കോഴിക്കോട് : മാപ്പിളപ്പാട്ട് ഗായകന്‍ വി എം കുട്ടി അന്തരിച്ചു. 86 വയസ്സായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.
കല്യാണപ്പന്തലുകളില്‍ മാത്രമൊതുങ്ങിയിരുന്ന മാപ്പിളപ്പാട്ടിനെ പൊതുവേദിയിലെത്തിച്ച് ജനകീയമാക്കുന്നതില്‍ മുഖ്യപങ്കു വഹിച്ചയാളാണ് വി എം കുട്ടി. ആറുപതിറ്റാണ്ടിലേറെ മാപ്പിളപ്പാട്ട് രംഗത്ത് സജീവമായിരുന്നു. ഗായകനും ഗാനരചയിതാവും സംഗീതകാരനുമാണ്.
ഉല്‍പ്പത്തി, പതിനാലാം രാവ്, പരദേശി എന്നീ സിനിമകളില്‍ അഭിനയിച്ചു. ഏഴ് സിനിമകളില്‍ പാടിയിട്ടുണ്ട്. മൂന്ന് സിനിമകള്‍ക്കായി ഒപ്പന സംവിധാനം ചെയ്തു. 1921, മാര്‍ക്ക് ആന്റണി എന്നീ സിനിമകള്‍ക്കായി പാട്ടെഴുതിയിട്ടുണ്ട്.
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിക്ക് സമീപം പുളിക്കലില്‍ ഉണ്ണീന്‍ മുസ്ല്യാരുടേയും ഇത്താച്ചുക്കുട്ടിയുടേയും മകനായി 1935 ഏപ്രില്‍ 16 നാണ് വടക്കുങ്ങര മുഹമ്മദ് കുട്ടി എന്ന വി എം കുട്ടിയുടെ ജനനം. മെട്രിക്കുലേഷനും ടിടിസിയും പാസായശേഷം 1957 ല്‍ കൊളത്തൂര്‍ എഎംഎല്‍പി സ്‌കൂളില്‍ അധ്യാപകനായി.
1954 ല്‍ കോഴിക്കോട് ആകാശവാണിയില്‍ മാപ്പിളപ്പാട്ട് അവതരിപ്പിച്ചുകൊണ്ടാണ് ഈ രംഗത്തേക്ക് വി എം കുട്ടി ചുവടുറപ്പിക്കുന്നത്. 1957 മുതല്‍ സ്വന്തമായി ഗായകസംഘമുള്ള വി എം കുട്ടി ഇന്ത്യയിലെ വിവിധ നഗരങ്ങളിലും ഗള്‍ഫ് രാജ്യങ്ങളിലും നിരവധി ഗാനമേളകള്‍ അവതരിപ്പിച്ചിട്ടുണ്ട്.
1987ല്‍ കവരത്തി സന്ദര്‍ശിക്കാനെത്തിയ പ്രധാനമന്ത്രി രാജീവ്ഗാന്ധിക്കു മുന്നില്‍ മാപ്പിളപ്പാട്ടും ഒപ്പനയും അവതരിപ്പിച്ച് ശ്രദ്ധനേടി.സംഗീതനാടക അക്കാദമി പുരസ്‌കാര ജേതാവാണ്. മാപ്പിള കലാരംഗത്തെ സമഗ്ര സംഭാവനയ്ക്ക് 2020 ല്‍ കേരള ഫോക്‌ലോര്‍ അക്കാദമി അവാര്‍ഡ് നല്‍കി ആദരിച്ചു.
ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാപ്പിള സ്റ്റഡീസ് അവാര്‍ഡ്, സി എച്ച് കള്‍ച്ചറല്‍ സെന്റര്‍ അവാര്‍ഡ്, ഇന്തോ-അറബ് കള്‍ച്ചറല്‍ സെന്ററിന്റെ 'ഒരുമ' അവാര്‍ഡ് തുടങ്ങി അംഗീകാരങ്ങളും വി എം കുട്ടിക്ക് ലഭിച്ചിട്ടുണ്ട്. മാപ്പിളപ്പാട്ടിന്റെ ലോകം, ബഷീര്‍ മാല, ഭക്തിഗീതങ്ങള്‍, മാനവമൈത്രി ഗാനങ്ങള്‍, കുരുവിക്കുഞ്ഞ്(കുട്ടിക്കവിത) എന്നിവയാണ് വി എം കുട്ടിയുടെ പ്രധാന കൃതികള്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates