണ്ട്.

കന്റോണ്‍മെന്റ് ഹൗസില്‍ വച്ചാണ് അദ്ദേഹത്തെ കാണുന്നത്. ഞങ്ങള്‍ അരമണിക്കൂര്‍ നേരത്തെ അവിടെ എത്തി. അന്ന് അദ്ദേഹത്തിന്റെ പി എ സുരേഷ് കുമാര്‍ ആണ് എന്ന് തോന്നുന്നു, ഉറപ്പില്ല. അദ്ദേഹം ഞങ്ങളെ അകത്ത് വിളിച്ചിരുത്തി. അപ്പോയിന്‍മെന്റ് സമയം ആയപ്പോള്‍ വി എസ് വന്നു. പരിചയപ്പെട്ട ശേഷം നേരിട്ട് കാര്യത്തിലേക്ക് കടന്നു. എന്തൊക്കെയാണ് വിഷയങ്ങള്‍ എന്ന് ചോദിച്ച് അദ്ദേഹം ചാരു കസേരയില്‍ ചാരിയിരുന്നു.

V S Achuthanandan
അയഞ്ഞും മുറുകിയും വി എസ്, അനുനയത്തിന് വഴിയൊരുക്കി പിണറായിയും

ഞങ്ങള്‍ വിഷയങ്ങള്‍ പറഞ്ഞു തുടങ്ങി.

വി എസ് ചാരി കസേരയില്‍ കണ്ണുകള്‍ അടച്ച് കിടക്കുകയാണ്. പ്രതികരണം ഒന്നുമില്ല. പ്രായത്തിന്റെതായ ബുദ്ധിമുട്ടുകള്‍ അദ്ദേഹത്തിനു ഉണ്ടോ എന്ന് ആശങ്കയും ഞങ്ങള്‍ക്കുണ്ട്. അദ്ദേഹം ഉറങ്ങിയോ എന്ന് ഞങ്ങള്‍ക്കൊരു സംശയം.

അദ്ദേഹത്തിന്റെ പി എ അടുത്ത് തന്നെയുണ്ട്. ഞങ്ങള്‍ അദ്ദേഹത്തെ നോക്കി. തുടര്‍ന്നുകൊള്ളാന്‍ അദ്ദേഹം കൈകൊണ്ട് ആംഗ്യം കാണിച്ചു. വി എസ് ശ്രദ്ധിക്കുന്നുണ്ട് എന്ന രീതിയില്‍.

ഞങ്ങള്‍ പക്ഷേ കണ്‍വിന്‍സ്ഡ് ആയിരുന്നില്ല. പക്ഷേ തുടരുകയല്ലാതെ വഴിയില്ല. വിഷയം മൊത്തം അവതരിപ്പിച്ചു കഴിഞ്ഞപ്പോള്‍ അനുവദിച്ച 40 മിനിറ്റ് അടുത്ത് എത്തി.

നിലവിലെ സാഹചര്യം പറഞ്ഞ് ഞങ്ങള്‍ നിര്‍ത്തി.

വി എസ് കണ്ണുതുറന്നു. ബോണ്ട് പൂര്‍ണ്ണമായും എടുത്തു മാറ്റണം എന്നാണോ നിങ്ങളുടെ നിലപാട് എന്നാണ് ആദ്യ ചോദ്യം?

ഒരു വര്‍ഷത്തില്‍ നിന്ന് മൂന്നുവര്‍ഷത്തിലേക്ക് വര്‍ദ്ധിപ്പിച്ചതിനെതിരെയാണ് സമരം ആരംഭിച്ചത് എന്ന് മറുപടി നല്‍കി.

പി എസ് സി നിയമനങ്ങളുടെ അവസ്ഥ, നിയമനം ലഭിക്കുന്നവര്‍ ജോയിന്‍ ചെയ്യാതിരിക്കുന്നവര്‍ എത്ര തുടങ്ങി പല ചോദ്യങ്ങളും സംഖ്യകളും ശതമാനവും അടക്കം അദ്ദേഹം ചോദിച്ചു. ഞങ്ങള്‍ പറഞ്ഞ പല കാര്യങ്ങളിലും കൂടുതല്‍ ക്ലാരിറ്റി ലഭിക്കാനുള്ള ചോദ്യങ്ങള്‍ അദ്ദേഹത്തില്‍ നിന്നുണ്ടായി.

നിങ്ങളുടെ ആവശ്യങ്ങള്‍ ന്യായമാണ്, മുഖ്യമന്ത്രിക്ക് കത്ത് എഴുതാം. സമരവുമായി മുന്നോട്ടു പോകാനും കാര്യങ്ങള്‍ പഠിച്ച് ഇടപെടാമെന്നും അദ്ദേഹം മറുപടി നല്‍കി.

40 മിനിറ്റ് അനുവദിച്ച സമയം കഴിഞ്ഞു. ഏതാണ്ട് ഒരു മണിക്കൂര്‍ എടുത്തു ഇത്രയും ചര്‍ച്ച ചെയ്യാന്‍.

ഞങ്ങള്‍ ഇറങ്ങുമ്പോള്‍ അദ്ദേഹത്തെ കാണാന്‍ അടുത്ത കൂട്ടര്‍ കാത്തുനില്‍ക്കുകയായിരുന്നു.

കോട്ടയത്ത് നിന്ന് അങ്ങോട്ടും തിരിച്ചുമുള്ള യാത്രയില്‍ ഞങ്ങളുടെ സംസാരത്തില്‍ മൊത്തം വി എസ് എന്ന സമര നായകനായിരുന്നു. ഞങ്ങള്‍ വിഷയം അവതരിപ്പിക്കുമ്പോള്‍ ഉറങ്ങുകയാണോ എന്ന് സംശയിച്ചതില്‍ എനിക്ക് കുറ്റബോധവും തോന്നി.

മെഡിക്കോസില്‍ ഏറ്റവും ജൂനിയര്‍ എന്ന് വേണമെങ്കില്‍ ഞങ്ങളെ പറയാം, അന്ന്. ഒരാള്‍ പിജി ചെയ്യുന്നു രണ്ടുപേര്‍ ഹൗസ് സര്‍ജന്‍സി ചെയ്യുന്നു. അദ്ദേഹത്തിന് വേണമെങ്കില്‍ സീനിയര്‍ മോസ്റ്റ് ആയിട്ടുള്ള ഡോക്ടര്‍മാരോട് വിവരങ്ങള്‍ ആരാഞ്ഞ് നിലപാട് സ്വീകരിക്കാവുന്നതാണ്. അല്ലെങ്കില്‍ ഞങ്ങളെ പരിഗണിക്കാതെ ഇരിക്കാമായിരുന്നു. രണ്ടും അദ്ദേഹം ചെയ്തില്ല. പകരം വിഷയങ്ങള്‍ വ്യക്തമായി കേട്ട്, ഗുണദോഷ വശങ്ങള്‍ ചര്‍ച്ച ചെയ്ത്, ഒരു നിലപാട് സ്വീകരിച്ചു.

എന്തായാലും സമരം വിജയമായി, മൂന്നുവര്‍ഷമായി വര്‍ദ്ധിപ്പിച്ച തീരുമാനം സര്‍ക്കാര്‍ പിന്‍വലിച്ചു.

V S Achuthanandan
'ചില മരണങ്ങൾ കരയിക്കും, ചില മരണങ്ങൾ കൊതിപ്പിക്കും; ചിലത് രണ്ടും കൂടിയും'

ഇന്ന് ജനലക്ഷങ്ങള്‍ അദ്ദേഹത്തെ കാത്ത് വഴിയോരത്ത് നില്‍ക്കുന്നത് എന്തുകൊണ്ടെന്ന് മനസ്സിലാക്കാന്‍ സ്വന്തം അനുഭവം മാത്രം മതി. ഈ ജനലക്ഷങ്ങളുടെ അനുഭവത്തിന്റെ തീക്ഷണത ഒന്നുമുണ്ടാവില്ല ഞങ്ങളുടെ ഒരു മണിക്കൂറിന്.

ന്യായമായ വിഷയങ്ങളോട് അദ്ദേഹം സ്വീകരിക്കുന്ന നിലപാടിനോട് എന്നും ബഹുമാനം. വെറുപ്പിന്റെ വ്യാപാരികള്‍ക്കെതിരെ ഇത്ര ശക്തമായ നിലപാട് സ്വീകരിച്ചവര്‍ വിരളമായിരിക്കും. അദ്ദേഹമില്ലാത്തപ്പോള്‍ അവിടെ ഒരു വിടവുണ്ട്.

കേരളത്തിന്റെ സമരനായകന് വിട,

Summary

how V S Achuthanandan to intervene in protests Social media post of Jinesh PS

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com