

കേരളത്തിന്റെ കഴിഞ്ഞ കാൽനൂറ്റാണ്ട് കാലത്തോളമായി മാധ്യമങ്ങളിൽ നിറഞ്ഞുനിന്ന ഒന്നായിരുന്നു സി പി എമ്മിലെ ഉൾപ്പാർട്ടി പ്രശ്നങ്ങളുടെ പുതിയ ചേരുവകൾ. ആദ്യം ആശയപരമായ പ്രശ്നങ്ങളായി തുടങ്ങി വ്യക്തിപരമായ വ്യാഖ്യാനങ്ങളിലേക്കും വ്യക്ത്യാധിഷ്ഠിത ഗ്രൂപ്പിലേക്കും അത് വളർത്തിയെടുക്കപ്പെടുകയോ വളച്ചൊടിക്കപ്പെടുകയോ ചെയ്തു. ഇക്കാലയളവിൽ കേരളം കണ്ടത് മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത സംഘടനാപരമായ പ്രശ്നങ്ങളുടെ ആഴവും പരപ്പുമായിരുന്നു. അത് വ്യക്തികളുടെ പേരിലുള്ള ഗ്രൂപ്പായും വൈരാഗ്യമായും വ്യാഖ്യാനിക്കപ്പെട്ടു. എന്നാൽ, രണ്ട് കാലഘട്ടത്തിലെ കാഴ്ചപ്പാടുകളിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയെയും നാടിനെയും വിലയിരുത്തുന്ന രണ്ട് നേതാക്കൾ, സംഘടനാപരമായ നിയന്ത്രണത്തിന് വേണ്ടിയുള്ള നീക്കങ്ങൾ മാത്രമായിരുന്നു ഇതിനുള്ളിലെ അടിസ്ഥാനപരമായ ഘടകമെന്ന് സി പി എമ്മിനെയും അതിലെ ഉൾപ്പാർട്ടി സമരങ്ങളെയും നിരീക്ഷിക്കുന്നവർ പറയുന്നു.
സി പി എമ്മിൽ സംഭവിച്ചിട്ടുള്ള ഉൾപ്പോരുകൾക്കും വിട്ടുപോകലുകൾക്കും പുറത്താക്കലുകൾക്കുമൊക്കെ സംഘടനയുടെ ഒരു വശം കാണാനാകും. സി പി എം കേരളത്തിൽ നേരിട്ട ഏറ്റവും വലിയ പരീക്ഷണം 1985ലെ എറണാകുളം സമ്മേളനത്തിൽ എം വി രാഘവനും പി വി കുഞ്ഞിക്കണ്ണനും പുത്തലത്ത് നാരായണനും മുൻകൈ എടുത്ത് കൊണ്ടുവന്ന ബദൽ രേഖ എന്നതായിരുന്നു. ദേശീയ തലത്തിൽ തന്നെ സി പി എം എടുത്ത നയസമീപനത്തിനെതിരെ കോൺഗ്രസിനെ തോൽപ്പിക്കാൻ മുസ്ലിം ലീഗ് കേരളാ കോൺഗ്രസ് എന്നീ കക്ഷികളുമായി ചേരണമെന്ന ചുരുക്കമുള്ള വിയോജനക്കുറിപ്പ് ബദൽരേഖ എന്ന പേരിൽ അറിയപ്പെടുകയും ചെയ്തു അതിന്റെ അവസാനം എം വി ആർ ഉൾപ്പടെ മൂന്ന് പേരും സി പി എമ്മിൽ നിന്നും പുറത്തേക്ക് പോയി.
സി പി എമ്മിനെ സംബന്ധിച്ച് പ്രത്യേകിച്ച് മലബാറിൽ അതുണ്ടാക്കിയ പ്രതിസന്ധി അത്ര ചെറുതായിരുന്നില്ല. ഇതുപോലൊരു പ്രതിസന്ധി സി പി എം തെക്കൻ കേരളത്തിൽ നേരിട്ടത് 1994 ലായിരുന്നു. അന്ന് കെ ആർ ഗൗരിയമ്മയുടെ പുറത്താക്കാൽ സൃഷ്ടിച്ച പ്രതിസന്ധിയാണ് 1994 ൽ തെക്കൻ മധ്യകേരളത്തിൽ സി പി എമ്മിന് നേരിടേണ്ടി വന്നത്. ഈ രണ്ട് സമയത്തും എം വി ആറും ഗൗരിയമ്മയും പാർട്ടികൾ രൂപംനൽകുകുയം അവർ പിന്നീട ഏറെക്കാലം യു ഡി എഫിനൊപ്പം നിൽക്കുകയും അവസാനകാലത്ത് ഇരുവരും സി പി എമ്മുമായി അടുക്കുകയും ചെയ്തു.
ബദൽരേഖയുടെ കാലത്ത്, മലബാറിലെ പ്രത്യേകിച്ച് കണ്ണൂരിലെ പ്രതിസന്ധി പരിഹരിക്കാൻ സിപി എം നിയോഗിക്കുന്നത് പിണറായി വിജയനെ ആയിരുന്നു. അന്നത്തെ സെക്രട്ടറിയായിരുന്ന വി എസ് അച്യുതാനന്ദന്റെ കണ്ണൂരിലെ റൈറ്റ്ഹാൻഡ് എന്ന് പറയാം. . തനിക്കൊപ്പം പോരുമെന്ന് എം വി ആർ കരുതിയിരന്ന പലരും പിണറായിക്ക് പിന്നിൽ പാർട്ടിയെ പിടിച്ചു നിർത്താൻ അഹോരാത്രം പണിയെടുത്തു. അതിൽ സ്വാതന്ത്ര്യ സമരസേനാനിയായ സുബ്രഹ്മണ്യം ഷേണായി മുതൽ അറിയപ്പെടാത്ത ബ്രാഞ്ചംഗങ്ങൾ വരെ ഒപ്പം നിന്നു. സംഘടനാപരമായി കണ്ണൂരിൽ പാർട്ടി എൽപ്പിച്ച ചുമതല പിണറായി ഭംഗിയായി നിർവഹിച്ചു, പാർട്ടി നിരോധിക്കപ്പെട്ട കാലത്തും പാർട്ടി കെട്ടിപ്പടുത്ത വി എസ്സിന് കീഴിൽ. വി എസ്സേ എന്നും വിജയാ എന്നും വിളിക്കാവുന്ന ബന്ധത്തിലേക്ക് എത്തിയ കാലം എന്ന് മാധ്യമങ്ങൾ അതിനെ പിൽക്കാലത്ത് വിശേഷിപ്പിച്ചു.
ഈ കാലത്തിന്റെ ഓർമ്മയിൽ വി എസ്സിനൊപ്പം പിണറായി എന്ന നിലയിലായിരുന്നു പാർട്ടിയുടെ മുന്നോട്ട് പോക്ക്. അതിനിടയിൽ ബദൽരേഖാ കാലത്ത് ഒപ്പമുണ്ടായിരുന്നവർ സി ഐ ടി യു ഗ്രൂപ്പും വി എസ്സ് എന്നിങ്ങനെ രണ്ട് വഴികളിലായി. 1996 ഓടെ സി പി എമ്മിൽ പുതിയ വഴിത്തിരിവുകളുടെ കാലമായി. പാലക്കാട് സമ്മേളനത്തിൽ നടന്ന വെട്ടിനിരത്തലിൽ വീണുപോയവരുടെ വിമതസ്വരങ്ങൾ ഉയർന്നു. ചടയൻ ഗോവിന്ദന്റെ നിര്യാണത്തോടെ മന്ത്രിസ്ഥാനം രാജിവെപ്പിച്ച് പിണറായി വിജയനെ സെക്രട്ടറിയാക്കാൻ 1998 സെപ്തംബറിൽ പാർട്ടി തീരുമാനിച്ചു. സെക്രട്ടറിയായ പിണറായി വിജയനും വി എസ്സും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾക്ക് വഴിയൊരുങ്ങി തുടങ്ങുന്നത് രണ്ടായിരത്തിലേക്ക് എത്തുമ്പോഴാണ്. ഭരണത്തുടർച്ചയുടെ സാധ്യകളിൽ മുന്നണി വിപുലീകരണത്തെ കുറിച്ചുള്ള ആശയമാണ് ഇതിന് വഴിയൊരുക്കിയതെന്ന് കരുതുന്നവരുണ്ട്.
പിന്നീട് ഓരോ ഘട്ടത്തിലും കേരളത്തിലെ വികസന കാഴ്ചപ്പാടുകളെ കുറിച്ചുള്ള രണ്ട് സമീപനങ്ങളുടെ പേരിലുള്ള ഏറ്റുമുട്ടലായിരുന്നു ഇരുനേതാക്കളും തമ്മിൽ. ഒരാൾ പഴയകാല കമ്മ്യൂണിസ്റ്റും ആ ആശയത്തിൽ നിന്നുറച്ചു നിൽക്കുന്ന വികസന കാഴ്ചപ്പാടുകളുടെ പ്രതിനിധി. മറ്റേയാൾ പുതിയ ഉദാരവൽക്കൃതകാലത്തെ മുതലാളിത്ത സാധ്യതകളിൽ നിന്നും എങ്ങനെ കേരളത്തിനനുയോജ്യായ വികസന സാധ്യതകളുടെ വഴികൾ തേടാമെന്നതുമായ വീക്ഷണത്തിന്റെ വക്താവും. ഒരാൾ കേരളത്തെ നിലിവുള്ള നിലയിൽ നിലനിർത്തിക്കൊണ്ട് പാരിസ്ഥിതികവും ചൂഷണരഹിതവുമായ വികേന്ദ്രീകൃത വികസനമെന്ന കാഴ്ചപ്പാട്, മറ്റൊരാൾ കേരളത്തെ എങ്ങനെ പുതിയ ലോകത്തിന്റെ ഹബ്ബാക്കാമെന്ന ആശയത്തെ കുറിച്ചുള്ള ആലോചനയിലേക്കും കടന്നു. ഇരുവരും രണ്ട് വഴികളിൽ മുന്നോട്ട് നീങ്ങുമ്പോൾ സംഘടനയുടെ നിയന്ത്രണം കൈവശമുള്ളയാളിന് ലഭിക്കുന്ന ശക്തിയും അതില്ലാത്ത ആളിനുള്ള പരിമിതികളും ഇരുവർക്കും ബോധ്യപ്പെട്ടു. സംഘടനയുടെ നിയന്ത്രണം നിലനിർത്തിക്കൊണ്ട് ആശയങ്ങളെ നടപ്പിലാക്കാൻ ഒരാളും സംഘടനയുടെ നിയന്ത്രണം പിടിച്ചെടുത്ത് തന്റെ കാഴ്ചപ്പാട് മുന്നോട്ട് വെക്കാൻ മറ്റേയാളും എന്ന നിലയിലേക്ക് ഇത് വളർന്നു.
ജനകീയാസൂത്രണ വിവാദം, നാലാം ലോകം, പാഠം എന്നീവിവാദങ്ങൾ കൊടുമ്പിരിക്കൊള്ളുമ്പോൾ അടിസ്ഥാനപരമായി ഈ ആശയങ്ങളുടെ ഏറ്റുമുട്ടലായിരുന്നു അരങ്ങേറിയത്. വിദേശ ബന്ധ വിവാദങ്ങളുടെ ഭാഗമായി ഡോ തോമസ് ഐസക് ഉൾപ്പടെയുള്ളവരെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന പിടിവാശിയുമായി വി എസ്സും ഒപ്പം നിൽക്കുന്നവരും നിലയുറപ്പിച്ചപ്പോൾ ചാപ്പകുത്തി ഒരാളെ പുറത്തേക്ക് കളയുന്നത് സംഘടനാരീതിയല്ലെന്ന നിലപാട് പിണറായി വിജയൻ ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിലൂടെ വ്യക്തമാക്കിയെന്ന് സിപി എമ്മിലുള്ളവർ തന്നെ പറയുന്നു.
