ഉരുൾപൊട്ടലിൽ ഉറ്റവരെ നഷ്ടപ്പെട്ടിട്ടും സഹായവുമായി ഓടി നടന്നു; ചൂരൽമല പുനരധിവാസ പട്ടികയിൽ ഇല്ല, അവ​ഗണനയുടെ വേദനയിൽ ഷൈജ

കേരള ശ്രീ പുരസ്കാരം അടക്കം നിരവധി അം​ഗീകാരങ്ങൾ നേടിയ ആശ വർക്കറാണ് ഷൈജ
Shyja is in pain of being ignored
ഷൈജഎക്സ്പ്രസ്
Updated on
1 min read

കൽപ്പറ്റ: മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ വീടും കുടുംബാം​ഗങ്ങളേയും നഷ്ടമായ ചൂരൽമല സ്വദേശി ഷൈജ പുനരധിവാസ പട്ടികയിൽ നിന്നു പുറത്ത്. ലൈഫ് മിഷൻ പദ്ധതി പ്രകാരം നിർമിച്ച വീടാണ് അവർക്ക് നഷ്ടമായത്. പുനരധിവസിപ്പിക്കാനുള്ള ആളുകളുടെ മൂന്ന് പട്ടികയിലും അവരുടെ പേരില്ല. ദുരന്ത ദിവസം രാത്രി ലൈഫ് മിഷൻ പദ്ധതി പ്രകാരം നിർമിച്ച വീട്ടിൽ ഷൈജ താമസിക്കാത്തതിനാലാണ് പട്ടികയിൽ അവരുടെ പേരില്ലാത്തത് എന്നാണ് അധികൃതർ പറയുന്നത്.

വർഷങ്ങളായി പഞ്ചായത്തിൽ ആശാ വർക്കറായി ജോലി ചെയ്യുകയാണെന്നും ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടുവെന്നും ഷൈജ പറയുന്നു. ഒന്നും ഇപ്പോൾ ബാക്കിയില്ല. സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ച് പുനരധിവാസ പട്ടികയിൽ തന്റെ പേരും ഉൾപ്പെടുത്തണമെന്നു നിരന്തരം അ​ധികൃതരോട് ആവശ്യപ്പെടുന്നുണ്ടെന്നും ഷൈജ പറഞ്ഞു. ചൂരൽമല സ്കൂൾ റോഡിലുള്ള കുടുംബങ്ങളിൽ ഷൈജയുടെ പേര് മാത്രമാണ് പട്ടികയിൽ ഇല്ലാത്തത്.

ഷൈജയുടെ ഭർത്താവ് 2005ൽ കടബാധ്യതയെ തുടർന്നു ജീവനൊടുക്കുകയായിരുന്നു. കുട്ടികളുമായി എന്തു ചെയ്യണമെന്നു അറിയാതെ നിന്ന ഷൈജയെ നാട്ടുകാരാണ് സഹായിച്ചത്. 2009ൽ ആശാ വർക്കറായി. പിന്നീട് തദ്ദേശ തെരഞ്ഞെടുപ്പ് സ്ഥാനാർഥിയായി മത്സരിച്ച് പഞ്ചായത്ത് അം​ഗവും വൈസ് പ്രസിഡന്റുമായി. മുണ്ടക്കൈ- ചൂരൽമല ദുരന്തത്തിൽ 9 ബന്ധുക്കളെയാണ് ഷൈജയ്ക്ക് നഷ്ടമായത്.

ഉറ്റവരെയെല്ലാം നഷ്ടപ്പെട്ട വേദനയിലും ദുരന്തത്തിൽ ഇരയായവരുടെ മൃതദേഹങ്ങൾ തിരിച്ചറിയാനടക്കമുള്ള സഹായവുമായി ഷൈജ നിന്നിരുന്നു. അവരുടെ അന്നത്തെ സേവനങ്ങളും പ്രശംസ നേടി. കേരള ശ്രീ അവാർഡും അവർക്ക് ലഭിച്ചിരുന്നു. നിരവധി മറ്റ് അം​ഗീകാരങ്ങളും അവരെ തേടിയെത്തി. അതിനൊക്കെ ഒടുവിലാണ് അവരുടെ പേര് ഇപ്പോൾ ​പുനരധിവാസ പട്ടികയിൽ നിന്നു ഒഴിവാക്കിയിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com