ഭരണഘടനാവകാശം കവരുന്നതല്ലേ രാജ്യദ്രോഹമായി കണക്കാക്കേണ്ടത്?

കൊളോണിയല്‍ കാലത്തിനു ശേഷം ഈ വകുപ്പ് ഏറ്റവും കൂടുതല്‍ ദുരുപയോഗിക്കപ്പെട്ടത് സമീപകാലത്താണ്
എംബി രാജേഷ് / ഫെയ്‌സ്ബുക്ക് ചിത്രം
എംബി രാജേഷ് / ഫെയ്‌സ്ബുക്ക് ചിത്രം
Updated on
2 min read

തിരുവനന്തപുരം :  കൊളോണിയല്‍ അടിച്ചമര്‍ത്തലിന്റെ ഉപകരണമായിരുന്ന 124  A വകുപ്പിന്റെ സാംഗത്യത്തേയും സാധുതയേയും കുറിച്ച് വ്യാപകമായ പൊതുസംവാദം ഉയര്‍ന്നു വരേണ്ടതുണ്ടെന്ന് സ്പീക്കര്‍ എം ബി രാജേഷ്. ലക്ഷദ്വീപില്‍ ചലച്ചിത്ര പ്രവര്‍ത്തക ആയിഷ സുല്‍ത്താനക്കെതിരെ രാജ്യദ്രോഹക്കേസ് എടുത്ത സാഹചര്യത്തിലാണ് സ്പീക്കര്‍ എംബി രാജേഷിന്റെ പ്രതികരണം. 

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ രാജ്യദ്രോഹക്കേസ് സംബന്ധിച്ച 124  A ബ്രിട്ടീഷ് കോളനി വാഴ്ച്ചയെ അരക്കെട്ടുറപ്പിക്കാനായി ആവിഷ്‌ക്കരിച്ചതാണ്. ബാലഗംഗാധര തിലകനും മഹാത്മാഗാന്ധിയും ഭഗത് സിങ്ങും ഉള്‍പ്പെടെയുള്ള സ്വാതന്ത്ര്യ സമര പോരാളികളെ വേട്ടയാടാനുപയോഗിച്ച ആയുധമാണീ വകുപ്പ്.  

കൊളോണിയല്‍ കാലത്തിനു ശേഷം ഈ വകുപ്പ് ഏറ്റവും കൂടുതല്‍ ദുരുപയോഗിക്കപ്പെട്ടത് സമീപകാലത്താണ്. രാഷ്ട്രീയ പ്രവര്‍ത്തകര്‍ മാത്രമല്ല എഴുത്തുകാര്‍ കലാസാംസ്‌കാരിക പ്രവര്‍ത്തകര്‍, ബുദ്ധിജീവികള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരെല്ലാം സമീപകാലത്തായി രാജ്യദ്രോഹ ഖഡ്ഗത്തിനിരയായിക്കൊണ്ടിരിക്കുന്നു.

ഒരു ടെലിവിഷന്‍ ചര്‍ച്ചയില്‍ ഭരണകൂട നടപടികളെ വിമര്‍ശിച്ചതിനാണ് ചലച്ചിത്ര പ്രവര്‍ത്തകയും എഴുത്തുകാരിയുമായ ആയിഷ സുല്‍ത്താനക്കെതിരെ രാജ്യദ്രോഹക്കേസ് എടുത്തിരിക്കുന്നത്. രാജ്യസ്‌നേഹം / രാജ്യദ്രോഹം എന്നിവയെല്ലാം പുനര്‍ നിര്‍വചിക്കപ്പെടേണ്ട സമയമാണിത്. ഭരണഘടനാവകാശം കവരുന്നതല്ലേ രാജ്യദ്രോഹമായി കണക്കാക്കേണ്ടത്?. എം ബി രാജേഷ് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ ചോദിക്കുന്നു. 

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം : 


രാജ്യദ്രോഹ കേസുകളുടെ ദുരുപയോഗത്തെക്കുറിച്ച് സുപ്രീം കോടതി നടത്തിയ നിരീക്ഷണങ്ങളുടെ തൊട്ടു പിന്നാലെ ലക്ഷദ്വീപില്‍ വീണ്ടും ഒരു രാജ്യദ്രോഹക്കേസ്  ചുമത്തിയിരിക്കുന്നു. ഇത്തവണ ഇരയായിരിക്കുന്നത് ചലച്ചിത്ര പ്രവര്‍ത്തകയും എഴുത്തുകാരിയുമായ ആയിഷ സുല്‍ത്താനയാണ്.ഒരു ടെലിവിഷന്‍ ചര്‍ച്ചയില്‍ ഭരണകൂട നടപടികളെ വിമര്‍ശിച്ചതിനാണ് രാജ്യദ്രോഹക്കേസ് എടുത്തിരിക്കുന്നത്.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ രാജ്യദ്രോഹക്കേസ് സംബന്ധിച്ച 124  A ബ്രിട്ടീഷ് കോളനി വാഴ്ച്ചയെ അരക്കെട്ടുറപ്പിക്കാനായി ആവിഷ്‌ക്കരിച്ചതാണ്. കൊളോണിയല്‍ ഭരണകൂടത്തെ വിമര്‍ശിച്ചവര്‍ക്കെല്ലാം നേരെ വ്യാപകമായി ഈ വകുപ്പ് ദുരുപയോഗിക്കപ്പെട്ടു . ബാലഗംഗാധര തിലകനും മഹാത്മാഗാന്ധിയും ഭഗത് സിങ്ങും ഉള്‍പ്പെടെയുള്ള സ്വാതന്ത്ര്യ സമര പോരാളികളെ വേട്ടയാടാനുപയോഗിച്ച ആയുധമാണീ വകുപ്പ്  എന്നോര്‍ക്കണം.ഒരു പക്ഷേ കൊളോണിയല്‍ കാലത്തിനു ശേഷം ഈ വകുപ്പ് ഏറ്റവും കൂടുതല്‍ ദുരുപയോഗിക്കപ്പെട്ടത് സമീപകാലത്താണ്. രാഷ്ട്രീയ പ്രവര്‍ത്തകര്‍ മാത്രമല്ല എഴുത്തുകാര്‍ കലാസാംസ്‌കാരിക പ്രവര്‍ത്തകര്‍, ബുദ്ധിജീവികള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരെല്ലാം സമീപകാലത്തായി രാജ്യദ്രോഹ ഖഡ്ഗത്തിനിരയായിക്കൊണ്ടിരിക്കുന്നു.

രാജ്യദ്രോഹം സംബന്ധിച്ച 124  A വകുപ്പ് പ്രയോഗിക്കുന്നതിന്റെ കാര്യത്തില്‍ ഇന്ത്യയിലെ പരമോന്നത നീതിപീഠം സ്വാതന്ത്ര്യാനന്തരം നിരന്തരമായി മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്. സ്വാതന്ത്ര്യത്തിനു മുന്‍പ് രാജ്യദ്രോഹത്തിന്റെ പരിധിയില്‍ നിരവധി പ്രവര്‍ത്തനങ്ങളെ ഉള്‍പ്പെടുത്തിയ പ്രിവി       കൗണ്‍സിലിന്റെ 1944 ലെ വ്യാഖ്യാന മുള്‍പ്പെടെയുള്ള പഴയ വിധികളെ നിരാകരിച്ചു കൊണ്ടാണ് 1962 ല്‍ സുപ്രീം കോടതി കേദാര്‍നാഥ് സിങ്ങ്  കേസില്‍ വിധി പുറപ്പെടുവിച്ചത്.

' 124 A വകുപ്പ് ഭരണഘടനയുടെ അനുഛേദം 19 (1) (a) ഉറപ്പു നല്‍കുന്ന അഭിപ്രായപ്രകടന സ്വാതന്ത്ര്യത്തിന്റെ വ്യക്തമായ ലംഘനമാണ് എന്ന കാര്യത്തില്‍ സംശയമില്ല' എന്നാണ് സുപ്രീം കോടതി നിരീക്ഷിച്ചത്. public violence, public disorder  എന്നിവക്ക് കാരണമാകുന്ന പ്രവര്‍ത്തനങ്ങള്‍ മാത്രമേ 124അയുടെ പരിധിയില്‍ വരൂ എന്നാണ് കോടതി വ്യക്തമാക്കിയത്. അഭിപ്രായപ്രകടന സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യത്തെപ്പറ്റി പല വിധികളില്‍ സുപ്രീം കോടതി ആവര്‍ത്തിച്ചു പറഞ്ഞിട്ടുമുണ്ട്.' അഭിപ്രായപ്രകടന സ്വാതന്ത്ര്യം ജനാധിപത്യവ്യവസ്ഥയുടെ പ്രവര്‍ത്തനത്തിന് ഒഴിച്ചുകൂടാനാവാത്തതാണ് ' എന്നാണ് മറ്റൊരു വിധിയില്‍ സുപ്രീം കോടതി അഭിപ്രായപ്പെട്ടത്. ജാവേദ് ഹബീബ് കേസില്‍ ഡല്‍ഹി ഹൈക്കോടതി അടുത്ത കാലത്ത് വ്യക്തമാക്കിയത്
 ' സര്‍ക്കാരിനെ വിമര്‍ശിക്കാനുള്ള അവകാശം ജനാധിപത്യത്തിന്റെ മുഖമുദ്രയാണ് ' എന്നത്രേ.മാത്രമല്ല, 1995 ലെ ബല്‍വന്ത് സിങ്ങ് സ്‌റ്റേറ്റ് ഓഫ് പഞ്ചാബ് കേസില്‍ ഒരു വ്യക്തി നടത്തുന്ന ആനുഷംഗിക പരാമര്‍ശമോ, മുദ്രാവാക്യം വിളിപോലുമോ 124Aയുടെ പരിധിയില്‍ വരില്ല എന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്.അന്താരാഷ്ട്ര നിയമങ്ങളും പരിഷ്‌കൃത ലോകവുമെല്ലാം അഭിപ്രായ പ്രകടന സ്വാതന്ത്ര്യത്തെ പരമപ്രധാനമായി പരിഗണിക്കുന്നു. അപ്പോഴാണ് ടെലിവിഷന്‍ ചര്‍ച്ചയില്‍ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ക്കെതിരായ ഒരു പരാമര്‍ശത്തിന്റെ  പേരില്‍ ആയിഷ സുല്‍ത്താന എന്ന ചലച്ചിത്ര പ്രവര്‍ത്തക ക്കെതിരെ രാജ്യദ്രോഹക്കേസ് ചുമത്തപ്പെടുന്നത്!

ഇന്ത്യന്‍ ശിക്ഷ നിയമത്തില്‍, സ്വാതന്ത്ര്യ പൂര്‍വകാലത്തെ കൊളോണിയല്‍ അടിച്ചമര്‍ത്തലിന്റെ ക്രൂരമായ ഉപകരണമായിരുന്ന 124  A ഇപ്പോഴും തുടരുന്നതിന്റെ ഭരണഘടനാപരമായ സാംഗത്യവും സാധുതയും തന്നെ ചര്‍ച്ച ചെയ്യപ്പെടുന്ന കാലമാണിത്. സുപ്രീം കോടതി  അതു സംബന്ധിച്ച ഹര്‍ജികള്‍ പരിഗണിച്ചു കൊണ്ടിരിക്കുന്നു എന്നാണ്  മനസ്സിലാക്കുന്നത്. രാജ്യസ്‌നേഹം / രാജ്യദ്രോഹം എന്നിവയെല്ലാം പുനര്‍ നിര്‍വചിക്കപ്പെടേണ്ട സമയമാണിത്.. സ്വാതന്ത്ര്യ സമരത്തിന്റെ ഉല്‍പന്നമായ ഭരണഘടന ഉറപ്പ് തരുന്ന ജനങ്ങളുടെ മൗലികാവകാശങ്ങളുടെ സംരക്ഷണമല്ലേ രാജ്യസ്‌നേഹപരമായ പ്രവൃത്തി? ഭരണഘടനാവകാശം കവരുന്നതല്ലേ രാജ്യദ്രോഹമായി കണക്കാക്കേണ്ടത്?
ജനങ്ങളും അവരുടെ മൗലികാവകാശങ്ങളും കൂടി ഉള്‍ച്ചേരുന്നതാണ് ആധുനിക രാഷ്ട്ര സങ്കല്‍പ്പം.ആത്യന്തികമായി നോക്കിയാല്‍ ജനവിരുദ്ധതയാണ് രാജ്യ വിരുദ്ധത. 

ഭരണഘടനയുടേയും വികസിതമായ ജനാധിപത്യ സങ്കല്‍പ്പനങ്ങളുടേയും വെളിച്ചത്തിലും 124 A വകുപ്പിന്റെ ലക്കും ലഗാനുമില്ലാത്ത ദുരുപയോഗത്തിന്റെ പശ്ചാത്തലത്തിലും ഈ വകുപ്പിന്റെ സാംഗത്യത്തേയും സാധുതയേയും കുറിച്ച് വ്യാപകമായ പൊതുസംവാദം ഉയര്‍ന്നു വരേണ്ടതുണ്ട്. പ്രത്യേകിച്ച് ഈ നിയമം ഉത്ഭവിച്ച ഇംഗ്ലണ്ടില്‍ പോലും ഇന്ന് ഈ വകുപ്പ് നിയമ പുസ്തകത്തിന് പുറത്താണെന്ന് കൂടി വരുമ്പോള്‍.കൊളോണിയല്‍ മര്‍ദ്ദനോപകരണമായ 124  A സ്വാതന്ത്ര്യം നേടി മുക്കാല്‍ നൂറ്റാണ്ടാവുമ്പോഴും സ്വതന്ത്രരായ ഒരു ജനതക്കു മേല്‍ പ്രയോഗിക്കപ്പെടുന്നത് യഥാര്‍ത്ഥ രാജ്യസ്‌നേഹികള്‍ക്കാര്‍ക്കും അംഗീകരിക്കാനാവുകയില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com