

തിരുവനന്തപുരം: അയ്യപ്പവിശ്വാസികളെ ദ്രോഹിച്ചതുമായി ബന്ധപ്പെട്ട് ഒരു നീറ്റല്‍ കൊണ്ട് നടക്കുന്ന വോട്ടര്‍മാരുടെ കൂടി വോട്ട് ഇത്തവണ എന്‍ഡിഎയ്ക്ക് ലഭിച്ചെന്ന് വിശ്വസിക്കുന്നതായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. വിശ്വാസവുമായി ബന്ധപ്പെട്ട് വോട്ടെടുപ്പ് ദിവസമായ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത് ബുദ്ധിക്ക് നിരക്കുന്നതല്ല. മുഖ്യമന്ത്രി അയ്യപ്പനെ ഭയപ്പെട്ടു. ഒരു ഘട്ടത്തില്‍ അയ്യപ്പന്റെ ശാപം കിട്ടുമോ എന്ന് കൂടി മുഖ്യമന്ത്രിക്ക് തോന്നിയതായി ശോഭാ സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.
'മുഖ്യമന്ത്രി അയ്യപ്പനെ ഭയപ്പെട്ടു. ഒരു ഘട്ടത്തില്‍ അയ്യപ്പന്റെ ശാപം കിട്ടുമോ എന്ന് കൂടി അദ്ദേഹത്തിന് തോന്നി. എത്ര വലിയ യുക്തിവാദി ആണ് എന്ന് പുറത്തേയ്ക്ക് പറഞ്ഞാലും ഞാന്‍ കേട്ടിട്ടുള്ളത് മുഖ്യമന്ത്രിയുടെ ഭാര്യ മുഖ്യമന്ത്രിയുടെ പേരില്‍ അമ്പലപ്പുഴയില്‍ പാല്‍പായസം വഴിപാടായി ചെയ്യാന്‍ ഒരാളെ ഏല്‍പ്പിച്ചിട്ടുണ്ട് എന്നതാണ്. അത് അവരുടെ സ്വകാര്യ വിഷയമാണ്. എനിക്ക് അതില്‍ സന്തോഷം മാത്രമേയുള്ളു. ഒരു കാര്യം ഉറപ്പാണ്. മുഖ്യമന്ത്രി അയ്യപ്പസ്വാമിയുടെ പേരില്‍ സാഷ്ടാംഗം നമസ്‌കരിക്കുന്ന കാഴ്ചയാണ് കണ്ടത്. ദേവഗണങ്ങള്‍ തങ്ങളുടെ കൂടെയുണ്ട് എന്ന് പറയുമ്പോള്‍ അയ്യപ്പനെ ഭയപ്പെട്ടു എന്നത് തന്നെയാണ് വ്യക്തമാകുന്നത്. എന്നാല്‍ ഇടതുപക്ഷത്തിന്റെ കൂടെ അസുരന്മാര്‍ മാത്രമേയുള്ളൂ'- ശോഭാ സുരേന്ദ്രന്‍ പറയുന്നു.
മന്ത്രി കടകംപള്ളി സുരേന്ദ്രനെ പോലെ ഒരു കാപട്യക്കാരനെ താന്‍ ഇതുവരെ കണ്ടിട്ടില്ലെന്ന് ശോഭാ സുരേന്ദ്രന്‍ ആരോപിച്ചു. വോട്ടെടുപ്പ് ദിനത്തില്‍ കഴക്കൂട്ടം കാട്ടായിക്കോണത്ത് നടന്ന സംഘര്‍ഷത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായാണ് ശോഭാ സുരേന്ദ്രന്‍ രംഗത്തുവന്നത്. കാട്ടായിക്കോണം സംഘര്‍ഷം തന്നെ കുരുക്കാന്‍ വേണ്ടി ഉണ്ടാക്കിയതാണെന്നും കേന്ദ്ര ഇടപെടല്‍ കൊണ്ടാണ് നടപടിക്ക് പൊലീസ് തയ്യാറായതെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. ഇഞ്ചോടിച്ച് പോരാട്ടം നടന്ന കഴക്കൂട്ടം മണ്ഡലത്തില്‍ കടംപള്ളിയുടെ എതിര്‍ സ്ഥാനാര്‍ത്ഥിയാണ് ശോഭാ സുരേന്ദ്രന്‍.
'കടകംപള്ളിയുടെ ജോലി ചെയ്യുന്നവരല്ല കേരളത്തിലെ പൊലീസുകാര്‍. കടകംപള്ളിക്ക് ഒരു ധാരണയുണ്ട്. ഞാന്‍ ഫോണ്‍ ചെയ്ത് പറഞ്ഞാല്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ തൊപ്പി ഊരി ഏരിയ സെക്രട്ടറിയുടെ തലയില്‍ വച്ചു കൊടുക്കുമെന്ന്. അത്തരത്തിലുള്ള ധാരണ ഒന്നും വേണ്ട. ഞങ്ങള്‍ കേന്ദ്രവുമായി ബന്ധപ്പെട്ടു . കേന്ദ്ര ആഭ്യന്തര വകുപ്പുമായി ബന്ധപ്പെട്ടു. കേന്ദ്രത്തിന്റെ ഒബ്‌സര്‍വറെ വിളിച്ചു. സംസ്ഥാനത്തിന്റെ നിരീക്ഷകനെ വിളിച്ചു. ടിക്കാറാം മീണയെ നേരില്‍ വിളിച്ചു.ഈ ചെയ്തികള്‍ക്കെല്ലാം കൂട്ടുനില്‍ക്കുന്നവരെ സംരക്ഷിക്കുന്ന സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കും ഡിവൈഎസ്പിക്കും മറ്റു മാര്‍ഗമില്ല. പിടിച്ചു കൊണ്ടുപോയതിന്റെ പേരില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറോട് തട്ടിക്കയറുകയാണ്. നിങ്ങള്‍ എങ്ങനെയാണ് ഈ പ്രതികളെ പിടിച്ചത്്?. എന്താണ് ഇതിന് അര്‍ത്ഥം. കടകംപള്ളി എന്താണ് വിചാരിച്ചിട്ടുള്ളത്. കടകംപള്ളി സുരേന്ദ്രന്‍ എന്ന വ്യക്തി നിയമത്തിന് അതീതനാണോ. അദ്ദേഹം ഇങ്ങനെ ഒരു ഗുണ്ടാസംഘത്തിന് നേതൃത്വം കൊടുക്കുകയാണെങ്കില്‍ കൊടി സുനി എന്ന് പേരുമാറ്റിയാല്‍ മതി. കടകംപള്ളി പേരുമാറ്റണം'- ശോഭാ സുരേന്ദ്രന്റെ വാക്കുകള്‍ ഇങ്ങനെ.
താഴെ തട്ടില്‍ പ്രവര്‍ത്തനം നടന്നത് എണ്ണയിട്ട യന്ത്രം പോലെയായിരുവെന്നും യുഡിഎഫ് വോട്ടുകള്‍ ബിജെപിക്ക് കിട്ടുമെന്ന് ശോഭ പറഞ്ഞു. ബിജെപിയുടെ ഓരോ വോട്ടും ഇരുമ്പുമറ കെട്ടി സംരക്ഷിച്ച് ഉറപ്പാക്കിയിട്ടുണ്ട്. കെ സുരേന്ദ്രനോട് സ്‌നേഹമുള്ള സഖാക്കള്‍ മഞ്ചേശ്വരത്ത് സുരേന്ദ്രന് വോട്ട് ചെയ്ത് കാണുവെന്നും ശോഭാ സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates