

കേരളത്തിലെ പൊലീസ് അതിക്രമങ്ങളെ കുറിച്ച് നിയമസഭയില്‍ നടന്ന ചര്‍ച്ചയുടെ പശ്ചാത്തലത്തില്‍ മുന്‍ മുഖ്യമന്ത്രി എകെ ആന്റണി നടത്തിയ വാര്‍ത്താസമ്മേളനം സംസ്ഥാന രാഷ്ട്രീയത്തെ വീണ്ടും കലുഷിതമാക്കിയിരിക്കുകയാണ്. ശിവഗിരിയിലെ പൊലീസ് നടപടി, മുത്തങ്ങ പൊലീസ് വെടിവെയ്പ്പ്, മാറാട് കലാപം എന്നിവയുമായി ബന്ധപ്പെട്ട് എ കെ ആന്റണി നടത്തിയ പ്രതികരണങ്ങളാണ് ഒരിക്കല്‍ കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച സംഭവങ്ങളെ വീണ്ടും ചര്‍ച്ചകളിലേക്ക് എത്തിച്ചത്.
ശിവഗിരി മഠത്തിലെ അധികാര തര്‍ക്കങ്ങളായിരുന്നു 1995 ഒക്ടോബര്‍ 11 ലെ പൊലീസ് നടപടിയില്‍ കലാശിച്ചത്. ശിവഗിരി മഠവുമായി ബന്ധപ്പെട്ട തെരഞ്ഞെടുപ്പായിരുന്നു തര്‍ക്കങ്ങളുടെ തുടക്കം. തെരഞ്ഞെടുപ്പില്‍ ജയിച്ച സന്യാസിമാര്‍ക്ക് അധികാരം കൈമാറാന്‍ മറുവിഭാഗം തയ്യാറായില്ല. പ്രകാശാനന്ദയ്ക്ക് അധികാരം കൈമാറാന്‍ വേണ്ട നടപടികള്‍ ഉറപ്പാക്കണം എന്ന കോടതി നിര്‍ദേശത്തിന് പിന്നാലെ ആയിരുന്നു ശിവഗിരിയില്‍ പൊലീസ് നടപടി ഉണ്ടായത്.
ഒക്ടോബര്‍ 11 ന് രാവിലെ, 500 പേരടങ്ങുന്ന പൊലീസ് സംഘം മഠം വളപ്പില്‍ പ്രവേശിച്ചതോടെ പ്രദേശം സംഘര്‍ഷ ഭൂമിയാവുകയായിരുന്നു. പ്രകാശാനന്ദയുടെ എതിര്‍ വിഭാഗമായ, സ്വാമി ശാശ്വതീകാനന്ദയെ അനൂകൂലിച്ച 2,000-ത്തിലധികം വരുന്ന അനുയായികള്‍ പൊലീസിനെ പ്രതിരോധിച്ചതോടെ സംഘര്‍ഷം രൂക്ഷമാവുകയായിരുന്നു. കേരള രാഷ്ട്രീയത്തിലും യുഡിഎഫ് മുന്നണിയിലും പിന്നീട് ദൂര വ്യാപക പ്രത്യാഘാതങ്ങളായിരുന്നു പൊലീസ് നടപടി സൃഷ്ടിച്ചത്.
2003 ഫെബ്രുവരി 19, കേരളത്തിന്റെ ചരിത്രത്തിലെ കറുത്ത ദിനം. മുത്തങ്ങയില്‍ ഭൂമിക്ക് വേണ്ടി സമരം ചെയ്ത ആദിവാസികള്‍ക്ക് നേരെ ഉണ്ടായ പൊലീസ് നടപടി സംഘര്‍ഷത്തിലും വെടിവെപ്പിലും കലാശിച്ചു. സംഘര്‍ഷത്തിനിടെ പൊലീസ് 18 റൗണ്ട് വെടിയുതിര്‍ത്തു. ആദിവാസി യുവാവ് ജോഗി പൊലീസ് വെടിവെപ്പില്‍ മരിച്ചു. പൊലീസ് ഉദ്യോഗസ്ഥന്‍ വിനോദും സംഘര്‍ഷങ്ങള്‍ക്കിടെ കൊല്ലപ്പെട്ടു. 5 പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക കണക്കുകള്‍.
ഭൂരഹിതരായ ആദിവാസികള്‍ക്ക് സ്വന്തമായി ഭൂമി വേണമെന്ന ആവശ്യമായിരുന്നു സമരക്കാർ ഉയർത്തിയത്. സി കെ ജാനുവിന്റെ നേതൃത്വത്തില്‍ 2001 ല്‍ സെക്രട്രേറിയറ്റിന് മുന്നില്‍ നടത്തയ സമരത്തിന് ശേഷം സര്‍ക്കാര്‍ സമരക്കാരുമായി ചില കരാറുകള്‍ ഉണ്ടാക്കി. എന്നാല്‍ ഈ കരാര്‍ ലംഘിക്കപ്പെട്ടു. ഇതില്‍ പ്രതിഷേധിച്ചുകൊണ്ട്് 2003-ല്‍ സി കെ ജാനുവിന്റെ നേതൃത്വത്തില്‍ തന്നെ ആദിവാസികള്‍ മുത്തങ്ങയില്‍ വന ഭൂമിയില്‍ കുടില്‍കെട്ടി സമരം ആരംഭിച്ചത്. ജനുവരി അഞ്ചിന് ഭൂമി കയ്യേറി ഭൂസമരം ആരംഭിച്ച ആദിവാസികള്‍ക്കെതിരെ 48 ദിവസങ്ങള്‍ക്ക് ശേഷമാണ് പൊലീസ് നടപടി ഉണ്ടായത്.
2001- 2003 വര്‍ഷങ്ങള്‍ക്കിടയില്‍ കോഴിക്കോട് മാറാട് തീരദേശ മേഖലയില്‍ നിലനിന്ന അക്രമസംഭവങ്ങളെയാണ് മറാട് കലാപങ്ങള്‍ എന്ന വിശേഷിപ്പിക്കുന്നത്. 2002 ജനുവരിയിലാണ് പ്രശ്‌നങ്ങള്‍ അക്രമങ്ങളിലേക്ക് എത്തിച്ച ആദ്യ കൊലപാതകം നടക്കുന്നത്. മാറാട് ജുമാ മസ്ജിദിനു സമീപത്തെ റോഡില്‍ വെച്ച് കുഞ്ഞിക്കോയ എന്നയാളെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്നുണ്ടായ അക്രമങ്ങളില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. പൊതു ടാപ്പില്‍ നിന്ന് വെള്ളം എടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമങ്ങളില്‍ കലാശിച്ചത്. ഇതിന്റെ തുടര്‍ച്ചയായിരുന്നു 2003ല്‍ ഉണ്ടായത്. മെയ് രണ്ടിന് ഉണ്ടായ സംഘര്‍ഷങ്ങളില്‍ ഒമ്പതു പേര്‍ കൊല്ലപ്പെട്ടു.
2003ലെ കലാപവുമായി ബന്ധപ്പെട്ട് 2008 ല്‍ ഉണ്ടായ മാറാട് കേസുകളിലെ ആദ്യത്തെ കോടതിവിധിയില്‍ 63 പ്രതികളെ കോടതി കുറ്റക്കാരെന്ന് കണ്ടെത്തി. തെളിവുകളുടെ അഭാവത്തില്‍ 76 പേരെ വിട്ടയയ്ക്കുകയും ചെയ്തു. 2002ലെ അക്രമസംഭവങ്ങളില്‍2009 ജനുവരി 15ന് പുറപ്പെടുവിച്ച വിധിയില്‍ ഇതില്‍ 63 പ്രതികളില്‍ 61 പേരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി.
മാറാട് കലാപം അന്വേഷിച്ച തോമസ് പി ജോസഫിന്റെ നേതൃത്വത്തിലുള്ള ജുഡീഷ്യല്‍ കമ്മീഷന്റെ കണ്ടെത്തലുകളും വലിയ ചര്‍ച്ചകള്‍ക്ക് വഴി തുറന്നിരുന്നു. 2006ല്‍ സമര്‍പ്പിച്ച തോമസ് പി ജോസഫിന്റെ റിപ്പോര്‍ട്ടില്‍ മാറാട് സംഭവത്തില്‍ സിബിഐ, കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ, ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് എന്നിവയുടെ അന്വേഷണം വേണമെന്ന് നിര്‍ദേശിച്ചിരുന്നു. അക്രമങ്ങള്‍ തടയുന്നതില്‍ പൊലീസിന് സാധിച്ചില്ല. പ്രദേശത്ത് മതിയായ സന്നാഹങ്ങള്‍ സജ്ജമായിരുന്നില്ലെന്ന കുറ്റപ്പെടുത്തലും തോമസ് പി ജോസഫിന്റെ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. പൊലീസിന്റെ സാന്നിധ്യത്തില്‍ തന്നെ പല അക്രമ സംഭവങ്ങളും അരങ്ങേറിയെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിരുന്നു.
2003ലെ കലാപത്തിനു പിന്നില്‍ എന്‍ഡിഎഫ് അടക്കമുള്ള കക്ഷികളുടെ ഇടപെടലുണ്ടായെന്നും ഇതിനു പിന്നില്‍ വലിയ ഗൂഢാലോചനയും സാമ്പത്തിക ഇടപാടുകളും നടന്നിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ആരോപിച്ചിരുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രാദേശിത തലത്തില്‍ തങ്ങളുടെ നേട്ടങ്ങള്‍ക്കായി വിഷയം ഉപയോഗപ്പെടുത്തിയെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിരുന്നു. കേസുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ വൈകിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ തലത്തില്‍ വീഴ്ചയുണ്ടായിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