പിണറായി വിജയൻ സംഘടനയുടെ ശേഷി ഉപയോഗിച്ചുകൊണ്ട് പുതിയ കാലത്തെ അഭിമുഖീകരിച്ചു കൊണ്ട് മുന്നോട്ട് പോകാൻ ശ്രമിച്ചു. യു ഡി എഫ് കാലത്ത് പ്രഖ്യാപിച്ച പല പദ്ധതികളും നടപ്പാക്കുന്നതിനോട് സി പി എം എന്ന പാർട്ടി അനുകൂല നിലപാട് മുന്നോട്ട് വച്ചത് ആ കാഴ്ചപ്പാടിന്റെ ഭാഗമായാണ്. എന്നാൽ, സംഘടനയക്കുള്ളിൽ നിന്നുകൊണ്ട് തന്നെ സംഘടനയുടെ പുറത്തുള്ള ജനങ്ങളുടെ നേതൃത്വം ഏറ്റെടുത്തുകൊണ്ട് വി എസ് അതിലെ പലതിനോടും വിയോജിപ്പ് രേഖപ്പെടുത്തുകയും പ്രതിഷേധങ്ങളിൽ മുന്നണിയിൽ നിൽക്കുകയും ചെയ്തു. കറകളഞ്ഞ കമ്മ്യൂണിസ്റ്റ് എന്ന നിലയിൽ വി എസ് നിലനിൽക്കുമ്പോൾ തന്നെ, പലപ്പോഴും പാർട്ടി സംഘടനയുടെ ചട്ടക്കൂടിനെ വി എസ് മറിച്ചിട്ടു. മുൻകാലങ്ങളിലാണെങ്കിൽ പുറത്തേക്കുള്ള വഴി തുറക്കാനാലോചിക്കുമ്പോൾ, പുറത്താക്കുന്ന പാർട്ടി പക്ഷേ, വി എസ്സിനെ ഒപ്പം നിർത്തി. 2006 ലെ മുഖ്യമന്ത്രി സ്ഥാനാർത്ഥി വിവാദത്തിലാണെങ്കിലും അതിന് ശേഷം ആലപ്പുഴ സമ്മേളനത്തിൽ നിന്നിറങ്ങിപ്പോയ വി എസ്സിന്റെ കാര്യത്തിലാണെങ്കിലും അനുനയത്തിന്റെ കാര്യത്തിൽ പാർട്ടിയും വി എസ്സും ഒരു പോലെ വിട്ടുവീഴ്ച ചെയ്തു.
വി എസ്സിനൊപ്പം നിലകൊണ്ട് സി പി എമ്മിന് പുറത്തുള്ള പലരും, വി എസ്സിലേക്കെത്തിയ പലരും വി എസ് പാർട്ടി വിട്ട് പുറത്തിറങ്ങുമെന്നും പുതിയ പാർട്ടിയുണ്ടാക്കുമെന്നൊക്കെയുള്ള സ്വപ്നങ്ങൾ ഓരോ ഘട്ടത്തിലും നെയ്ത്തിരുന്നു. എന്നാൽ, വി എസ്സിനെ സംബന്ധിച്ചടത്തോളം സംഘടനയുടെ ചടക്കൂടിനെ ഭേദിച്ച് പുറത്തിറങ്ങി നിന്നുകൊണ്ട് താൻ നടത്തുന്ന പ്രവർത്തനങ്ങൾക്ക് പിൻബലം കിട്ടില്ലെന്ന ബോധ്യം ഉണ്ടായിരുന്നു. സംഘടനയുടെ നിയന്ത്രണം തന്നിലേക്ക് കൊണ്ടുവന്നുകൊണ്ട് ആ നിലപാടുകൾ നടപ്പാക്കുക എന്നതായിരുന്നു അദ്ദേഹം എപ്പോഴും സ്വീകരിച്ച നിലപാട്. അതിനായി അവസാനം വരെ അദ്ദേഹം പോരാടി. അതുവിട്ടുകൊടുക്കാതിരിക്കാൻ പിണറായി വിജയനും.
