

പാലക്കാട്: ചുമരുകൾ വിണ്ടുകീറിയ, കാലുനീട്ടി കിടക്കാൻപോലും ഇടമില്ലാത്ത ഇരുട്ടുമൂടിയ ഒറ്റമുറി. റഹ്മാന്റെ വീട്ടിലെ ഈ മുറിയിലാണ് പത്തുവർഷത്തോളം സജിത കഴിഞ്ഞത്. കാണാതായി 10 വർഷത്തിന് ശേഷം യുവതിയെ കണ്ടെത്തിയ ഞെട്ടലിനൊപ്പം ചുരുളഴിഞ്ഞത് സിനിമാക്കഥയെ വെല്ലും ജീവിതം.
റഹ്മാന്റെ വീട്ടിൽ നിന്ന് പത്ത് വീട് അകലെയാണ് സജിതയുടെ വീട്. അയൽവാസികളായ യുവതിക്കും യുവാവിനും പരസ്പരം തോന്നിയ ഇഷ്ടത്തിന് രണ്ടുസമുദായക്കാരായ വീട്ടുകാരുടെ പച്ചക്കൊടി ലഭിക്കില്ലെന്ന് വ്യക്തമായതോടെ നെന്മാറ അയിലൂർ കാരക്കാട്ടുപറമ്പിലെ റഹ്മാനും സജിതയും പ്രതിബന്ധങ്ങളെ വകഞ്ഞുമാറ്റി തുടങ്ങിയത്.
റഹ്മാന്റെ സഹോദരിയുടെ സുഹൃത്തു കൂടിയായിരുന്ന സജിത. അതുവഴി വല്ലപ്പോഴും റഹ്മാന്റെ വീട്ടിലേക്ക് സജിത വരുമായിരുന്നു. ഇതാണ് പ്രണയത്തിന് വഴിമരുന്നായത്. 18-ാം വയസ്സിൽ സജിത വീടുവിട്ടിറങ്ങി. സൗകര്യങ്ങളൊന്നുമില്ലാത്ത, തന്റെ ഓടിട്ട ചെറിയവീട്ടിൽ റഹ്മാൻ താത്കാലികമായി സജിതയെ താമസിപ്പിച്ചു. റഹ്മാന്റെ വീട്ടുകാർപോലും ഇക്കാര്യം അറിഞ്ഞില്ലെന്നാണ് പോലീസിനോട് പറഞ്ഞത്. സജിതയെ കാണാതായതോടെ വീട്ടുകാർ പോലീസിൽ പരാതിനൽകി. റഹ്മാനുൾപ്പെടെ സ്ഥലത്തെ പലരെയും പോലീസ് ചോദ്യംചെയ്തെങ്കിലും തുമ്പൊന്നും കിട്ടിയില്ല. റഹ്മാൻ നാട്ടിൽത്തന്നെയുണ്ടായിരുന്നതിനാൽ സംശയവും തോന്നിയില്ല.
വിവരം പുറത്തറിഞ്ഞാലുണ്ടാവുന്ന ഭൂകമ്പം തിരിച്ചറിഞ്ഞ് റഹ്മാൻ സജിതയെ പുറത്തുകാണിക്കാതിരിക്കാൻ പല ഉപായങ്ങളും തേടി. ഇലക്‌ട്രീഷ്യനായ റഹ്മാൻ ഇലക്ട്രിക് സംവിധാനങ്ങൾ ഇതിനായി കണ്ടെത്തി. സജിതയെ പുറത്തുനിന്ന് പൂട്ടുമ്പോൾ വാതിലിന്റെ അകത്തുള്ള ഓടാമ്പലും താനേ അടയുന്ന ലോക്കിങ് സിസ്റ്റമായിരുന്നു ആദ്യത്തേത്.
പൂട്ടിക്കിടക്കുന്ന ഓടാമ്പലിൽ ആരെങ്കിലും തൊട്ടാൽ ചെറിയ ഷോക്കടിക്കും. അതിനാൽ റഹ്മാൻ ജോലിക്കുപോകുമ്പോഴും വീട്ടിലുള്ളവർ വാതിലിൽ തൊടില്ല. പ്രാഥമിക കൃത്യനിർവഹണങ്ങൾക്ക് രാത്രിമാത്രമാണ് സജിത പുറത്തേക്കിറങ്ങുക. ഇതിനായി മുറിയിലുള്ള ചെറിയ ജനലിലെ അഴികൾ എടുത്തുമാറ്റിയിരുന്നു.
ജോലികഴിഞ്ഞ് റഹ്മാൻ വരുമ്പോൾ മാത്രമാണ് സജിതയ്ക്ക് സംസാരിക്കാനാവുക. അപ്പോഴെല്ലാം മുറിയിലെ ചെറിയ ടിവി ശബ്ദം കൂട്ടിവെക്കുകയാണ് ഇവർ ചെയ്തിരുന്നത്. മൂന്നുമാസംമുമ്പ് വീട്ടിൽനിന്ന് റഹ്മാനെ കാണാതായി. പോലീസ് അന്വേഷണത്തിനിടെ, റഹ്മാനെ നെന്മാറയിൽവെച്ച് സഹോദരൻ കാണുകയും പോലീസിൽ അറിയിക്കുകയുംചെയ്തു. താൻ ഇപ്പോൾ വാടകവീട്ടിലാണെന്നും ഒപ്പം സജിതയും ഉണ്ടെന്നും ചോദ്യംചെയ്യലിൽ പറഞ്ഞതോടെയാണ് ഒരുപതിറ്റാണ്ടുനീണ്ട പ്രണയജീവിതത്തിന്റെ ചുരുളഴിഞ്ഞത്.
ഇരുവരുടേയും മൊഴികൾ കേട്ട് അവിശ്വസനീയത തോന്നിയ പോലീസ് സജിത ഒളിച്ചിരുന്ന വീട്ടിലെത്തി പരിശോധന നടത്തി.
പ്രണയകഥയും ഒളിജീവിതവും കേട്ടറിഞ്ഞതിന്റെ ഞെട്ടലിലാണ് പോലീസും നാട്ടുകാരും. വർഷങ്ങൾക്കിപ്പുറം യുവതിയെ കണ്ടതിന്റെ ഞെട്ടൽ വീട്ടുകാർക്കുമുണ്ട്. കോടതി ഇടപെട്ട് പ്രായപൂർത്തിയായ ഇരുവർക്കും സ്വന്തം ഇഷ്ടപ്രകാരം താമസിക്കാൻ അനുമതിനൽകി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates