സിദ്ധാര്‍ഥിന്റെ പിതാവ്
സിദ്ധാര്‍ഥിന്റെ പിതാവ്ടിവി ദൃശ്യം

'രക്ഷിച്ചോളാം എന്ന് സിപിഎം നേതാക്കള്‍ പറഞ്ഞിട്ടുണ്ടാവും', എന്തുകൊണ്ട് എസ്എഫ്‌ഐ സമരം ചെയ്യുന്നില്ല?; പ്രതികള്‍ കീഴടങ്ങുന്നതില്‍ ദുരൂഹത ആരോപിച്ച് പിതാവ്

പൂക്കോട് വെറ്റിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ഥിന്റെ മരണത്തില്‍ പ്രതികള്‍ കീഴടങ്ങുന്നതില്‍ ദുരൂഹത ആരോപിച്ച് പിതാവ്
Published on

തിരുവനന്തപുരം: പൂക്കോട് വെറ്റിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ഥിന്റെ മരണത്തില്‍ പ്രതികള്‍ കീഴടങ്ങുന്നതില്‍ ദുരൂഹത ആരോപിച്ച് പിതാവ്. സിപിഎം നേതാക്കള്‍ പറഞ്ഞിട്ടാവാം പ്രതികള്‍ കീഴടങ്ങുന്നത്. രക്ഷിച്ചോളാം എന്ന് സിപിഎം നേതാക്കള്‍ പറഞ്ഞിട്ടുണ്ടാവും. എന്തു കുറ്റമാണ് പിടിയിലായവര്‍ക്കെതിരെ ചുമത്തുന്നത് എന്ന് നോക്കട്ടെ. അന്വേഷണത്തില്‍ തൃപ്തിയില്ലെങ്കില്‍ മറ്റു ഏജന്‍സികളെ വച്ച് അന്വേഷിക്കുന്നതിനെ കുറിച്ചെല്ലാം ആലോചിക്കും. സിന്‍ജോയെ ഒളിപ്പിച്ച വീട്ടുകാരെയും പ്രതികളാക്കണം. പ്രതികളെ ആരെയും സംരക്ഷിക്കില്ല എന്ന് പറയുന്ന എസ്എഫ്‌ഐ എന്തുകൊണ്ട് ഇതുമായി ബന്ധപ്പെട്ട് സമരം ചെയ്യുന്നില്ലെന്നും സിദ്ധാര്‍ഥിന്റെ പിതാവ് ചോദിച്ചു.

'സിന്‍ജോയെ ഒളിപ്പിച്ച വീട്ടുകാരെയും പ്രതികളാക്കണം. കുറ്റവാളികളെ ഒളിപ്പിക്കുന്നത് ശിക്ഷയാണ്. നേരിട്ട് ബന്ധമില്ലെങ്കിലും കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടവരെ ഒരു ശതമാനമെങ്കിലും സഹായിച്ചവരെയും കുറ്റവാളികളായി കണക്കാക്കണം. അത് എന്റെ ആഗ്രഹമാണ്. കുറ്റവാളികള്‍ക്ക് തുടക്കം മുതല്‍ തന്നെ സിപിഎം സംരക്ഷണം നല്‍കി എന്നാണ് എന്റെ വിശ്വാസം. എസ്എഫ്‌ഐ മാത്രമേ ആ കോളജിലുള്ളൂ. മറ്റു സംഘടനകള്‍ ഒന്നും അവിടെ ഇല്ല. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മാത്രമല്ല, പ്രതികള്‍. എസ്എഫ്‌ഐ ഭാരവാഹികള്‍ കൂടി പ്രതികളാണ്. വെറും പ്രവര്‍ത്തകരാണെങ്കിലും കുഴപ്പമില്ല. എസ്എഫ്‌ഐയുടെ ജോയിന്റ് സെക്രട്ടറി, സെക്രട്ടറി, പ്രസിഡന്റ് അങ്ങനെയുള്ളവരാണ് പ്രതികള്‍. ഭാരവാഹികളെ സംരക്ഷിക്കുന്ന ചുമതല അവരുടെ പാര്‍ട്ടിക്ക് ഉണ്ടാവും. അത് സ്വാഭാവികം മാത്രമാണ്. അതാണ് അവരുടെ രീതി. പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ എസ്എഫ്‌ഐയെ വിട്ടുകളഞ്ഞാല്‍, കോളജിന്റെ ഭരണം നഷ്ടപ്പെടും. വലിയ നേതാക്കളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയി കഴിഞ്ഞാല്‍, കുട്ടി സഖാക്കള്‍ വിചാരിക്കും ഇനി ഇവിടെ നിന്നിട്ട് കാര്യമില്ല. അവര്‍ ഒരു പുതിയ യൂണിയന്‍ ഉണ്ടാക്കി കളയാം എന്ന് ചിന്തിക്കും. അതുകൊണ്ട് അവരുടെ നേതാക്കന്മാരെ ഏതറ്റം വരെയും പോയി പാര്‍ട്ടി സംരക്ഷിക്കും എന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. തുറന്നുപറയുന്നില്ല എന്ന് മാത്രം'- സിദ്ധാര്‍ഥിന്റെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.

'ഇതുവരെ അറസ്റ്റ് ചെയ്തവരുടെ മൊഴി എന്താണ് എന്ന് നോക്കി തുടര്‍നടപടി സ്വീകരിക്കും. ഏതെല്ലാം വകുപ്പുകളാണ് അവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത് എന്നി കാര്യങ്ങളെല്ലാം നോക്കും. അധികം കാത്തിരിക്കില്ല. രണ്ടുമൂന്ന് ദിവസം നോക്കും. ഇത്രയും പേരെ കിട്ടിയല്ലോ? എന്നിട്ട് അന്വേഷണം തൃപ്തിയല്ല എന്ന് തോന്നിയാല്‍ മറ്റു ഏജന്‍സികളെ വച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെടും. നിലവില്‍ അന്വേഷണത്തില്‍ വിശ്വാസമുണ്ട്. പൂര്‍ണ തൃപ്തിയുണ്ടോ എന്നൊന്നും പറയുന്നില്ല. എന്നാല്‍ വിശ്വാസമുണ്ട്. അതുകഴിഞ്ഞ് നോക്കട്ടെ. ചിലര്‍ കീഴടങ്ങിയിട്ടുണ്ട്. കീഴടങ്ങിയതില്‍ തന്നെ ചില ദുരൂഹതയുണ്ട്. പാര്‍ട്ടിക്കാര്‍ പറഞ്ഞുകാണും കീഴടങ്ങിക്കോ, രക്ഷപ്പെടുത്തിക്കൊള്ളാം എന്ന്. എല്ലാം നോക്കും. അവര്‍ക്കെതിരെ ചുമത്തിയിരിക്കുന്ന വകുപ്പുകള്‍ അടക്കം നോക്കും. പഴുതിട്ടാണോ വകുപ്പുകള്‍ ചുമത്തിയിരിക്കുന്നത് എന്നതടക്കം പരിശോധിക്കും.ഇതെല്ലാം നോക്കാന്‍ സംവിധാനമുണ്ട്. എന്നിട്ടും തൃപ്തി തോന്നിയില്ലെങ്കില്‍ വേറെ രീതിയില്‍ പോകും.'- സിദ്ധാര്‍ഥിന്റെ പിതാവ് കൂട്ടിച്ചേര്‍ത്തു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

'സിദ്ധാര്‍ഥിന്റെ മൃതദേഹം കൊണ്ടുവന്നപ്പോള്‍ കൂടെ വന്ന കൂട്ടുകാരില്‍ ചിലര്‍ ഇത് കേള്‍ക്കണമെന്ന് പറഞ്ഞു. രണ്ടു പെണ്‍കുട്ടികളും, രണ്ടു ആണ്‍കുട്ടികളുമുണ്ടായിരുന്നു. ഇക്കാര്യം പറഞ്ഞില്ലെങ്കില്‍ ജീവിതകാലം മുഴുവന്‍ എനിക്ക് സമാധാനം ലഭിക്കില്ല. സ്വയം വഞ്ചിക്കപ്പെട്ടതായി തോന്നി പോകും.മക്കളെ നിങ്ങള്‍ പറഞ്ഞോ... കുഴപ്പമില്ല എന്ന് ഞാന്‍ പറഞ്ഞു. പുറത്തുപറഞ്ഞാല്‍ സിന്‍ജോ തല വെട്ടും എന്നാണ് പറഞ്ഞത്. എനിക്ക് അറിയില്ല ആരാണ് സിന്‍ജോ? കുഴപ്പമില്ല.. ഇക്കാര്യം ഒന്നും പറയരുത്. പോയിട്ട് മര്യാദയ്ക്ക് തിരിച്ചുവരണമെന്ന് കോളജും പറഞ്ഞു. ഇക്കാര്യം പറഞ്ഞാല്‍ കോളജില്‍ നിന്നും പുറത്താക്കും. സിന്‍ജോയും സുഹൃത്തുക്കളും സിദ്ധാര്‍ഥിനെ ഹോസ്റ്റല്‍ മുറിയില്‍ ഇട്ട് തീര്‍ത്തതാണ് അങ്കിളെ, തീര്‍ത്ത ശേഷം തൂക്കിയതാണ്. നിങ്ങള്‍ ഫൈറ്റ് ചെയ്യണം. ഇത്രയും പറഞ്ഞ് കുട്ടികള്‍ പോയി. എനിക്ക് ഒന്നും മനസിലായില്ല. അതുവരെ എല്ലാവരും എന്നോട് പറഞ്ഞത് മകന്‍ തൂങ്ങിമരിച്ചെന്നാണ്. പിന്നീടാണ് സിന്‍ജോ ആരാണെന്ന് മനസിലായത്. സിന്‍ജോയാണ് മകനെ ഏറ്റവും 'ബ്രൂട്ടല്‍' ആയി ചെയ്തത്. മകന്റെ മരണത്തില്‍ ഉത്തരവാദികളായ ആരെയും സംരക്ഷിക്കില്ല എന്നാണ് പാര്‍ട്ടി പറഞ്ഞത്. എന്നാല്‍ എനിക്ക് നീതി ലഭിക്കുന്നതിന് വേണ്ടി എന്തുകൊണ്ട് അവര്‍ സമരം ചെയ്യാന്‍ തയ്യാറാകുന്നില്ല എന്ന് ചോദിച്ചു. മുഖം നോക്കാതെയാണ് നടപടി സ്വീകരിക്കുന്നത് എന്നാണ് പാര്‍ട്ടി പറയുന്നത്. നിങ്ങള്‍ ആകെ ചെയ്തത് നാലുപേരെ സസ്‌പെന്‍ഡ് ചെയ്തു. ഇതാണ് ഏറ്റവും വലിയ ശിക്ഷ. സമരം ചെയ്യുന്ന മറ്റു പാര്‍ട്ടികളുടെ കൂടെ സമരം ചെയ്യാന്‍ എന്തുകൊണ്ട് തയ്യാറാവുന്നില്ല?'- സിദ്ധാര്‍ഥിന്റെ പിതാവ് ചോദിച്ചു.

സിദ്ധാര്‍ഥിന്റെ പിതാവ്
'തലവെട്ടും എന്ന് പറഞ്ഞു ഭീഷണി'; സിദ്ധാര്‍ഥിന്റെ മരണത്തില്‍ മുഖ്യപ്രതികളായ രണ്ടുപേര്‍ കൂടി പിടിയില്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com