ആയുധം കൈവശം കിട്ടിയാൽ എതിരാളിയെ നിലംപരിശാക്കാൻ അത് ഏത് വിധത്തിലും ഉപയോഗിക്കണെന്ന കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത നേതാവാണ് വി എസ്. അത് മറുവശത്തുള്ള ആളിനെ നോക്കിയല്ല, എതിരാളിയോടുള്ള യുദ്ധതന്ത്രത്തിൽ വിജയിക്കുക എന്നതായിരുന്നു അതിലെ ലക്ഷ്യം. നിയമസഭയിലാണെങ്കിലും പുറത്താണെങ്കിലും വി എസ് അതിൽ വിട്ടുവീഴ്ച കാണിച്ചില്ല. വ്യക്തിപരമായി വി എസ്സും പിണറായിയും ഏറ്റുമുട്ടി എന്ന് പറയാനാകുന്നത് ഒന്നോ രണ്ടോ സാഹചര്യത്തിൽ മാത്രായിരിക്കും. അതിലൊന്നാണ് പിണറായിയുടെ കടലും ബക്കറ്റിലെ വെള്ളവും ഉപമയായിരുന്നു. മറ്റൊന്ന് ലാവ്ലിൻ വിഷയത്തിൽ പിണറായിയെ തള്ളിപ്പറയുന്ന നിലപാടുകളും പരോക്ഷമായി കുറ്റപ്പെടുത്തുന്ന നിലപാടുകളും വി എസ് സ്വീകരിച്ചിരുന്നു. ഈ വിഷയത്തിൽ വി എസ്, തന്നെ സംശയത്തിന്റെ മുനയിൽ നിർത്തിയെന്ന പിണറായിയുടെ വിമർശനവും വന്നു. . ഒരുപക്ഷേ വി എസ്സിനെ പേരെടുത്ത് പറഞ്ഞുള്ള പിണറായിയുടെ പൊതുവിടത്തെ ഏകവിമർശനവും ഇതായിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേർക്കെതിരെയും സംഘടനാപരമായി നടപടി വന്നു.
എത്രയൊക്കെ മുറുകിയാലും അയഞ്ഞാലും രണ്ട് പേരും പാർട്ടി എന്ന ഘടനയുടെ ഉള്ളിലേക്ക് തന്നെ വീണ്ടും വന്ന് ചേരുന്ന പ്രതിഭാസമായിരുന്നു കഴിഞ്ഞ 25 വർഷവും കേരളത്തിൽ നടന്നത്. വ്യക്തിപരമായ വിയോജിപ്പുകളെന്ന് പേരിൽ ഇവ വ്യാഖ്യാനിക്കപ്പെട്ടു. അങ്ങനെയായിരുന്നുവെങ്കിൽ ഒന്നുകിൽ വി എസ് പാർട്ടി വിട്ടുപോകുമായിരുന്നു. അല്ലെങ്കിൽ വി എസ് പുറത്താക്കപ്പെടുമായിരുന്നു. അതിനുള്ള സാധ്യകളായിരുന്നു മലപ്പുറം സമ്മേളനത്തിന് ശേഷം പലപ്പോഴും രൂപപ്പെട്ടുവന്നത്.പക്ഷേ, അതുണ്ടായില്ല എന്നത്, വിയോജിപ്പുകളുടെ അടിസ്ഥാന കാരണം വ്യക്തിപരമായ വിയോജിപ്പുകളല്ലെന്ന് വ്യക്തമക്കുന്നുവെന്നാണ് സി പി എമ്മിലെ വിഭാഗീയതകളെ ചരിത്രപരമായി വിശകലനം ചെയ്യുന്നവരുടെ നിരീക്ഷണം.
സി പി എം എന്ന സംഘടനയ്ക്ക് വേണ്ടി എക്കാലവും നിലകൊണ്ടിരുന്ന വി എസ്സ് അന്ത്യയാത്രയിലും അതുതന്നെ തുടരുകയാണ്. വി എസ്സും പിണറായിയും പാർട്ടിയും ജനങ്ങളും എന്നീ ദ്വന്ദരൂപകങ്ങളെ അതിരുകളെ മാറ്റിയെഴുതുന്നതായിരുന്നു വി എസ്സിനെയും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര. സംഘടനയുടെ അധികാരത്തിലേക്ക് എത്തുന്ന പുതിയ തലമുറ നേതാക്കളെ സംബന്ധിച്ച് അവർക്ക് മുന്നിൽ, മാർഗദീപമായൊരൂ പൂർണ്ണ വൃത്തമാണ് വി എസ് അച്യുതാനന്ദൻ പൂർത്തിയാക്കിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates