ന്യൂഡല്‍ഹി: ഹാഥ്‌രസ് കൂട്ടബലാല്‍സംഗം റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ മാധ്യമപ്രവര്‍ത്തകന്‍ സിദ്ധിഖ് കാപ്പനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച സംഭവത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ്. നിലപാട് അറിയിക്കാന്‍ ആവശ്യപ്പെട്ടാണ് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് യുപി സര്‍ക്കാരിനും പൊലീസിനും നോട്ടീസ് അയച്ചത്. കേസ് വെളളിയാഴ്ച കോടതി വീണ്ടും പരിഗണിക്കും.
കേസിന്റെ മെറിറ്റിലേക്ക് ഇപ്പോള്‍ കടക്കുന്നില്ലെന്നും, സര്‍ക്കാരിന്റെയും പൊലീസിന്റെയും നിലപാട് കേട്ടശേഷം തീരുമാനം എടുക്കാമെന്നും കോടതി വ്യക്തമാക്കി. സിദ്ധിഖ് കാപ്പന് ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ഡല്‍ഹി ഘടകമാണ് സുപ്രീംകോടതിയെ സമീപിച്ചത്. കെയുഡബ്ല്യുജെക്ക് വേണ്ടി .മുതിര്‍ന്ന അഭിഭാഷകനായ കപില്‍ സിബലാണ് ഹാജരായത്.
സിദ്ധിഖ് കാപ്പനെതിരെ പൊലീസ് രജിസ്റ്റര്‍ ചെയ്ത കുറ്റപത്രത്തില്‍ വ്യക്തമായ കാരണങ്ങളൊന്നും ചൂണ്ടിക്കാട്ടുന്നില്ല. കാപ്പന്‍ ആക്രമണമുണ്ടാക്കാനാണ് എത്തിയതെന്ന് പറയുമ്പോള്‍ പോലും അത് വ്യക്തമാക്കാനുളള തെളിവുകള്‍ പൊലീസിന്റെ പക്കലില്ല. 42 ദിവസമായി ഒരു മാദ്ധ്യമപ്രവര്‍ത്തകന്‍ ജയിലില്‍ കഴിയുകയാണ്. കോടതി അടിയന്തരമായി ഇടപെടണം എന്ന് കപില്‍ സിബല്‍ ആവശ്യപ്പെട്ടു.
എന്തുകൊണ്ട് ഹർജിക്കാർ ജാമ്യഹർജിയുമായി അലഹബാദ് ഹൈക്കോടതിയെ സമീപിക്കുന്നില്ല എന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. യുപിയിൽ ഗുരുതര സാഹചര്യമാണ് നിലനിൽക്കുന്നതെന്നും, അഭിഭാഷകന് സിദ്ധഖിനെ കാണാൻ പോലും അനുമതി ലഭിക്കുന്നില്ലെന്നും കപിൽ സിബൽ കോടതിയെ അറിയിച്ചു. തുടർന്ന് സിദ്ധിഖ് കാപ്പൻ ഇപ്പോൾ ഏത് ജയിലിലാണുള്ളതെന്ന് കോടതി ചോദിച്ചു. മഥുര ജയിലിലാണുള്ളതെന്ന് സിബൽ അറിയിച്ചു.
ഇതേത്തുടർന്നാണ് ഉത്തർപ്രദേശ് സർക്കാരിനും പൊലീസിനും പറയാനുള്ളതെന്തെന്ന് കേട്ട ശേഷം കേസിൽ തീരുമാനമെടുക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയത്. റിപ്പബ്ലിക് ടിവി മേധാവി അർണബ് ഗോസ്വാമിക്ക് മനുഷ്യാവകാശം ചൂണ്ടിക്കാട്ടി ഉടൻ ജാമ്യം നൽകിയ, നടപടി ചൂണ്ടിക്കാട്ടി സമാനമായ അവകാശം സിദ്ധിഖ് കാപ്പനുമുണ്ടെന്ന് കെയുഡബ്ല്യുജെ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. സിദ്ധിഖ് കാപ്പനും കൂട്ടാളികളും പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണെന്നും, കലാപം ഉണ്ടാക്കുക ലക്ഷ്യമിട്ടാണ് പോയതെന്നും ആരോപിച്ചാണ് യുപി പൊലീസ് അറസ്റ്റ് ചെയ്തത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates